പിതാവും പുത്രന്മാരും 4,5,6


           ഭാഗം - 04
❂••••••••••••••••••••••••••••❂
      നീണ്ട യാത്ര കഴിഞ്ഞു യഅ്ഖൂബ് (عليه السلام) ഹര്‍റാനിലെത്തി. പ്രതീക്ഷിച്ചത് പോലെ അമ്മാവനും കുടുംബവും സ്വീകരിച്ചു. അവിടെ ലാബാനിന് രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്നു. ലിയാ, റാഹീല്‍. റാഹീലാണ് അഴകിലും ആകര്‍ഷണത്തിലും മുന്നില്‍. മകളെ കെട്ടിച്ചു കൊടുക്കണമെന്ന സഹോദരിയുടെ നിര്‍ദേശം ലാബാന്‍ അംഗീകരിച്ചു. അതിന് അക്കാലത്ത് പതിവുള്ള ഉപാധി വച്ചു. മഹ്റായി ഏഴ് വര്‍ഷം ആട് മേയ്ക്കണം.

    അങ്ങനെ കാത്തിരിപ്പിന്‍റെ ഏഴ് വര്‍ഷം കഴിഞ്ഞു. വിവാഹസുദിനം അടുത്തു. ചടങ്ങുകള്‍ കഴിഞ്ഞു. രാത്രി വീട്ടില്‍ കൂടല്‍ നടന്നു. അപ്പോഴാണ് കള്ളി പൊളിയുന്നത്. താന്‍ ആഗ്രഹിച്ചത് റാഹീലിനെയായിരുന്നു. പക്ഷേ, ഇണയായി കിട്ടിയത് ലിയയേയും. ഇവളാണെങ്കില്‍ കാഴ്ചയിലും സൗന്ദര്യത്തിലും റാഹീലിന്‍റെ എത്രയോ പിന്നില്‍!

    അമ്മാവനോട് കാര്യം തിരക്കി. ഞാന്‍ ഇഷ്ടപ്പെട്ടത് റാഹീലിനെ, നിങ്ങള്‍ വിവാഹം ചെയ്തു തന്നത് ലിയയേയും. ഇതല്‍പ്പം കടന്ന കൈ ആയിപ്പോയി!

    അമ്മാവന്‍ വിശദീകരിച്ചു. ലിയയാണ് മൂത്തവള്‍. അവളെ മാറ്റി നിര്‍ത്തി ഇളയവളെ കെട്ടിച്ചു കൊടുക്കുക ഞങ്ങളുടെ ശീലമല്ല. അവളെ കൂടി വേണമെന്നുണ്ടെങ്കില്‍ ഇനിയും ഏഴ് വര്‍ഷം ജോലി ചെയ്യുക. ശേഷം അവളെയും ഇണയാക്കിത്തരാം.

    യഅ്ഖൂബ് (عليه السلام) പിന്നെയും കാത്തിരുന്നു. ഏഴ് വര്‍ഷം ജോലി ചെയ്തു. അങ്ങനെ റാഹീലിനെ കൂടി യഅ്ഖൂബിന് ഇണയായി ലഭിച്ചു. അക്കാലത്ത് ഇത് പതിവായിരുന്നു. ഒരാള്‍ക്ക് ഒരേ സമയം രണ്ട് സഹോദരിമാരെ ഭാര്യമാരായി സ്വീകരിക്കാം. പിന്നീട് തൗറാത്തിലൂടെയാണ് ഈ രീതി മാറ്റപ്പെട്ടത്.

    പിതാവ് രണ്ട് പേര്‍ക്കും ഓരോ അടിമസ്ത്രീയെയും നല്‍കി. ലിയായ്ക്ക് ലഭിച്ചത് സുല്‍ഫയെ. റാഹീലിന് ബില്‍ഹയെയും.

    ലിയായ്ക്ക് കാഴ്ചയില്‍ സൗന്ദര്യം കുറവായിരുന്നെങ്കിലും സന്താന ഭാഗ്യം കൂടുതലായിരുന്നു. യഅ്ഖൂബ് (عليه السلام)മിന് ആദ്യത്തെ സന്താനം ലഭിച്ചത് ലിയയിലൂടെയായിരുന്ന റോബീല്‍. തുടര്‍ന്നു ശംഈല്‍, പിന്നെ ലാവ ശേഷം യഹൂദ. ഇതെല്ലാം കണ്ടു റാഹീലിന് ഈര്‍ഷ്യയായി. അവള്‍ തന്‍റെ അടിമസ്ത്രീയായ ബല്‍ഹായെ ഭര്‍ത്താവിന് ദാനം ചെയ്തു. അവളിലൂടെയും യഅ്ഖൂബ് (عليه السلام)മിന് മക്കളുണ്ടായി. ലിയായും തന്‍റെ അടിമയായ സുല്‍ഫയെ ഭര്‍ത്താവിന് നല്‍കി. അവരിലൂടെയും യഅ്ഖൂബ് (عليه السلام)മിന് സന്താനങ്ങള്‍ ലഭിച്ചു.

