അബ്ദുല്ലാഹി ബ്നു ഉമർ (റ) 13

ആ കാൽപാടുകൾ പിന്തുടർന്നു

അലി (റ) പുറത്തേക്കു നോക്കി വഴിയിലേക്ക് ആരോ ഓടിവരുന്നു സൂക്ഷിച്ചുനോക്കി അമ്മാറുബ്നു യാസിർ (റ)  പ്രമുഖ സ്വഹാബിവര്യൻ 

വളരെ വെപ്രാളത്തിലാണ് വരവ് ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം 

അലി (റ) ഒരു തോൽപാത്രവുമായി ഓടി വെള്ളം നിറച്ചു അതുമായി നടന്നു പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത് ഞെങ്ങിഞെരുങ്ങി നീങ്ങി വീട്ടിനകത്ത് കടന്നു വെള്ളം നൽകി 

സ്വന്തം മക്കളെ വിളിച്ചു ഹസൻ (റ), ഹുസൈൻ (റ) എന്നിവർ വന്നു 'നിങ്ങളിവിടെ നിൽക്കണം ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത് ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി അബ്ദുല്ലാഹിബ്നു ഉമർ (റ) വന്നും പോയുമിരിക്കുന്നു അലി (റ) ഇബ്നു ഉമർ (റ) തുടങ്ങിയവർ വിപ്ലവകാരികളെ തിരിച്ചയക്കാൻ വളരെയേറെ ശ്രമിച്ചു അവർക്ക് ഖലീഫയുടെ ജീവൻ വേണം മറ്റൊന്നും കേൾക്കേണ്ട അക്രമികളോട് പൊരുതാൻ ഖലീഫ ആരെയും അനുവദിച്ചില്ല 

ഒരു രാത്രി  ഖലീഫ അൽപം ഉറങ്ങി അപ്പോൾ സ്വപ്നം കണ്ടു നബി (സ) തങ്ങൾ വിളിക്കുന്നു 
ഇങ്ങോട്ട് വരൂ..... ഇവിടെ വന്ന് നോമ്പ് തുറക്കാം

ഹിജ്റഃ 35 ദുൽഹജ്ജ്: 18, വെള്ളിയാഴ്ച 

ഖലീഫ സുബ്ഹി നിസ്കരിച്ചു ദുആ ഇരന്നു വിശുദ്ധ ഖുർആൻ കയ്യിലെടുത്തു ഓതാൻ ഓതാൻ തുടങ്ങി കട്ടിലിന്നടുത്ത് കാവൽ നിന്നവർ വീടിന്റെ മുൻവശത്ത് നിന്നു വാതിൽ തള്ളിത്തുറന്നു ശത്രുക്കൾ അകത്തു കടക്കുമെന്ന് തോന്നി ഇതിന്നിടയിൽ വീടിന്റെ പിൻഭാഗം പൊളിച്ചു ശത്രുക്കൾ അകത്തെത്തി

ഖലീഫയെ തലങ്ങും വിലങ്ങും വെട്ടി മുസ്ഹഫിൽ രക്തം വീണു ഖലീഫ ശഹീദായി വിപ്ലവകാരികൾ വീട്ടിലേക്ക് ഇടിച്ചുകയറി അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ചു സത്രീകളെ ഉപദ്രവിച്ചു 

അഞ്ചു ദിവസങ്ങൾ അരക്ഷിതാവസ്ഥയുടെ നാളുകൾ ഖലീഫയില്ലാത്ത തലസ്ഥാനം ബൈത്തുൽ കൊള്ളയടിക്കപ്പെട്ടു

അബ്ദുല്ലാഹിബ്നു ഉമർ (റ) ഭയന്നുപോയി അൻസാറുകളും മുഹാജിറുകളും ഭയന്നു വിറച്ചു 

ഖലീഫയെ ഉടനെ തിരഞ്ഞെടുക്കണം അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും

