ശീസ് (അ), ഇദ് രീസ് (അ) 13

വാനിലേക്കുയർന്നു ... 3

നാലു നബിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ട് പേർ ആകശത്തും രണ്ട് പേർ ഭൂമിയിലും. ആകാശത്തുള്ളവർ ഇദ് രീസ് (അ), ഈസാ (അ). ഭൂമിയിലുള്ളവർ ഇൽയാസ് (അ), ഖിളർ (അ)...

ഇദ് രീസ് (അ) ന്റെ ആകാശാരോഹണത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് കൂടി കാണുക. ഇദ് രീസ് (അ) മലക്കുകളെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. സൂര്യനെ നിയന്ത്രിക്കുന്ന മലക്കുമായി ഇദ് രീസ് (അ) നടത്തിയ സംഭാഷണം പ്രസിദ്ധമാണ്...

ഒരു ദിവസം ഇദ് രീസ് (അ) അകലെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര പോയി. കഠിന ചൂടുള്ള കാലം. അത്യുഷ്ണം അദ്ദേഹത്തേ ബാധിച്ചു. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലാഹുവേ.. ഒരു ദിവസം യാത്ര ചെയ്തപ്പോൾ എന്റെ അവസ്ഥയാണിത്. സൂര്യനെ വഹിക്കുന്ന മലക്കിന്റെ പ്രയാസം കുറച്ചു കൊടുക്കേണമേ...!" അല്ലാഹു ആ പ്രാർത്ഥന കേട്ടു . മലക്കിന്റെ പ്രയാസം കുറച്ചു കൊടുത്തു. അപ്പോൾ മലക്ക് ചോദിച്ചു : "അല്ലാഹുവേ! സൂര്യനെ വഹിക്കാൻ വേണ്ടിയാണല്ലോ നീ എന്നെ സൃഷ്ടിച്ചത്. സൂര്യന്റെ ഭാരം ലഘൂകരിക്കാൻ കാരണമെന്താണ്." അല്ലാഹു പറഞ്ഞു : "എന്റെ ഒരു അടിമ ആവശ്യപ്പെട്ടതനുസരിച്ചാണത്. ഇദ് രീസ് എന്നോടാവശ്യപ്പെട്ടു. ഞാനത് സ്വീകരിച്ചു." "അല്ലാഹുവേ! എന്നെയും ഇദ് രീസിനെയും നീ ഒരുമിച്ചുകൂട്ടേണമേ!" മലക്കു പ്രാർത്ഥിച്ചു. അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു. അവർക്കു പരസ്പരം കാണാനുള്ള അവസരമുണ്ടായി...

ഇദ് രീസ് (അ) മലക്കിനോട് പറഞ്ഞു : "സമുന്നതനായ മലക്കേ! താങ്കൾക്ക് അസ്റാഈൽ എന്ന മലക്കുമായി നല്ല ബന്ധമാണുള്ളതെന്ന് ഞാനറിഞ്ഞിട്ടുണ്ട്." ഈ മലക്കിന്റെ ചിറകിലേറി ഇദ് രീസ് (അ) ആകാശ ലോകത്തെത്തി എന്നാണ് റിപ്പോർട്ട്. മലക്ക് ഇദ് രീസ് (അ)നെയും വഹിച്ചുകൊണ്ട് നാലാം ആകാശത്ത അവിടെ വെച്ചു മലക്കുൽ മൗത്ത് അസ്റാഈലിനെ കണ്ട് മുട്ടി. സലാം ചൊല്ലി. മലക്കുശ്ശംസ്സ് (സൂര്യന്റെ ചുമതലയുള്ള മലക്ക്) പറഞ്ഞു : "ഓ... ഇദ് രീസ്, ഇതാണു മലക്കുൽ മൗത്ത്. അദ്ദേഹത്തിന്ന് സലാം ചൊല്ലൂ!'' ഇദ് രീസ് (അ) സലാം ചൊല്ലി. അപ്പോൾ മലക്കുൽ മൗത്ത് അതിശയത്തോടെ പറഞ്ഞു : "എന്തൊരതിശയമാണിത്! നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹിനെ പിടിക്കണമെന്ന് അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു." മലക്കുശ്ശംസ് ഇദ് രീസ് (അ) നെയും കൊണ്ട് നാലാം ആകാശത്തെത്തുമ്പോൾ മലക്കുൽ മൗത്ത് അവിടെയെല്ലാം പരതി നടക്കുകയായിരുന്നു. വലതുഭാഗവും ഇടതുഭാഗവുമെല്ലാം പരിശോധിക്കുന്നു. നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹിനെ പിടിക്കുക എന്ന കല്പന കിട്ടിയതനുസരിച്ചാണ് അസ്റാഈൽ (അ) അന്വേഷണം നടത്തുന്നത്‌. സമയമായപ്പോൾ ആളെത്തി. നാലാം ആകാശത്തുവെച്ച് ഇദ് രീസ് (അ)ന്റെ റൂഹിനെ പിടിച്ചു. റൂഹിനെ സ്വർഗത്തിലേക്ക് കൊണ്ട് പോയി. ഭൗതിക ശരീരം മലക്കുകൾ നാലാം ആകാശത്ത് ഖബറടക്കി...