    ലിയാ ആറ് ആണ്‍ മക്കളെ പ്രസവിച്ചു. നീണ്ട പ്രാര്‍ത്ഥനക്കൊടുവില്‍ റാഹീലിനും സന്താന ഭാഗ്യമുണ്ടായി. അവരിലൂടെയാണ്‌ ആദ്യം യൂസുഫും തുടര്‍ന്നു ബിന്‍യാമീനും ജനിക്കുന്നത്. റാഹീല്‍ നല്‍കിയ അടിമയിലൂടെ രണ്ട് മക്കള്‍ വേറെയും. അങ്ങനെ മൊത്തം പന്ത്രണ്ട് മക്കള്‍. രണ്ടാമത്തെ മകനെ പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ അസുഖത്തില്‍ റാഹീല്‍ മരണപ്പെട്ടു. ‘അഫ്റാസ്’ എന്ന സ്ഥലത്താണ് അവരെ ഖബറടക്കിയത്. റാഹീലിന്‍റെ ഖബര്‍ എന്ന പേരില്‍ പില്‍ക്കാലത്തും അവിടം അറിയപ്പെട്ടിരുന്നു....
..................................................................................................................................

             ഭാഗം - 05
❂••••••••••••••••••••••••••••❂
         യഅ്ഖൂബ് (عليه السلام) ‘ഹര്‍റാനി’ലെത്തി വര്‍ഷങ്ങള്‍ കടന്നു പോയി. ആദ്യത്തെ ഏഴ് വര്‍ഷം വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. തുടര്‍ന്നു തന്ന ആശിച്ച ‘റാഹീലി’നെ സ്വന്തമാക്കാന്‍ പിന്നെയും ഏഴ് വര്‍ഷം. തുടര്‍ന്നു രണ്ടു ഭാര്യമാരുമായി ആറ് വര്‍ഷം പിന്നെയും അവിടെ കഴിച്ചുകൂട്ടി. അമ്മാവന്‍റെ ആടുകളെ മേയ്ക്കലാണ് അദ്ദേഹത്തിന്‍റെ തൊഴില്‍.

    അതിനിടയില്‍ തന്‍റെ ജന്മനാടും മാതാപിതാക്കളെയും ഉപേക്ഷിച്ചുള്ള ജീവിതം മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങി. ഉറ്റവരെ വേര്‍പ്പിരിയാനുള്ള ആധിയും വ്യഥയും അദ്ദേഹത്തെ അലട്ടിത്തുടങ്ങി.

    ഒരുനാള്‍ അറച്ചറച്ചാണെങ്കിലും അമ്മാവനോട് കാര്യം ബോധിപ്പിച്ചു. ഒന്ന്‍ നാട്ടിലേക്ക് തിരിക്കണം. അതിന് സമ്മതം തരണം. അമ്മാവന് എതിര്‍പ്പില്ലായിരുന്നു. യഅ്ഖൂബ് (عليه السلام) വന്ന ശേഷം ലാബാനിന് നല്ല അഭിവൃദ്ധിയുണ്ടായി. അക്കാര്യം എടുത്തു പറഞ്ഞ അമ്മാവന്‍ ധാരാളം ധനം യഅ്ഖൂബ് (عليه السلام)മിന് നല്‍കി. അങ്ങനെ ആടുകളും മറ്റു മൃഗങ്ങളും അടിമകളും എല്ലാം ആയി വലിയൊരു സമ്പത്തിന്‍റെ ഉടമയായി അദ്ദേഹം മാറി.

    യഅ്ഖൂബ് നബി(عليه السلام)മിന് തന്‍റെ പിതാവും ബന്ധുക്കളും ഉള്ള നാട്ടിലേക്ക് തിരിച്ചു പോകാന്‍ അള്ളാഹുവിന്‍റെ സമ്മതവും ലഭിച്ചു. വഴിയില്‍ തന്‍റെ തുണയുണ്ടാകുമെന്ന് ഉറപ്പും ലഭിച്ചു. വിവരം ഭാര്യമാരുടെയും മക്കളുടെയും ശ്രദ്ധയില്‍ പെടുത്തി. അവര്‍ക്കും വലിയ ഉത്സാഹമായി.

    അങ്ങനെ വലിയ ഒരുക്കങ്ങളും വസ്തുവകകളും ഭാര്യമാരും സന്താനങ്ങളുമായി യഅ്ഖൂബ് നബി(عليه السلام) തന്‍റെ ജന്മ നാട്ടിലേക്ക് തിരിച്ചു വരികയാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്ര. സംഘം ‘സാഈര്‍’ എന്ന സ്ഥലത്തെത്തിയപ്പോള്‍ മാലാഖമാര്‍ ഇറങ്ങിവന്നു അവരെ അഭിവാദ്യം ചെയ്തു.