ഒരുകൂട്ടമാളുകൾ അലി (റ) വിന്റെ സമീപത്തേക്കോടിയെത്തി അവർ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു

ഓ.... അലീ ..... താങ്കളാണ് ഞങ്ങളുടെ നേതാവ് താങ്കളെപ്പോലെ മറ്റൊരാളില്ല താങ്കൾ ഖിലാഫത്ത് ഏറ്റെടുക്കണം 

അലി (റ) പറഞ്ഞു: എന്നെക്കൊണ്ട് പറ്റില്ല മറ്റാരെയെങ്കിലും സമീപിക്കൂ.... എന്നെ ഒഴിവാക്കിത്തരൂ......

അലി (റ) വിനെ ഒഴിവാക്കാനാവില്ല പകരക്കാരനില്ല ആളുകൾ ധൃതികൂട്ടി  നിർബന്ധിതാവസ്ഥയിൽ അലി (റ) ഖലീഫയായി ആളുകൾ ബൈഅത്ത് ചെയ്യാൻ തുടങ്ങി 

അബ്ദുല്ലാഹിബ്നു ഉമർ (റ) കരൾ തകരുന്ന വേദനയോടെ സ്ഥിതിഗതികൾ നോക്കിക്കാണുകയാണ് എന്തൊരവസ്ഥയാണിത് പുണ്യമദീന വിപ്ലവകാരികൾ ചവിട്ടിമെതിക്കുന്നു ക്രമസമാധാനം തകർന്നു ഇത് നേരെയാക്കാൻ കഴിയുമോ? 

ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടുക, ശിക്ഷിക്കുക ഒരു വിഭാഗം മുറവിളി കൂട്ടുന്നു

വിപ്ലവകാരികൾ വിദൂരദിക്കുകളിൽ നിന്ന് വന്നവരാണ് അവർ സ്ഥലം വിട്ടുകഴിഞ്ഞു അവരെ പിടികൂടാൻ സാവകാശം തരൂ കുറ്റവാളികളെ വെറുതെ വിടില്ല ശിക്ഷിക്കും ക്രമസമാധാനം ശക്തമായാലേ അവരെ പിടികൂടാനാവുകയുള്ളൂ ഖലീഫ പ്രഖ്യാപിച്ചു 

തെറ്റിദ്ധാരണയുടെ പുക പടരുകയാണ് പ്രമുഖരായ പലരും അലി (റ) വിനെ തെറ്റിദ്ധരിച്ചു ഘാതകന്മാരെ പിടികൂടാൻ അലി (റ) വിന് താൽപര്യക്കുറവുണ്ടോ?

മുനാഫിഖുകൾ പലരെയും വഴിതെറ്റിച്ചു തെറ്റിധാരണ പരത്തി അലി (റ) വിന്റെ മഹത്വം നല്ലതുപോലെ മനസ്സിലാക്കിയ മഹാനാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) ശത്രുക്കൾ അലി (റ) വിനെ വിമർശിക്കുന്നത് കേൾക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നിട്ടും കേൾക്കേണ്ടിവരുന്നു

പലപ്പോഴും അദ്ദേഹത്തിന് ആയുധമെടുക്കേണ്ടിവന്നു ഒരു മുസ്ലിംമിന്നെതിരെയും ആയുധമെടുക്കാൻ അബ്ദുല്ലാഹിബ്നു ഉമറിന് കഴിയുമായിരുന്നില്ല 

മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടുന്നു രക്തമൊഴുക്കുന്നു ആരുടെ രക്തം? മുസ്ലിംമിന്റെ രക്തം 

അബ്ദുല്ലാഹിബ്നു ഉമർ (റ) അസ്വസ്ഥനായി ജനങ്ങളെ ഉപദേശിക്കാൻ ശ്രമിച്ചു വാളെടുത്തില്ല സംഘർഷങ്ങളിൽ നിന്നെല്ലാം മാറിനിന്നു 