ഓരോ ദിവസവും ഇദ് രീസ് (അ) ന്റെ ഇബാദത്തുകൾ ആകാശത്തിലേക്ക് ഉയർത്തപ്പെടുമായിരുന്നു. ഓരോ ദിവസത്തെയും ഇബാദത്തുകളുടെ ആധിക്യം കണ്ട് മലക്കുകൾ അതിശയിച്ചു പോയിട്ടുണ്ട്. ഇദ് രീസ് (അ) സ്വർഗത്തിലെത്തി. ചിലപ്പോൾ അദ്ദേഹം സ്വർഗത്തിലെ സൗകര്യങ്ങൾ ആസ്വദിക്കും. അത് കഴിഞ്ഞ് മലക്കുകളോടൊപ്പം നിസ്കരിക്കും. മലക്കുകൾക്കൊപ്പം കഴിയുകയും മനുഷ്യ സ്വഭാവം നീക്കപ്പെടുകയും ചെയ്ത ആദ്യത്തെ ആളാണ് ഇദ് രീസ് (അ). ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഇദ് രീസ് (അ)ന്ന് 382 വയസ്സ് പ്രായമായിരുന്നു. 350 എന്ന് മറ്റൊരഭിപ്രായം. ഇദ് രീസ് (അ) ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ പിതാവ് ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിന്നു ശേഷം പിതാവ് അഞ്ഞൂറ് കൊല്ലം ജീവിച്ചു...

മലക്കുകളുടെ കൂട്ടത്തിൽ ഇദ് രീസ് (അ) ന്ന് കൂട്ടുകാരുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ ഒരു ദിവസം കാണാൻ വന്നു. ആ കൂട്ടുകാരന്റെ ചിറകിൽ കയറി ആകാശലോകത്തേക്ക് യാത്രയായി. അങ്ങനെ നാലാം ആകാശത്തെത്തി. അവിടെ വെച്ചു മലക്കുൽ മൗത്ത് അസ്റാഈൽ (അ) നെ കണ്ടുമുട്ടി. "ഇദ് രീസ് (അ) ന്റെ ആയുസ്സ് നീട്ടിക്കൊടുക്കണം. അദ്ദേഹത്തിന്ന് അമലുകൾ വർദ്ധിപ്പിക്കണമെന്ന് വളരെ ആഗ്രഹമുണ്ട്!" കൂട്ടുകാരനായ മലക്ക് പറഞ്ഞു. അസ്റാഈൽ (അ) ചോദിച്ചു : "എവിടെ ഇദ് രീസ്?" "ഇതാ... എന്റെ മുതുകിലുണ്ട്." "അത്ഭുതം തന്നെ! അല്ലാഹു എന്നോട് കല്പിച്ചു. നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹ് പിടിക്കുക. ഭൂമിയിലുള്ള ഇദ് രീസിന്റെ റൂഹ് നാലാം ആകാശത്ത് വെച്ച് എങ്ങനെ പിടിക്കും. ഇതായിരുന്നു എന്റെ ചിന്ത!" സൗകര്യമായി. നാലാം ആകാശത്തുവെച്ച് ഇദ് രീസ് (അ) ന്റെ റൂഹ് പിടിക്കപ്പെട്ടു. ആയുസ്സ് നീട്ടിക്കിട്ടണമെന്ന് ഇദ് രീസ് (അ) ആഗ്രഹിച്ചത് ഇബാദത്തുകൾ വർദ്ധിപ്പിക്കാനായിരുന്നു. അദ്ദേഹത്തിന്റെ ഇബാദത്തിന്റെ കണക്കുകൾ ആകാശത്ത് എത്തുമ്പോൾ മലക്കുകൾ പോലും അതിശയിച്ചുപോയിരുന്നു...