നൂഹ് നബി (അ) 1

അസൂയ വരുത്തിയ വിപത്ത്...

അറേബ്യയിലെ യഹൂദികൾക്ക് നബി (സ) തങ്ങളോട് അസൂയ ഉണ്ടായിരുന്നു. അസൂയ അവരുടെ മനസ്സിൽ നിറഞ്ഞു. എത്ര തെളിവുകൾ നിരത്തിയിട്ടും അവർ സത്യവിശ്വാസം കൈക്കൊള്ളാൻ തയ്യാറായില്ല. ശത്രുത വർദ്ധിച്ചു കൊണ്ടിരുന്നു...

വാസ്തവത്തിൽ അസൂയയാണ് മനുഷ്യനെ ദുഷിച്ച അവസ്ഥയിൽ എത്തിക്കുന്നത്. ഈ സന്ദർഭത്തിൽ ഖാബീലിന്റെ അസൂയയെക്കുറിച്ച് യഹൂദികൾക്ക് സത്യസന്ധമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ അല്ലാഹു കൽപിക്കുന്നു. ഖാബീലിനെക്കുറിച്ച് യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും ചില വിവരങ്ങളൊക്കെയുണ്ടായിരുന്നു. പല അബദ്ധങ്ങളും കടന്നുകൂടിയ കഥകൾ...

യഥാർത്ഥ സംഭവം അല്ലാഹു വിവരിക്കുന്നു. സൂറത്ത് മാഇദയിലെ ഈ വിവരണം ശ്രദ്ധിക്കുക ...

നബിയേ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം യാഥർത്ഥമായ രീതിയിൽ ഓതിക്കൊടുക്കുക. അതായത് അവർ രണ്ടാളും ഒരു ഖുർബാൻ  (ബലി കർമം) നടത്തിയ സന്ദർഭം. എന്നിട്ട് അവരിൽ ഒരാളിൽ നിന്ന് അത് സ്വീകരിക്കപ്പെട്ടു. മറ്റേ ആളിൽ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല. അവൻ (ഖാബീൽ) പറഞ്ഞു : നിശ്ചയം നിന്നെ ഞാൻ കൊലപ്പെടുത്തും. അവൻ (ഹാബീൽ ) പറഞ്ഞു : തഖ്വ്വ (ഭയഭക്തി, സൂക്ഷ്മത ) യുള്ളവരിൽ നിന്നേ അല്ലാഹു സ്വീകരിക്കൂ... (5:27)

എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാൽ തന്നെ നിന്നെ കൊലപ്പെടുത്തുവാൻ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാൻ നീട്ടുന്നതല്ല. നിശ്ചയമായും ഞാൻ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു... (5:28)

നിശ്ചയമായും ഞാൻ എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ട് നീ മടങ്ങുവാൻ (രണ്ട് കുറ്റവും നീ ഏറ്റെടുക്കുവാൻ) ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനായിത്തീരാൻ അതാണ് അക്രമികളുടെ പ്രതിഫലം ... (5:29)

എന്നിട്ട് അവന്റെ സഹോദരനെ കൊല്ലുന്നതിന് അവന്റെ  (ഖാബീലിന്റെ ) മനസ്സ് വഴങ്ങിക്കൊടുത്തു. അങ്ങനെ അവൻ സഹോദരനെ കൊല ചെയ്തു. അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു... (5:30)

ഖാബീൽ ആദ്യത്തെ ഘാതകനാണ്. പല ദുഷ്ടന്മാർക്കും ഇത് മാതൃകയായി. ദുഷ്ടന്മാരും അഹങ്കാരികളും ഖബീലിനെ മാതൃകയാക്കി. അവർ പലരേയും കൊന്നു. എല്ലാ കൊലപാതകങ്ങളുടെയും ഒരംശം ഖാബീലിന്നുണ്ട് ...

ഇസ്രാഈൽ സമൂഹത്തോട് അല്ലാഹു പറഞ്ഞു :

ഒരു മനുഷ്യനെ അകാരണമായി കൊന്നാൽ അവൻ മനുഷ്യരെ മുഴുവൻ കൊന്നവനെപ്പോലെയായി. ഒരു മനുഷ്യനെ ജീവിപ്പിച്ചാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചപോലെയായി...

ഖാബീലിന്റെ അവസ്ഥയെന്തായി..?

മനുഷ്യരെ മുഴുവൻ കൊന്നവനെപ്പോലെയായി. വധത്തിൽ നിന്ന് സഹോദരനെ രക്ഷിച്ചിരുന്നെങ്കിൽ..? എല്ലാ മനുഷ്യരെയും രക്ഷിച്ചത് പോലെയാകുമായിരുന്നു...