സിഫിൻ യുദ്ധം തുടർന്നുള്ള സംഭവങ്ങൾ അബ്ദുല്ലാഹിബ്നു ഉമർ  (റ) വിനെ അതീവ ദുഃഖിതനാക്കി ഉപ്പയുടെ കാലഘട്ടത്തെക്കുറിച്ചോർത്തു കൈവിട്ടുപോയ നല്ല കാലത്തെക്കുറിച്ചോർത്ത് നെടുവീർപ്പിട്ടു അലി (റ) വധിക്കപ്പെട്ടു ആ വാർത്തയും കേട്ടു സഹിക്കേണ്ടിവന്നു ഖൈബർ പോർക്കളവും മറ്റും ഓർത്തുപോയി 

ഇമാം ഹുസൈൻ (റ) കൂഫയിലേക്കു പുറപ്പെട്ടു എന്ന  വാർത്ത കേട്ടു ഞെട്ടി അപകടകരമായ യാത്ര അബ്ദുല്ലാഹിബ്നു ഉമർ (റ) വാർത്ത കേട്ട് അസ്വസ്ഥനായിക്കൊണ്ട് പുറപ്പെട്ടു 

ഹുസൈൻ (റ) വിനെ പിന്തിരിപ്പിക്കണം വളരെ വേഗം യാത്ര ചെയ്തു മൂന്നു ദിവസം യാത്ര ചെയ്തു അതിന് ശേഷമാണ് ഇമാം ഹുസൈൻ (റ) വിനെ കണ്ടുമുട്ടിയത് 

അബ്ദുല്ലാഹിബ്നു ഉമർ (റ) കരഞ്ഞു പറഞ്ഞു: അങ്ങ് പോവരുത് കൂഫയിലേക്ക് പോവരുത് അപകടം നിറഞ്ഞ പോക്കാണിത് മടങ്ങൂ....

ഇമാം ഹുസൈൻ (റ) പറഞ്ഞു: കൂഫക്കാർ നിരവധി കത്തുകളയച്ചു  എന്നെ ക്ഷണിച്ചു അങ്ങനെയാണ് ഞാൻ പുറപ്പെട്ടത് ഇനി മടങ്ങാൻ പറ്റില്ല 

തന്റെ ശ്രമം പരാജയപ്പെട്ടു ഇമാം ഹുസൈൻ (റ) വിനെ കെട്ടിപ്പിടിച്ചു അടക്കാനാവാത്ത ദുഃഖം ഒരുവിധത്തിൽ സലാം ചൊല്ലിപ്പിരിഞ്ഞു

നാളുകൾക്കു ശേഷം ആ ദുഃഖവാർത്തയും കേട്ടു കർബലയിലെ കൂട്ടമരണം 
ഊണും ഉറക്കവും മറന്ന നാളുകൾ അഹ്ലുബൈത്തിന്റെ അവസ്ഥ

അബ്ദുല്ലാഹിബ്നു ഉമർ (റ) കൂടെയുള്ളവരോടിങ്ങനെ പറഞ്ഞു: ഇമാം ഹുസൈൻ (റ) നമ്മെയെല്ലാം തോൽപിച്ചുകളഞ്ഞു അദ്ദേഹം തന്റെ പിതാവിനെയും സഹോദരനെയും മാതൃകയാക്കി 

തനിക്കിതുവരെ ശഹീദാവാൻ കഴിഞ്ഞില്ലല്ലോ ആ ദുഃഖമാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മനസ്സിലുള്ളത് 

തന്റെ പിതാവ് ഉമർ (റ) ശഹീദായി
ഉസ്മാൻ (റ) ശഹീദായി
അലി (റ) ശഹീദായി
ഇമാം ഹസൻ (റ) ശഹീദായി
ഇമാം ഹുസൈൻ (റ) ശഹീദായി
താനിതാ ഇവിടെ ബാക്കികിടക്കുന്നു ഇനിയെന്തെല്ലാം കാണേണ്ടിവരും 