    പ്രത്യേക സാഹചര്യത്തില്‍ താന്‍ ഉപേക്ഷിച്ചു പോയ നാട്ടിലേക്ക് അടുക്കുന്തോറും യഅ്ഖൂബ് (عليه السلام)മിന്‍റെ മനസ്സില്‍ ആധിയും ഉല്‍കണ്ഠയും വര്‍ധിച്ചു. തന്‍റെ ജ്യേഷ്ഠ സഹോദരന്‍ ഈസ്വോ. അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും. താന്‍ തിരിച്ചുവരുമ്പോള്‍ അവന്‍റെ പ്രതികരണം എങ്ങനെയാകും? അവന്‍ എന്നെയും കുടുംബത്തെയും സ്നേഹത്തോടെ സ്വീകരിക്കുമോ? അതോ പഴയ ചെയ്തികളുടെ പ്രതികാരത്തിനായി മനസ്സ് വെമ്പുമോ?

    ആകെക്കൂടി ഒരസ്വസ്ഥത! പ്രാര്‍ത്ഥനയും നമസ്കാരവുമായി അള്ളാഹുവിലേക്ക് അടുത്തു. തന്‍റെ ആധിയും സങ്കടവും അള്ളാഹുവുമായി പങ്ക് വെച്ചു. അവന്‍ നല്‍കിയ ഉറപ്പുകളെ ഓര്‍മിപ്പിച്ചു. സഹോദരന്‍റെ മനസ്സലിയാനും ശത്രുതയുടെ കനലുകള്‍ അണഞ്ഞുകിട്ടാനും മനസ്സുരുകി കേണു.

    ഒപ്പം സഹോദരന്‍റെ സമീപത്തേക്ക് ഒരു ദൗത്യ സംഘത്തെ അയച്ചു. നേരില്‍ സംസാരിച്ച് യഅ്ഖൂബ് തിരിച്ചു വരുന്ന കാര്യം അറിയിക്കാനും മനസ്സ് അനുകൂലമാക്കിയെടുക്കാനും ഉദ്ദേശിച്ചാണീ നടപടി. ദൗത്യസംഘം തിരിച്ചു വന്ന് നല്‍കിയ വിവരം യഅ്ഖൂബ് (عليه السلام)മിനെ ഒന്നുകൂടി ആശ്ചര്യപ്പെടുത്തി. ഈസ്വോ നാനൂറ് പേരുമായി യഅ്ഖൂബ് (عليه السلام)മിന്‍റെ അടുത്തേക്ക് പുറപ്പെടുന്നതായാണ് വിവരം. എന്തായിരിക്കും ഈ വരവിന്‍റെ ഉദ്ദേശ്യം? വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന അനുജനെ ഉത്സാഹപൂര്‍വ്വം വരവേല്‍ക്കാനോ? അതോ പഴയ കണക്കുകള്‍ തീര്‍ക്കുന്നതിന്‍റെ ഭാഗമായുള്ള ഏറ്റുമുട്ടലിനോ........?
         
..................................................................................................................................

              ഭാഗം - 06
❂••••••••••••••••••••••••••••❂
        ഒരു ഏറ്റുമുട്ടല്‍ യഅ്ഖൂബ് (عليه السلام)മിന്‍റെ അജണ്ടയില്‍ ഇല്ല. ജ്യേഷ്ഠന്‍റെ മനസ്സ് കീഴടക്കണം. അതിനായി വലിയ പാരിതോഷികങ്ങള്‍ കരുതി വെച്ചു. ആടുകള്‍, പശുക്കള്‍, കാളകള്‍, കോവര്‍ കഴുതകള്‍, കഴുതകള്‍ അങ്ങനെ നൂറു കണക്കിനു മൃഗങ്ങളെ ഈസ്വോക്ക് നല്‍കാനായി ഒരുക്കി നിര്‍ത്തി. ഓരോ ഇനത്തില്‍ പെട്ടവയെയും തെളിച്ചു കൊണ്ടുപോകാന്‍ പ്രത്യേകം ജോലിക്കാരെയും ഏര്‍പ്പാട് ചെയ്തു. ഈസ്വോ വരുന്ന വഴിയില്‍ ഓരോ സംഘവും പ്രത്യേകം പ്രത്യേകം കടന്നു പോകണം. ഈസ്വോ കണ്ടു കണ്ടു കാര്യം തിരക്കുമ്പോള്‍ വിശദീകരിക്കാനും ശട്ടം കെട്ടി. ഇവ അങ്ങയുടെ സഹോദരന്‍ യഅ്ഖൂബിന്‍റെ വക സമ്മാനമാണ്. അങ്ങനെ ഈസ്വോയുടെ മനസ്സില്‍ അനുകമ്പയും സ്നേഹവും വളര്‍ന്നു വരണം.

