അബ്ദുല്ലാഹി ബ്നു ഉമർ (റ) 12

പ്രതിസന്ധികളുടെ കാലം


_ഉമർ (റ) വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ് ഒരു സുവർ കാലഘട്ടം അസ്തമിക്കുകയാണ്_

ഹിജ്റഃ ഇരുപത്തി മൂന്നാം വർഷം ദുൽഹജ്ജ് 26
അന്ന് സ്വുബ്ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദുന്നബവിയിലെത്തി പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു ഖലീഫയാണ് ഇമാം 
തക്ബീർ ചൊല്ലി നിസ്കാരം ആരംഭിച്ചു

ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി ഖലീഫയെ മൂന്നു തവണ കുത്തി പൊക്കിളിനു താഴെയാണ്  മൂന്നാമത്തെ കുത്ത് ഏറ്റത് 

ഉമർ (റ) തളർന്നു വീണു അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു അവൻ കത്തി ആഞ്ഞുവീശുന്നു അടുക്കാനാവുന്നില്ല ജീവൻ പണയംവെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു പന്ത്രണ്ട് പേർക്ക് കുത്തേറ്റു ചിലർക്ക് മാരകമായി പരിക്കേറ്റു വിഷം പുരട്ടിയ ആയുധമാണ് ആറാളുകൾ രക്തസാക്ഷികളായി ഘാതകൻ സ്വയം കുത്തി ആത്മഹത്യ ചെയ്തു 

ബോധം തെളിഞ്ഞപ്പോൾ ഉമർ (റ) ചോദിച്ചു: നിസ്കാരം പൂർത്തിയാക്കിയോ?

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞു: നിസ്കാരം പൂർത്തിയാക്കിയിട്ടുണ്ട് 

ഖലീഫ പറഞ്ഞു: നിസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല

ഉമർ (റ) വുളൂ എടുത്തു നിസ്കരിച്ചു 

അബ്ദുല്ലാഹിബ്നു ഉമർ (റ) ഉപ്പയെ പരിചരിക്കുന്നതിൽ വ്യാപൃതനായി അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ് ഉമർ (റ) വൈദ്യന്മാരെത്തി മുറിവുകൾ കെട്ടി  രക്ഷപ്പെടുകയില്ല മുറിവുകൾ മാരകമാണ് 

ഖലീഫ ചിന്തയിലാണ്ടു തന്റെ പിൻഗാമി ആര്? നബി (സ) തങ്ങൾ പിൻഗാമിയെ നിയോഗിക്കാതെ വഫാത്തായി ആ മാതൃക സ്വീകരിക്കണോ? ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) പിൻഗാമിയെ നിയോഗിച്ചാണ് വഫാത്തായത് താൻ എന്ത് ചെയ്യണം ബുദ്ധി നന്നായി പ്രവർത്തിച്ചു ഒരു തീരുമാനത്തിലെത്തി ആറ് പ്രമുഖന്മാരെ നിയോഗിക്കാം അവരിൽ നിന്നൊരാളെ അവർ തന്നെ ഖലീഫയായി നിയോഗിക്കട്ടെ

1. ഉസ്മാൻ (റ)
2. അലി (റ)
3. അബ്ദുർറഹ്മാനുബ്നു ഔഫ് (റ)
4. സഅദുബ്നു അബീവഖാസ് (റ)
5. സുബൈറുബ്നുൽ അവ്വാം (റ)
6. ത്വൽഹത്തുബ്നു സുബൈർ (റ)

ത്വൽഹ (റ) യുദ്ധമുഖത്താണ് ബാക്കിയുള്ളവർ സ്ഥലത്തുണ്ട് അവരോട് ഉമർ (റ) പറഞ്ഞു നിങ്ങളാണ് നേതാക്കൾ ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠന്മാർ നിങ്ങൾ കൂടിയാലോചന നടത്തുക മൂന്നു ദിവസം ചർച്ച നടത്താം നിങ്ങളിൽ നിന്നൊരാൾ ഖലീഫയാകണം നാലാം ദിവസം ഖലീഫയെ പ്രഖ്യാപിക്കണം