നബി (സ) തങ്ങളെ പിൻപറ്റുക ഓരോ നിമിഷവും അതിന്നായി വിനിയോഗിക്കുക  നബി (സ) തങ്ങൾ നിസ്കരിച്ച സ്ഥലങ്ങൾ കണ്ടെത്തുക എന്നിട്ടവിടെപ്പോയി നിസ്കരിക്കുക 

ഈ നടപടി വളരെ പ്രസിദ്ധമാണ്

ഒരു സ്ഥലത്ത് നബി (സ) നിന്നുകൊണ്ട് പ്രാർത്ഥിച്ചു എങ്കിൽ ഇബ്നു ഉമർ (റ) അവിടെപ്പോകും നിന്ന് പ്രാർത്ഥിക്കും ഏതു സമയത്ത് അവിടെ പോയാലും നിന്ന് പ്രാർത്ഥിക്കും 

ഒരിടത്ത് നബി (സ) ഇരുന്നു പ്രാർത്ഥിച്ചു എങ്കിൽ അവിടെപ്പോയി ഇരുന്ന് പ്രാർത്ഥിക്കും 

നബി (സ) യാത്രയിലാണ് ഇടക്ക് ഒരിടത്തിറങ്ങി രണ്ടു റക്അത്ത് നിസ്കരിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) അതുവഴി പോകുമ്പോഴെല്ലാം അവിടെ ഇറങ്ങി നിസ്കരിക്കും

ഒരിക്കൽ നബി (സ) തങ്ങൾ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നു ഒരു സ്ഥലത്തെത്തി ഇറങ്ങണം  ഒട്ടകം മുട്ടുകുത്തണം പറ്റിയ സ്ഥലം നോക്കി ഒട്ടകം രണ്ടു തവണ കറങ്ങി പിന്നെ മുട്ടുകുത്തി നബി (സ) ഇറങ്ങി രണ്ടു റക്അത്ത് നിസ്കരിച്ചു 

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ സ്ഥലത്തെത്തുമ്പോൾ ഒട്ടകത്തെ രണ്ടു തവണ വട്ടത്തിൽ നടത്തിക്കും എന്നിട്ട് മുട്ടുകുത്തും താഴെ ഇറങ്ങും രണ്ടു റക്അത്ത് നിസ്കരിക്കും

ഒരിക്കൽ ഒരു കൂട്ടമാളുകൾ യാത്ര ചെയ്യുകയാണ് ഒരു സ്ഥലത്തെത്തിയപ്പോൾ അബ്ദുല്ലാഹിബ്നു ഉമർ (റ) വഴിമാറി സഞ്ചരിച്ചു കുറച്ചു ദൂരം പോയി തിരിച്ചു വന്നു കൂടെയുള്ളവർ അതിന്റെ കാരണം തിരക്കി

ഇബ്നു ഉമർ (റ) മറുപടി നൽകിയതിങ്ങനെ: നബി (സ) അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് നബി (സ) തങ്ങളെ പിൻപറ്റുന്നതിൽ ഇത്രത്തോളം സൂക്ഷ്മത പുലർത്തിയിരുന്നു

ഒരിക്കൽ അബ്ദുല്ലാഹിബ് ഉമർ (റ) മക്കയിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം ഒട്ടകത്തോട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു 

കാലടി കാലടിയിൽ പതിയട്ടെ
എന്താണ് അപ്പറഞ്ഞതിന്റെ അർത്ഥം?