    എല്ലാം ഏര്‍പ്പാട് ചെയ്ത ശേഷം ഒന്ന്‍ മയങ്ങിയതാണ്. കണ്ണ്‍ തുറന്ന്‍ നോക്കിയപ്പോള്‍ മുമ്പില്‍ ഉണ്ട് ഈസ്വോ വന്നു നില്‍ക്കുന്നു! കൂടെ നാനൂറു പേരും. അവര്‍ യഅ്ഖൂബ് (عليه السلام)മിനും കുടുംബത്തിനും മുമ്പില്‍ അണി നിരന്നു.

    ജ്യേഷ്ഠനെ കണ്ടമാത്രയില്‍ യഅ്ഖൂബ് (عليه السلام) അയാളുടെ മുന്നില്‍ ഏഴ് വട്ടം സാഷ്ടാംഗം നമിച്ചു. അക്കാലത്തെ സമ്പ്രദായമാണ് അഭിവാദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി സുജൂദ് ചെയ്യല്‍. ആദം നബി(عليه السلام)മിന്‍റെ മുന്നില്‍ മാലാഖമാര്‍ സുജൂദ് ചെയ്തതു പോലെ. പിന്നീട് യൂസുഫ് നബി (عليه السلام)മിന്‍റെ സഹോദരങ്ങളും പിതാവും യൂസുഫ് നബിയുടെ മുന്നില്‍ ചെയ്ത സുജൂദും ഈ നാട്ടു നടപ്പിന്‍റെ ഭാഗമാണ്. ഈ രണ്ട് സംഭവങ്ങളും ഖുര്‍ആന്‍ ഉദ്ധരിച്ചതാണ്. പില്‍ക്കാലത്ത് അത് നിരോധിക്കപ്പെട്ടു.

    അങ്ങനെ യഅ്ഖൂബ് (عليه السلام) തന്‍റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തുകയാണ്. തന്‍റെ പിതാവിന്‍റെ ചാരത്തേക്ക്, അതിനിടയില്‍ യഅ്ഖൂബ് (عليه السلام)മിന്‍റെയും ഈസ്വോയുടെയും ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. കാലം അവരുടെ മനസ്സിലും മാറ്റങ്ങള്‍ വരുത്തി. പഴയ പകയും പ്രതികാര ചിന്തയുമെല്ലാം അലിഞ്ഞില്ലാതായി. അവരിപ്പോള്‍ സഹോദരങ്ങളാണ്. കൂടെ മക്കളും പേരക്കുട്ടികളുമായി വലിയൊരു ബന്ധു വലയവും.

    യഅ്ഖൂബ് (عليه السلام) നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പിതാവ് ഇസ്ഹാഖ് (عليه السلام) ജീവിച്ചിരിപ്പുണ്ടായിരുന്നു. നീണ്ട ഇടവേളക്ക് ശേഷമുള്ള മകന്‍റെ തിരിച്ചുവരവ് തെല്ലൊന്നുമല്ല ആ പിതൃഹൃദയത്തെ ആഹ്ലാദിപ്പിച്ചത്. കൂട്ടുകുടുംബങ്ങളെ എല്ലാം അദ്ദേഹം കണ്‍കുളിര്‍ക്കെ കണ്ടു. ‘കന്‍ആനിലെ’ ‘ഹിബ്റോ’ എന്ന സ്ഥലത്തായിരുന്നു ഇസ്ഹാഖ് (عليه السلام) താമസിച്ചിരുന്നത്. പിതാവ് ഇബ്റാഹീമും (عليه السلام) അവിടെയാണ് വസിച്ചിരുന്നത്.

    അധികം കഴിഞ്ഞില്ല. ഇസ്ഹാഖ് നബി(عليه السلام) രോഗബാധിതനായി. നാള്‍ക്കുനാള്‍ രോഗം മൂര്‍ഛിച്ചു. പിന്നെ ആരോഗ്യം തിരിച്ചു കിട്ടിയില്ല. എന്നെന്നേക്കുമായി ആ ജീവിതത്തിന് തിരശ്ശീല വീണു. അപ്പോള്‍ അദ്ദേഹത്തിന് നൂറ്റിഎണ്‍പതു വയസ്സായിരുന്നു. രണ്ടു മക്കളും കൂടി സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പിതാവ് ഇബ്റാഹീം നബി (عليه السلام)മിനെ ഖബറടക്കിയ ‘മഗാറ’ യില്‍ തന്നെയാണ് ഇസ്ഹാഖ് നബി (عليه السلام)മിനും അന്ത്യവിശ്രമം ഒരുക്കിയത്.....
                     (തുടരും ...)