സ്വന്തം പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ (റ) അവിടെയുണ്ട് എല്ലാ യോഗ്യതകളുമുണ്ട് എന്നിട്ടും കൂടിയാലോചനാസമിതിയിൽ  ചേർത്തില്ല മകന്റെ പാണ്ഡിത്യവും കഴിവുകളും പറ്റെ അവഗണിക്കാനും പറ്റി മകനെ അധികാരമില്ലാത്ത ഉപദേശകനായി വെച്ചു 

മകനേ ഉമർ (റ) പറഞ്ഞു: മോനേ.... ഉപ്പ മരിച്ചുപോകും ഉപ്പയെ ഖബറടക്കണം എവിടെ? എന്റെ മനസ്സിലൊരാഗ്രഹമുണ്ട് റൗളാശരീഫിൽ ഖബറടക്കപ്പെടണമെന്നാണ് ഉപ്പയുടെ ആഗ്രഹം ഉമ്മുൽ മുഅ്മിനീൻ  ആഇശ (റ)  സമ്മിതിച്ചാൽ മാത്രം മോൻ അവരുടെ അടുത്ത് പോയി ഉപ്പയുടെ ആഗ്രഹം അറിയിക്കൂ....സമ്മതം ചോദിക്കൂ....

അബ്ദുല്ലാഹിബ്നു ഉമർ (റ) നടന്നു ആഇശ ബീവി (റ) യുടെ വീട്ടിലെത്തി വിവരം പറഞ്ഞു

ഖലീഫക്ക് കുത്തേറ്റ വിവരമറിഞ്ഞ് ആഇശ (റ) ദുഃഖാകുലയായി ഇരിക്കുകയായിരുന്നു അവർ പറഞ്ഞു: ഞാൻ എനിക്കു വേണ്ടി കരുതിയ സ്ഥലമാണത് സാരമില്ല അമീറുൽ മുഅ്മിനീന്റെ ആഗ്രഹത്തിന് ഞാൻ  വിലകൽപിക്കുന്നു പൂർണ സമ്മതത്തോടെ ഞാൻ ആ സ്ഥലം വിട്ടുതരുന്നു 

അബ്ദുല്ലാഹിബ്നു ഉമർ (റ) മടങ്ങിയെത്തി ഉപ്പയോട് വിവരം പറഞ്ഞു ഉപ്പാക്ക് സമാധാനമായി

ഉസ്മാനുബ്നു അഫ്ഫാൻ (റ) വിന്റെ പ്രസ്താവന വളരെ പ്രസക്തമാണ് അദ്ദേഹം പറഞ്ഞു:

ഉമർ (റ) വിനെ അവസാനം കണ്ട വ്യക്തി ഞാനാണ് അബ്ദുല്ലാഹിബ്നു ഉമർ (റ)  വിന്റെ മടിയിലായിരുന്നു ഖലീഫയുടെ ശിരസ്സ് 

ഖലീഫ പറഞ്ഞു: എന്റെ ശിരസ് നിലത്തുവെക്കൂ... എന്റെ കവിൾ മണ്ണിൽ വെക്കൂ....

ഉപ്പാ... അങ്ങയുടെ ശിരസ് എന്റെ മടിയിൽ വെക്കുന്നതും നിലത്ത് വെക്കുന്നതും ഒരുപോലെയല്ലേ?

എന്റെ കവിൾ മണ്ണിൽ ചേർത്തു വെക്കൂ.... പറഞ്ഞത് അനുസരിക്കൂ...

മകൻ ഉപ്പ പറഞ്ഞതുപോലെ ചെയ്തു 

ഖലീഫ പറഞ്ഞു: അല്ലാഹു പൊറുത്തുതന്നില്ലെങ്കിൽ ഞാനും എന്റെ ഉമ്മയും നശിച്ചതുതന്നെ

അന്ത്യനിമിഷങ്ങളെത്തി ആത്മാവ് വേർപിരിഞ്ഞു ഉസ്മാൻ (റ) നൽകിയ വിവരണമാണിത് 

മരണാനന്തര കർമങ്ങൾക്ക് മകൻ നേതൃത്വം നൽകി അവസാന വസ്വിയ്യത്തുകൾ മകനോടാണ് പറഞ്ഞത് എല്ലാം കേട്ടതും മകൻ തന്നെ

കടം ഉണ്ട് എൺപതിനായിരം ദിർഹം അത് വീട്ടണം എന്റെ മയ്യിത്ത് റൗളാശരീഫിന്റെ  മുറ്റത്തെത്തിയാൽ ഒരിക്കൽകൂടി സമ്മതം ചോദിക്കണം