സഹോദരന്റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ ഖാബീൽ അത് ചുമന്ന് കൊണ്ട് നടന്നു. നാൽപ്പത് നാൾ അങ്ങനെ കടന്നുപോയി. അപ്പോൾ ഖാബീൽ ഒരു കാഴ്ച കണ്ടു. അതിശയം കൊണ്ടു വാ പൊളിച്ചു പോയി.... 

ചത്ത പക്ഷിയെ കുഴിച്ചിടുന്ന രംഗം കണ്ടു. ദുഷ്ട മൃഗങ്ങളും പക്ഷികളും തമ്മിൽ ഏറ്റുമുട്ടി. പക്ഷി ചത്തു. പക്ഷിയെ മറവ് ചെയ്യണം. ഒരു കാക്ക കൊക്കുകൊണ്ട് മണ്ണിൽ കുഴിയുണ്ടാക്കി. ആ കുഴിയിൽ ചത്ത കാക്കയെ ഇട്ടു മണ്ണിട്ട് മൂടി. ഖാബീൽ കാക്കയിൽ നിന്ന് പാഠം പഠിച്ചു. വലിയൊരു കുഴിയുണ്ടാക്കി സഹോദരന്റെ മൃതദേഹം അതിലിട്ട് മൂടി. പ്രശ്നം തീർന്നു. ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി. സഹോദരനെ കൊന്നില്ലായിരുന്നുവെങ്കിൽ ഈ അവസ്ഥ വന്നു ചേരുമായിരുന്നില്ല. ഖാബീൽ അങ്ങനെ പറഞ്ഞു ഖേദിച്ചു ...

നബി (സ)തങ്ങൾ സ്വഹാബികളെ ഇങ്ങനെ ഉപദേശിച്ചു. നിങ്ങൾ അസൂയ വെക്കരുത്. അസൂയാലു ശപിക്കപ്പെട്ടവനാകുന്നു. നിങ്ങൾ മനസ്സിലാക്കുക, അല്ലാഹു ഹാബീലിന്റെ ഖുർബാൻ സ്വീകരിച്ചു. ഖാബീലിന്റെ ഖുർബാനിനെ തള്ളിക്കളഞ്ഞു. എത്ര വേഗതയിലാണ് അത് ചെയ്തത്. അസൂയ വരുത്തിയ വിന വിശുദ്ധ ഖുർആൻ പറയുന്നു : 

അപ്പോൾ ഭൂമിയിൽ മാന്തിക്കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. തന്റെ സഹോദരന്റെ നഗ്ന ജഢം മറവ് ചെയ്യുന്നതെങ്ങനെയെന്ന് അവന് കാണിച്ചു കൊടുക്കാൻ വേണ്ടി അവൻ പറഞ്ഞു : എന്റെ കഷ്ടമേ ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുന്നു. അങ്ങനെ എന്റെ സഹോദരന്റെ നഗ്ന ജഢം മറവ് ചെയ്യുവാൻ എനിക്ക് കഴിയാതായിപ്പോയോ? അങ്ങനെ അവൻ ഖേദക്കാരിൽ പെട്ടവനായിപ്പോയി... (5:31)

ചരിത്രത്തിലെ ആദ്യത്തെ കൊലപാതകവും ആദ്യത്തെ മറമാടലും നടന്നു. ഇക്കാരണത്താൽ ഇസ്രാഈലികളുടെ കാര്യത്തിൽ ഇങ്ങനെയൊരു നിയമം വന്നു ഖുർആൻ പറയുന്നു :
അക്കാരണത്താൽ ഇസ്രാഈൽ സന്തതികളുടെ മേൽ നാം രേഖപ്പെടുത്തി. ഒരു ദേഹത്തിനെ കൊലചെയ്തതിനോ അല്ലെങ്കിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ പകരമല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാൽ അവൻ മനുഷ്യരെ മുഴുവൻ കൊലചെയ്തത് പോലെയാകുന്നു...

ആരെങ്കിലും ഒരു ദേഹത്തെ ജീവിപ്പിക്കുന്നതായാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചത് പോലെയാകുന്നു...  (5:32)

ഖാബീൽ വളരെക്കാലം ജീവിച്ചു. വലിയൊരു പരമ്പരയുണ്ടായി. ഒടുവിൽ രോഗം വന്നു കിടപ്പിലായി. മരണം ആസന്നമായി. അപ്പോൾ ശപിക്കപ്പെട്ട ഇബ്ലീസ് വന്നു ഇങ്ങനെ പറഞ്ഞു : നിങ്ങൾ അഗ്നിയെ ആരാധിക്കുക എങ്കിൽ വിജയം വരിക്കാം. ഖാബീൽ അഗ്നിയെ ആരാധിച്ചു. അവന്റെ അനന്തരാവകാശികളായ ജനങ്ങളും അഗ്നിയെ ആരാധിച്ചു. ഇബ്ലീസ് പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു.
അങ്ങനെ അഗ്നിയാരാധന തുടങ്ങി...

