പിതാവും പുത്രന്മാരും ഭാഗം 1,2,3

             ഭാഗം - 01
❂••••••••••••••••••••••••••••❂

    “യഅ്ഖൂബ് നബിയുടെയും കുടുംബത്തിന്‍റെയും കഥ പറയുകയാണിവിടെ, കന്‍ആനില്‍ തുടങ്ങി മിസ്‌റില്‍ അവസാനിക്കുന്ന ജീവിത യാത്രയുടെ കൗതുകം നിറഞ്ഞ ഏടുകള്‍....”

    പ്രായം ഏറെ പിന്നിട്ട ശേഷമാണ് ഇബ്റാഹീം നബി(عليه السلام)മിന് സന്താനഭാഗ്യമുണ്ടായത്. ആദ്യം ഇസ്മാഈല്‍ (عليه السلام) ജനിച്ചു. അപ്പോള്‍ പിതാവിന് വയസ്സ് 86!. ഭാര്യ സാറ വന്ധ്യയാണെന്ന്‍ മനസ്സിലാക്കി സ്വന്തം അടിമസ്ത്രീയായിരുന്ന ഹാജറിനെ ഭര്‍ത്താവിന് ദാനം ചെയ്യുകയായിരുന്നു. അങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല്‍ കാണട്ടെ.

    ആ ഹാജറിലൂടെയാണ് ഇബ്റാഹീം നബിക്ക് ആദ്യമായി കുട്ടി ജനിക്കുന്നത്.

   പിന്നീട് പതിമൂന്ന്‍ വര്‍ഷത്തിന് ശേഷം ഇബ്റാഹീം നബി(عليه السلام)മിന് വീണ്ടും മറ്റൊരു സന്തോഷവാര്‍ത്ത വരുന്നു. സാറയിലൂടെ മറ്റൊരു കുട്ടി ജനിക്കാന്‍ പോകുന്നു! അതാണ്‌ ഇസ്ഹാഖ്.

    ഇസ്ഹാഖിനെ പ്രസവിക്കുമ്പോള്‍ മാതാവ് സാറയുടെ പ്രായം 90 വയസ്സ്! ആദ്യം വന്ധ്യയാണെന്ന് കരുതി സ്വയം എഴുതിത്തള്ളിയതാണ്. പക്ഷേ, അള്ളാഹുവിന് അസാധ്യമായി ഒന്നുമില്ലല്ലോ. വന്ധ്യതയുള്ളവള്‍ക്കും ഗര്‍ഭം ധരിക്കാം. തൊണ്ണൂറാം വയസ്സിലും സ്ത്രീക്ക് ഉമ്മയാകാം!.

    ഇസ്ഹാഖ് എന്ന കുട്ടി വളര്‍ന്നു വലുതായി. യൗവനം പിന്നിട്ടു പ്രായം നാല്‍പതിലെത്തി. നാല്‍പത് കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. ഭാര്യയുടെ പേര് ‘രിഫ്ഖാ’. ബത്വായീല്‍ എന്നയാളുടെ പുത്രി. വിവാഹം കഴിഞ്ഞ ശേഷമാണ് ആ രഹസ്യം അറിയുന്നത്; ഭാര്യ രിഫ്ഖാ വന്ധ്യയാണ്!

    പിതാവ് ഇബ്രാഹീം നബി(عليه السلام) ജീവിച്ചിരിക്കുന്ന കാലം. അദ്ദേഹം ദുആ ചെയ്തു. മകന് സന്താന ഭാഗ്യം നല്‍കണം. തുടര്‍ന്നു രിഫ്ഖാ ഗര്‍ഭിണിയാകുന്നു. പ്രസവിച്ചപ്പോള്‍ കുട്ടി ഒന്നല്ല, ഇരട്ടക്കുട്ടികള്‍! രണ്ടും ആണ്‍കുട്ടികള്‍. ആദ്യം പുറത്ത് വന്നയാള്‍ക്ക് ഈസ്വോ എന്ന പേര് നല്‍കി. രണ്ടാമന്‍ പുറത്ത് വന്നത് ഒന്നാമന്‍റെ മടമ്പു കാല്‍ പിടിച്ചു കൊണ്ടാണ്. അതിനാല്‍ ആ കുട്ടിക്ക് യഅ്ഖൂബ് എന്ന പേര് നല്‍കി. ‘ആഖിബ്’ എന്നാല്‍ മടമ്പ് എന്നാണര്‍ത്ഥം.