അബ്ദുല്ലാഹിബ്നു ഉമർ (റ) എല്ലാം സമ്മതിച്ചു ഖലീഫ ഉമർ (റ) തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങിപ്പോയി റൗളാശരീഫിൽ മൂന്നു ഖബ്റുകൾ 

നബി (സ) തങ്ങൾ വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ് അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായതും അറുപത്തിമൂന്നാം വയസ്സിൽ തന്നെ ഉമറുൽ ഫാറൂഖ് (റ) വഫാത്തായതും അറുപത്തി മുന്നിൽ തന്നെ

ഉപ്പയുടെ അന്ത്യരംഗങ്ങൾ അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോവുന്നതേയില്ല

ബോധം തെളിഞ്ഞ ഒരു ഘട്ടത്തിൽ ഉപ്പ ചോദിച്ചു എന്റെ ഘാതകൻ ആരാണ് 

അബൂ ലുഅ്ലുഅ് 

അതുകേട്ടപ്പോൾ മനസ്സിൽ ആശ്വാസം തോന്നി അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ്   അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഒരു മുസ്ലിം അല്ലല്ലോ തന്നെ വധിച്ചത് പേർഷ്യൻ വംശജനാണ് അബൂലുഅ്ലുഅ് പേർഷ്യ കീഴടക്കിയത് ഉമർ (റ) ആണല്ലോ? 

ആറാംഗ സമിതി പലതവണ യോഗം ചേർന്നു അബ്ദുല്ലാഹിബ്നു ഉമർ (റ)  യോഗങ്ങളിൽ പങ്കെടുക്കും വിലപ്പെട്ട ഉപദേശങ്ങൾ നൽകും 

ഒടുവിൽ ഉസ്മാൻ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ഉസ്മാൻ (റ) വിന്റെ കാലത്ത് ഇസ്ലാം വിദൂര ദിക്കുകളിലേക്ക് വ്യാപിച്ചു ലക്ഷക്കണക്കായ നല മുസ്ലിംകളുണ്ടായി അവർക്ക് വിശുദ്ധ ഖുർആന്റെ കോപ്പികൾ വേണം തെറ്റുപറ്റരുത് ഖുർആൻ പഠിപ്പിക്കാൻ അധ്യാപകരെയും അയക്കണം 

ഒന്നാം ഖലീഫയുടെ കാലത്ത് തയ്യാറാക്കിയ കോപ്പി അദ്ദേഹത്തിന്റെ മരണശേഷം ഉമർ (റ)വിന്റെ കൈവശമായിരുന്നു ഉമർ (റ) വഫാത്തായപ്പോൾ ആ കോപ്പി മകൾ ഹഫ്സയുടെ കൈവശമെത്തി 

ഉസ്മാൻ (റ) വിന്റെ കാലത്ത് ഈ കോപ്പി വാങ്ങി പരിശോധന നടത്തി  പുതിയ കോപ്പികൾ എഴുതിയുണ്ടാക്കി പ്രധാന കേന്ദ്രങ്ങളിലേക്കയച്ചു കൊടുത്തു 

ഉസ്മാൻ (റ) ഹിജ്റഃ 23- ൽ ഖലീഫയായി ഭരണം പന്ത്രണ്ട് വർഷം നീണ്ടു നിന്നു ഹിജ്റഃ 35-ൽ ശഹീദായി അന്ന് പ്രായം എൺപത്തി രണ്ട് വയസ്

പന്ത്രണ്ടു വർഷത്തെ ഭരണം ആദ്യപകുതി വൻ വിജയമായിരുന്നു കെട്ടുറപ്പുള്ള ഭരണം  രണ്ടാം പകുതിയിൽ പ്രശ്നങ്ങളുണ്ടായി അതു സങ്കീർണമായി 

അബ്ദുല്ലാഹിബ്നു ഉമർ (റ) ഖലീഫയെ നന്നായി സഹായിച്ചു പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം നിർദേശിക്കാനും സഹായിച്ചു മുനാഫിഖുകളാണ് പല പ്രശ്നങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ജൂതന്മാർ നന്നായി സഹായിച്ചു 