ലൈംഗിക അരാജകത്വമാണ് ആ സമൂഹത്തിൽ പിന്നെ അരങ്ങേറിയത്. വകതിരിവില്ലാത്ത ജീവിതം. ഖാബീൽ സന്തതികൾ അല്ലാഹുവിന്റെ തൃപ്തിയിൽ നിന്നകറ്റപ്പെട്ടു. ഖാബീൽ നിന്ദ്യനായി മരണപ്പെട്ടു. ഇബ്ലീസ് ആ സമൂഹത്തെ തെറ്റിൽ നിന്ന് തെറ്റിലേക്ക് നയിച്ചു. നൂഹ് (അ) ന്റെ കാലത്ത് ജീവിച്ച ജനങ്ങൾ രണ്ട് വിഭാഗക്കാരായിരുന്നു. ഒന്ന് ഖാബീൽ സന്താന പരമ്പര. ഇവർ ദുഷിച്ച ജനതയായിരുന്നു...

രണ്ടാമത്തെ വിഭാഗം ശീസ് നബി (അ)ന്റെ പിൻതുടർച്ചക്കാരായിരുന്നു. ആദം (അ)ന്റെ സന്താനങ്ങളിൽ ഖാബീൽ ഒഴികെയുള്ള പരമ്പരകൾ ഈ വിഭാഗത്തിൽ പെടുന്നു. ഇവർ നല്ല മനുഷ്യരായിരുന്നു. ആദ്യ തലമുറകൾ മരണമടഞ്ഞതോടെ ഇബ്ലീസ് അവരേയും വഴിതെറ്റിക്കാൻ തുടങ്ങി...

ശീസ് (അ)ന്റെ പിൻഗാമികളിലെ പുരുഷന്മാർ വലിയ സുന്ദരന്മാരായിരുന്നു. ഖാബീൽ പരമ്പരയിലെ സ്ത്രീകൾ അതീവ സുന്ദരികളുമായിരുന്നു. ഇത് കാരണം ചില വിപത്തുകൾ വന്നുപെട്ടു. ഇബ്ലീസ് ഒരു സുന്ദര പുരുഷന്റെ വേഷത്തിൽ ഖാബീലുകാരുടെ ഗ്രാമത്തിൽ വന്നു താമസമാക്കി. അവൻ ഒരു സംഗീതോപകരണം നിർമ്മിച്ചു. മധുരമായ രംഗം പുറപ്പെടുവിക്കുന്ന കുഴൽ. കുഴൽവിളി തുടങ്ങിയപ്പോൾ ആളുകൾ തടിച്ചുകൂടി. സുന്ദരികളുടെ വലിയ സദസ്സ് രൂപംകൊണ്ടു. അവർക്ക് സംഗീതം കേൾക്കണം. വീണ്ടും വീണ്ടും കുഴൽ വിളി ഉയർന്നു...

കൊല്ലത്തിലൊരിക്കൽ ഉത്സവം നടത്തണമെന്ന് ഇബ്ലീസ് നിർദ്ദേശിച്ചു. എല്ലാവരും അംഗീകരിച്ചു. ഉത്സവത്തിന് തിയ്യതി നിശ്ചയിച്ചു. ശീസ് വിഭാഗത്തിൽ പെട്ടവരേയും ക്ഷണിച്ചു. ചില പുരുഷന്മാർ ഉത്സവത്തിനു വന്നു. തീറ്റി, കുടി, ആട്ടം, പാട്ട്., ഉത്സവം പൊടിപൊടിച്ചു. സ്ത്രീ പുരുഷ മേളം തന്നെ...

ശീസ് വിഭാഗത്തിലെ കോമളന്മാരും ഖാബീൽ വിഭാഗത്തിലെ സുന്ദരിമാരും കൈകോർത്തു. പാതിരാവ് വരെ ആടിപ്പാടി. പിന്നെ നിയന്ത്രണങ്ങളെല്ലാം വിട്ടു. ഉത്സവം കാമകേളിയായിമാറി. പിന്നെയത് നിത്യ സംഭവമായി മാറി. മതമൂല്യങ്ങൾ ചോർന്നുപോയി. കുത്തഴിഞ്ഞ ജീവിതം തുടങ്ങി. ഈ ദുഷിച്ച ജനതയിലേക്കാണ് നൂഹ്  (അ) നിയോഗിക്കപ്പെട്ടത്...

പ്രവാചകന്റെ ഉപദേശങ്ങൾ അവർ ഇഷ്ടപ്പെട്ടില്ല. ഓരോ വാക്കും അവരെ രോഷം കൊള്ളിച്ചു. അവർക്ക് വേണ്ടത് കുത്തഴിഞ്ഞ ജീവിതമാണ്. കൊല്ലം തോറുമുള്ള ഉത്സവം കെങ്കേമമായി ...