    ആദ്യത്തെ കുട്ടി വളര്‍ന്നു. അവരിലൂടെയാണ്‌ റോമാക്കാരുടെ വംശം പിറവി കൊള്ളുന്നത്. ഇസ്റാഈല്‍ എന്നാണ് യഅഖൂബ് നബി(عليه السلام)മിന്‍റെ  യഥാര്‍ത്ഥ പേര്. ഈ പേരിന് അവരുടെ ഭാഷയില്‍ ‘ദേവദാസന്‍’ എന്നാണ് അര്‍ത്ഥം. ഏതാവട്ടെ, ഈ കുട്ടി വളര്‍ന്നു വലുതായി ഇസ്റാഈല്‍ സന്തതികള്‍ എന്ന പേരില്‍ വലിയ സമൂഹം രൂപപ്പെട്ടു......
................................................................................................................................


             ഭാഗം - 02
❂••••••••••••••••••••••••••••❂
        ചരിത്രത്തില്‍ ഏറെ പരാമര്‍ശിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സമൂഹം. വിവിധ ഘട്ടങ്ങളില്‍ ചരിത്രത്തിന്‍റെ ഗതിമാറ്റിയവര്‍. ഒട്ടേറെ പ്രവാചകരുടെ ആഗമനത്തിനും ആരോഹണത്തിനും  സാക്ഷ്യം വഹിച്ചവര്‍.

    ഇവിടെ കൗതുകകരമായ കാര്യം പിതാവ് ഇസ്ഹാഖ് (عليه السلام)മിന് ഈസ്വോയോട് അല്‍പ്പം മമത കൂടുതലായിരുന്നു. ആദ്യത്തെ കുട്ടിയല്ലേ? മാതാവിനാണെങ്കില്‍ യഅ്ഖൂബിനോടും, ഇളയ കുട്ടിയാണല്ലോ.

    ഇസ്ഹാഖ് (عليه السلام)മിന് പ്രായമായി. കണ്ണിന്‍റെ കാഴ്ച ക്ഷയിച്ചു. ഒരുനാള്‍ പിതാവിന് ഒരു ആഗ്രഹം. നല്ല വേട്ടമൃഗത്തിന്‍റെ മാംസം കഴിക്കണം. മകന്‍ ഈസ്വോ വലിയ വേട്ടക്കാരനാണ്. വേട്ടയാണയാളുടെ തൊഴിലും.

    അന്ന്‍ ഇന്നത്തെപോലെ വ്യവസായവും ഫാക്ടറികളും ഷോപ്പിംഗ് മാളുകളും ഒന്നും ഇല്ലല്ലോ. ആകെക്കൂടിയുള്ളത് കൃഷി. പിന്നെ കാട്ടില്‍ ചെന്നു മൃഗങ്ങളെ വേട്ടയാടലും.

   ഈസ്വോവിനോട് കാര്യം ഉണര്‍ത്തി. വേഗം പോയി വേട്ടയാടി അറുത്ത് പാകം ചെയ്തു കൊണ്ടു വരിക. നന്മയും അഭിവൃദ്ധിയും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമെന്നും പിതാവ് വാഗ്ദാനം ചെയ്തു. അയാള്‍ ഉടനെ പുറപ്പെട്ടു.

    ഈ സംസാരം മാതാവിന്‍റെ ചെവിയിലും എത്തിയിരുന്നു. മാതാവ് ചിന്തിച്ചു, ഈസ്വോ ഉടനെ മാംസവുമായി വന്നു പിതാവിനെ ഭക്ഷിപ്പിച്ചു കൊണ്ട് അവിടെത്തെ പ്രാര്‍ത്ഥന സമ്പാദിക്കും. അപ്പോള്‍ എന്‍റെ ഇഷ്ടപുത്രന്‍ യഅ്ഖൂബിന്‍റെ (عليه السلام) കാര്യം?

    മാതാവിന് ധൃതിയായി. ആ പ്രാര്‍ത്ഥന ആദ്യം യഅ്ഖൂബിന് (عليه السلام) ലഭിക്കണം. യഅ്ഖൂബ് വലിയ കര്‍ഷകനാണ്. ധാരാളം ആടുകളെയും മറ്റും വളര്‍ത്തുന്നു.

    ഉമ്മ പറഞ്ഞു: “മകനേ, വേഗം പോയി ഏറ്റവും നല്ല രണ്ട് ആടുകളെ അറുത്തു കൊണ്ടു വാ, നമുക്ക് ഭക്ഷണം ഉണ്ടാക്കി പിതാവിന് നല്‍കാം. ഈസ്വോ വരുന്നതിന് മുമ്പ് കാര്യം നടക്കണം. അങ്ങനെ ഉപ്പയുടെ പ്രാര്‍ത്ഥന നേടിയെടുക്കണം.”