അബ്ദുല്ലാഹിബ്നു സബഅ് ഇസ്ലാം നശിപ്പിക്കാനിറങ്ങിയ ജൂതൻ  ഇസ്ലാം മതം സ്വീകരിച്ചു വലിയ സേവനങ്ങൾ തുടങ്ങി ചെറുപ്പക്കാരെ ആകർഷിച്ചു അവരെ ഖലീഫക്കെതിരെ ഉപയോഗിച്ചു അങ്ങനെ ഒരു പ്രസ്ഥാനം തന്നെ വളർന്നു വന്നു സബഇകൾ 

അബ്ദുല്ലാഹിബ്നു ഉമർ (റ) വല്ലാതെ അസ്വസ്ഥനായ കാലം ഖലീഫയോടൊപ്പം നിന്നു നിരവധിയാളുകൾ തെറ്റിദ്ധാരണയിലകപ്പെട്ടു 

ഹിജ്റഃ 35

വിദൂര ദിക്കുകളിൽ നിന്നൊക്കെ  സബഇകൾ മദീനയിലെത്തി ആയുധമണിഞ്ഞ അക്രമികൾ വീട് വളഞ്ഞു പള്ളിയിൽ പോവാൻ പറ്റുന്നില്ല വീട്ടിൽ തന്നെയായി നിസ്കാരം പിന്നെ വെള്ളം നിരോധിച്ചു വീട്ടിൽ വെള്ളമില്ല ഖലീഫയും കുടുംബവും ദാഹിച്ചു വലഞ്ഞു ഈ സന്ദർഭത്തിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) സഹിച്ച വേദനക്ക് കണക്കില്ല 

ഉസ്മാൻ ഖിലാഫത്ത് ഒഴിയുക
അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക ഇതാണ് അക്രമികളുടെ മുദ്രാവാക്യം 

അബ്ദുല്ലാഹിബ്നു ഉമർ (റ) വും ഖലീഫയും തമ്മിൽ നടന്ന സംഭാഷണം ഏറെ പ്രസിദ്ധമാണ്

ഉസ്മാൻ (റ) പറഞ്ഞു: ഞാൻ ഖിലാഫത്ത് ഒഴിയണമെന്ന് അക്രമികൾ പറയുന്നു അല്ലെങ്കിൽ കൊല്ലും താങ്കൾ കേട്ടില്ലേ?

ഇബ്നു ഉമർ (റ) ചോദിച്ചു: കൊല്ലുക എന്നതിനപ്പുറം അവർ എന്തെങ്കിലും ചെയ്യുമോ?

ഖലീഫ പറഞ്ഞു: ഇല്ല 

ഇബ്നു ഉമർ (റ) ചോദിച്ചു: സ്വർഗമോ നരകമോ തരാൻ അവർക്ക് കഴിയുമോ?

ഖലീഫ പറഞ്ഞു: ഇല്ല

ഇബ്നു ഉമർ (റ) പറഞ്ഞു: ഖിലാഫത്ത് അല്ലാഹു താങ്കളെ അണിയിച്ച കുപ്പായമാണിത് അത് ഊരിക്കളയരുത് അങ്ങ് ഊരിയാൽ അത് കീഴ് വഴക്കമായിത്തീരും  ശഹീദാവുക സമുന്നത പദവിയാണത് അത് നമുക്ക് നേടാനുള്ളതാണ്

അബൂസലമതുബ്നു അബ്ദുറഹ്മാൻ (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്നു ഉമർ (റ) ഖലീഫ ഉസ്മാൻ (റ) വിനോട് പറഞ്ഞു: ഞാൻ നബി (സ) യോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു ഒന്നാം ഖലീഫയോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു പിന്നെ രണ്ടാം ഖലീഫയോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു ഇപ്പോൾ താങ്കളോട് സഹവസിക്കുന്നു ഞാൻ അക്രമികളെ നേരിടാം പടപൊരുതാം എനിക്ക് സമ്മതം തന്നാലും

ഖലീഫ പറഞ്ഞു: വേണ്ട ഞാൻ സമ്മതം തരില്ല ആളുകളുടെ രക്തമൊഴുക്കേണ്ട ആവശ്യം എനിക്കില്ല 

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഖലീഫ അവസാനംവരെ ശ്രമിച്ചു ഇബ്നു ഉമർ (റ) പിന്നെയും പിന്നെയും അക്രമികളോട് സംസാരിച്ചു അവർ ചെവിക്കൊണ്ടില്ല...
✍🏻അലി അഷ്ക്കർ
*📱9526765555*
  📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