നബി (സ) തങ്ങളുടെ ഒട്ടകത്തിന്റെ കാലടി എവിടെയെല്ലാം പതിഞ്ഞോ അവിടെയെല്ലാം തന്റെ ഒട്ടകത്തിന്റെ കാലടിയും പതിയണം

 നബി (സ) തങ്ങളുടെ ചര്യ പിൻപറ്റുന്നതിൽ അത്രത്തോളം സൂക്ഷ്മത പാലിച്ചു 

ഖുബായിലെ അംറുബ്നു ഔഫിന്റെ പള്ളി അവിടെ നിസ്കരിക്കാൻ വന്നതാണ് അബ്ദുല്ലാഹിബ്നു ഖൈസ് (റ) നിസ്കാരം കഴിഞ്ഞു അദ്ദേഹം പള്ളിയിൽ നിന്നിറങ്ങി കഴുതപ്പുറത്ത് കയറി കുറച്ചു ദൂരം യാത്ര ചെയ്തു അപ്പോൾ ഒരാൾ നടന്നു വരുന്നു  അബ്ദുല്ലാഹിബ്നു ഉമർ (റ)

വളരെ ബഹുമാനപൂർവം കഴുതപ്പുറത്ത് നിന്നിറങ്ങി എന്നിട്ട് ഇങ്ങനെ അപേക്ഷിച്ചു 

നടന്നുപോവുന്നത് ബുദ്ധിമുട്ടാവും ഈ കഴുതപ്പുറത്ത് കയറി പള്ളിയിലേക്കു പോകാം അബ്ദുല്ലാഹിബ്നു ഉമർ (റ) ഇങ്ങനെ മറുപടി നൽകി

കഴുതയെ കിട്ടാത്തതുകൊണ്ടല്ല ഞാൻ നടക്കുന്നത് നബി (സ) തങ്ങൾ ഈ പള്ളിയിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് ഞാനും നടന്നു പോവുന്നു 

പ്രവാചക ചര്യ പിൻപറ്റാനുള്ള ആഗ്രഹം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു 

മുഅ്മിനീങ്ങളുടെ ഉമ്മ ആഇശ (റ) പറഞ്ഞു:  നബി (സ) തങ്ങളുടെ കാൽപാടുകൾ അബ്ദുല്ലാഹിബ്നു ഉമറിനെപ്പോലെ ഒരാളും പിന്തുടർന്നിട്ടില്ല സഫാ മർവാക്കിടയിലൂടെ അബ്ദുല്ലാഹിബ്നു ഉമർ (റ) നടന്നു അത് കണ്ട് ഒരാൾ ചോദിച്ചു:

സഫാ മർവക്കിടയിൽ ഓടുകയല്ലേ വേണ്ടത്? നിങ്ങളെന്താ നടക്കുന്നത്? 

അദ്ദേഹം ഇങ്ങനെ മറുപടി നൽകി:

'ഞാൻ വൃദ്ധനാണ് സഫാ മർവാക്കിടയിൽ ഞാൻ ഓടുന്നു വെങ്കിൽ അത് നബി (സ) തങ്ങൾ ഓടുന്നത് കണ്ടതിനാലാണ് ഞാൻ നടക്കുന്നുവെങ്കിൽ അതും നബി (സ) നടക്കുന്നത് കണ്ടതിനാലാണ് 

പ്രായമായ ശേഷം നടന്ന സംഭവമാണിത് നബി (സ) സഫാ മർവാക്കിടയിൽ ഓടുന്നത് കണ്ടിട്ടുണ്ട് നടക്കുന്നതും കണ്ടിട്ടുണ്ട് പ്രായം കാരണമാണ് ഇബ്നു ഉമർ (റ) നടന്നത് 

ഹജറുൽ അസ് വദ് തൊട്ടുമുത്തുന്നതിനെക്കുറിച്ച് ഒരാൾ അഭിപ്രായം ചോദിച്ചു 

അബ്ദുല്ലാഹിബ്നു ഉമർ (റ) മറുപടി നൽകിയതിങ്ങനെയായിരുന്നു: നബി (സ) ഹജറുൽ അസ് വദ് തൊട്ടുമുത്തുന്നതും ചുംബിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് 

നബി (സ) യിൽ നിന്ന് എന്താണോ കേട്ടത് അത് പറയും എന്താണോ കണ്ടത് അത് പറയും അതിൽനിന്ന് വ്യതിചലിക്കില്ല...
📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