നൂഹ് നബി (അ) 06
ഞാൻ മലക്കല്ല...
തന്റെ ജനത ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും നൂഹ് (അ) തക്കതായ മറുപടി നൽകിക്കൊണ്ടിരുന്നു...
സത്യസന്ദേശ പ്രചാരണം കൊണ്ട് ധനസമ്പാദനം ഉദ്ദേശിക്കുന്നില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുകയെന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതിന് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. പ്രതിഫലം നൽകേണ്ടവൻ അല്ലാഹു മാത്രം. പ്രതിഫലം ആ പ്രതിഫലം മാത്രമാണ് പ്രതീക്ഷിക്കുന്നത് ...
തന്നെ പിൻപറ്റുന്നത് വെറും സാധാരണക്കാരാണെന്നാണ് മറ്റൊരു ആരോപണം. ഇതിനും ശരിയായ മറുപടി നൽകുന്നു ...
നിങ്ങളുടെ കണ്ണിൽ അവർ നിസ്സാരന്മാരായിരിക്കാം. അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണ്. അവർ മുസ്ലിംകളാണ്. നിങ്ങളുടെ സൗഹൃദം ലഭിക്കാൻ വേണ്ടി ഞാനവരെ ആട്ടിയോടിക്കുകയില്ല. ഞാനവരെ ആട്ടിയോടിച്ചാൽ അല്ലാഹു എന്നോട് കോപിക്കില്ലേ? പിന്നെ എന്നെയാര് സഹായിക്കും? എനിക്കെവിടെയാണഭയം ...?
വിശുദ്ധ ഖുർആൻ വചനം നോക്കൂ ...
എന്റെ ജനങ്ങളേ ഇതിന് പ്രതിഫലമായി യാതൊരു ധനവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു. സത്യത്തിൽ വിശ്വസിച്ചവരെ ആട്ടിയോടിക്കുന്നവനല്ല ഞാൻ. തീർച്ചയായും അവരുടെ രക്ഷിതാവിനെ അവർ കണ്ടുമുട്ടുന്നവരാണ്. പക്ഷെ ഒരു മൂഢ ജനതയായിട്ടാണ് നിങ്ങളെ ഞാൻ കാണുന്നത് (11:29)...
എന്റെ ജനങ്ങളെ, ഞാൻ അവരെ ആട്ടിയോടിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാൻ തക്കവണ്ണം എന്നെ സഹായിക്കുന്നതാരാകുന്നു? അപ്പോൾ നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ..? (11:30)...
നൂഹ് (അ)പിന്നെയും പിന്നെയും ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അള്ളാഹു ഏകനാണെന്നാണ് ഞാൻ പറയുന്നത് അവൻ എന്നെ ദൂതനായി അയച്ചുവെന്നാണ് ഞാൻ പറയുന്നത്. അത് വിശ്വസിക്കാൻ എന്താണ് പ്രയാസം? വിശ്വസിക്കാൻ പറ്റാത്തതായി ഞാനൊന്നും പറയുന്നില്ല. അള്ളാഹുവിന്റെ ഖജനാവുകൾ എന്റെ കൈവശമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ അദൃശ്യ കാര്യങ്ങൾ അറിയുമെന്ന് നിങ്ങളോട് പറയുന്നില്ല. അല്ലാഹു അറിയിച്ചു തരുന്ന കാര്യങ്ങൾ ഞാനറിയുന്നു. നിങ്ങൾക്കറിയാത്ത പലതും എന്നെ അവൻ അറിയിക്കും ...
ഞാനൊരു മനുഷ്യനാണ്. മലക്കല്ല. ഞാനൊരു മലക്കാണെന്ന് ഞാൻ പറയില്ല. എന്നെ പിൻപറ്റിയവർ നിങ്ങളുടെ ദൃഷ്ടിയിൽവളരെ നിലവാരം കുറഞ്ഞവരാണ്. അവരുടെ ഹൃദയത്തിലാണ് ഭയഭക്തി. അതാർക്കും അറിയാൻ കഴിയില്ല. അതാണ് തഖ്വ്വ. തഖ്വ്വയുള്ളവരെ അള്ളാഹു പദവികൾ നൽകി അനുഗ്രഹിക്കും. അവരുടെ മനസ്സറിയുന്നവൻ അല്ലാഹു മാത്രം. സത്യവിശ്വാസം കൈകൊണ്ടവരെ ഞാൻ അവഗണിക്കുകയോ? എങ്കിൽ ഞാൻ അക്രമികളിൽ പെട്ടുപോവും. ഇല്ല ഞാനവരെ കൈവെടിയില്ല...
വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ : അല്ലാഹുവിന്റെ ഖജാനകൾ എന്റെ അടുക്കലാണെന്നോ, ഞാൻ അദൃശ്യ കാര്യങ്ങൾ അറിയുമെന്നോ നിങ്ങളോട് ഞാൻ പറയുന്നില്ല. ഞാനൊരു മലക്കാണ് എന്നും നിങ്ങളോട് ഞാൻ പറയുന്നില്ല. നിങ്ങളുടെ ദൃഷ്ടിയിൽ നികൃഷ്ടരായി കാണുന്നവർക്ക് അള്ളാഹു യാതൊരു നന്മയും കൈവരുത്തിക്കൊടുക്കുകയില്ല എന്നും ഞാൻ പറയുകയില്ല. അവരുടെ ഹൃദയങ്ങളിലുള്ളതിനെ സംബന്ധിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്. നിശ്ചയമായും അപ്പോൾ (മേൽ പ്രകാരം പറഞ്ഞാൽ) ഞാൻ അക്രമികളിൽ പെട്ടവനായി പോകുന്നതാണ് (11:31)...
തന്റെ ജനത ബഹുദൈവ വിശ്വാസവുമായി മുമ്പോട്ട് പോയി അത് കണ്ടപ്പോൾ ദുഃഖം തോന്നി നൂഹ് നബി (അ)അവരെ വീണ്ടും ഉപദശിച്ചു ...
സൂറത്തുൽ മുഹ്മിനൂൻ പറയുന്നത് കേൾക്കൂ... നിശ്ചയമായും നൂഹ് നബിയെ തന്റെ ജനതയുടെ അടുക്കലേക്ക് നാം അയച്ചു. എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു : എന്റെ ജനങ്ങളെ നിങ്ങൾ അള്ളാഹുവിന് ഇബാദത്ത് ചെയ്യുക. അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ല എന്നിരിക്കെ അവനെ നിങ്ങൾ ഭയപ്പെടുന്നില്ലേ..? (23:23)...
ഇത് കേട്ടപ്പോൾ അവരുടെ നേതാക്കൾ രംഗത്തിറങ്ങി. സാധാരക്കാരായ ജനങ്ങൾ അവരുടെ ചുറ്റും കൂടി ജനസമൂഹത്തോട് നേതാക്കൾ പ്രസംഗിച്ചതിങ്ങിനെ : ഈ മനുഷ്യനെന്ത് പറ്റിപ്പോയി. നോക്കൂ അയാൾ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. നിങ്ങളെക്കാൾ കൂടുതലായി ഇയാൾക്കൊരു യോഗ്യതയുമില്ല. യോഗ്യതയുണ്ടെന്ന് അയാൾ നടിക്കുകയാണ്. അള്ളാഹു നമ്മിലേക്ക് ഒരു ദൂതനെ അയക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഒരു മലക്കിനെ തന്നെ അയക്കുമായിരുന്നു. ഇയാളെപ്പോലെ ഒരാളെയാണോ ദൂതനായി അയക്കേണ്ടത്...? ഇതു പോലൊരു സംഭവം ഇതിന് മുമ്പ് നാം കേട്ടിട്ടുമില്ല. ഇയാൾക്ക് ഭ്രാന്ത് പിടിച്ചെന്നാണ് തോന്നുന്നത്. ഇയാളുടെ രോഗം കൂടുന്നുണ്ടോയെന്ന് നമുക്കു കാത്തിരുന്നു കാണാം. നേരത്തെ വ്യാജനെന്ന് വിളിച്ചു ഇപ്പോൾ ഭ്രാന്തനെന്ന് വിളിച്ചു...
വിശുദ്ധ ഖുർആൻ പറയുന്നു :
അപ്പോൾ തന്റെ ജനതയിൽ പെട്ട സത്യനിഷേധികളായ നേതാക്കൾ (അനുയായികളോട്) പറഞ്ഞു : ഇയാൾ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളെക്കാൾ യോഗ്യനാകണമെന്ന് വിചാരിച്ചിരിക്കുകയാണ് ഇയാൾ ...
അള്ളാഹു (ഒരു ദൂതനെ അയക്കാൻ) ഉദ്ദേശിച്ചിരുന്നുവെങ്കിൽ മലക്കുകളെ ഇറക്കുമായിരുന്നു. നമ്മുടെ പൂർവ്വ പിതാക്കളിൽ ഇതിനെപ്പറ്റി യാതൊന്നും നാം കേട്ടിട്ടില്ല (23:24).
ഇയാൾ ഭ്രാന്ത് പിടിപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ ഇയാളുടെ കാര്യത്തിൽ കുറച്ചു കാലം വരെ നിങ്ങൾ കാത്തിരിക്കുക (23:25). പരിഹാസവും വെല്ലുവിളിയുമെല്ലാം നിറഞ്ഞ വാക്കുകൾ...
ആരും നൂഹിന്റെ പ്രസംഗം കേൾക്കരുത്. ജനങ്ങളെ ബുദ്ധിപരമായി തടയുക. അതാണ് അടുത്ത പരിപാടി. നൂഹ് നബി (അ) സംസാരിക്കാൻ തുടങ്ങിയാൽ ആളുകൾ പിരിഞ്ഞു പോകും. കേട്ടുപോവരുത്. കേട്ടാൽ ചിന്തിക്കും, അത് വേണ്ട ...