    ഇവിടെ ഒരു പ്രശ്നമുണ്ട്. പിതാവിന് കണ്ണു കണ്ടു കൂടാ. മക്കളെ തിരിച്ചറിയുക കൂട്ടിപ്പിടിച്ചു തൊട്ടു നോക്കിയാണ്. മകന്‍ ഈസ്വോവിന്‍റേത് വലിയ രോമം നിറഞ്ഞ ശരീരമാണ്. യഅ്ഖൂബ് അങ്ങനെയല്ല. പിതാവ് കെട്ടിപ്പിടിക്കുമ്പോള്‍ ഇത് ഈസ്വോ അല്ലെന്ന് മനസ്സിലാവും.

   അതിന് അവര്‍ ഒരു ഉപായം സ്വീകരിച്ചു. അറുത്ത ആടിന്‍റെ രോമം നിറഞ്ഞ തോല്‍ മകന്‍റെ ദേഹത്ത് ഇട്ടു കൊടുത്തു. തൊട്ടാല്‍ ഈസ്വോവിന്‍റെ രോമ ശരീരം തന്നെ.

    ഭക്ഷണവുമായി വന്നപ്പോള്‍ പിതാവ് ചോദിച്ചു:

  “ആരാണ്?”

    ‘മകന്‍’ എന്ന്‍ മറുപടി നല്‍കി.

    മകനെ അണച്ചു പിടിച്ചു തടവി നോക്കിയപ്പോള്‍ ഈസ്വോ തന്നെ. ശബ്ദം കേട്ടിട്ട് യഅ്ഖൂബും!

   ഏതായാലും പിതാവ് ഭക്ഷണം കഴിച്ചു. ശേഷം പ്രാര്‍ത്ഥിച്ചു. ഈ മകന്‍ സഹോദരങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ നിലയും വിലയും ഉള്ളവനാകാന്‍, മക്കളിലും മറ്റു ജനതകളിലും ആധിപത്യം നിലനില്‍ക്കാന്‍, സന്താനസൗഭാഗ്യവും സമ്പല്‍ സമൃദ്ധിയും ലഭിക്കാന്‍.

    അല്‍പം കഴിഞ്ഞപ്പോഴുണ്ട്‌ ഈസ്വോ കടന്ന് വരുന്നു. താന്‍ കൊണ്ടു വന്ന വിഭവങ്ങള്‍ പിതാവിന്‍റെ മുമ്പില്‍ വച്ചു.

    ‘ഇതെന്താണ് മകനേ? പിതാവ് ചോദിച്ചു.

    “ഇത് ഉപ്പ ആവശ്യപ്പെട്ട ഭക്ഷണം.”

  ‘അതല്ലേ അല്‍പം മുമ്പ് നീ കൊണ്ടു വന്നത്? ഞാന്‍ കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തല്ലോ!’

    “ഇല്ല പിതാവേ, ഇത് ഞാനാണ് ഈസ്വോ”.
..................................................................................................................................
         
         🗳ഭാഗം - 03🗳
❂••••••••••••••••••••••••••••❂
        ഈസ്വോക്ക് സംഗതി പിടികിട്ടി. തന്‍റെ സഹോദരന്‍ പണിപറ്റിക്കുകയായിരുന്നു. എനിക്ക് മുമ്പേ അവന്‍ പിതാവിനെ സമീപിച്ചു കാര്യം നേടി. ജ്യേഷ്ഠന് കലി കയറി. നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. ഉപ്പായുടെ കാലം കഴിയട്ടെ. നിന്നെ ഇവിടെ വെച്ചേക്കില്ല. ഈസ്വോ ഭീഷണിപ്പെടുത്തി.

    തുടര്‍ന്നു പിതാവിനെ സമീപിച്ചു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. പിതാവ് ഈസ്വോക്ക് വേറെ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ സന്തതികള്‍ക്ക് ഭൂമിയിലെ പരുക്കന്‍ പ്രദേശങ്ങള്‍ കീഴ്പ്പെടുത്തിക്കൊടുക്കാനും അവരുടെ വിഭവങ്ങളിലും കായ്കനികളിലും അഭിവൃദ്ധിയുണ്ടാകാനും ദുആ ചെയ്തു.

    ഈസ്വോവിന്‍റെ ഭീഷണി കേട്ട് മാതാവിന് വേവലാതിയായി. അവന്‍ സഹോദരന്‍ യഅ്ഖൂബിനെ കൊന്നു കളയുമോ? ആ മാതൃഹൃദയം വെമ്പി. എങ്ങനെയെങ്കിലും അവനെ രക്ഷപ്പെടുത്തണം. അതിന് എന്തുണ്ട് വഴി? അവര്‍ ആലോചിച്ചു. ഒടുവില്‍ തീരുമാനിച്ചു. യഅ്ഖൂബിനെ സ്ഥലം മാറ്റുക. ഈസ്വോയുടെ കണ്‍വെട്ടത്ത് നിന്ന്‍ മാറ്റി നിര്‍ത്തുക. തന്‍റെ സഹോദരന്‍ ലാബാന്‍ ‘ഹര്‍റാന്‍’ ദേശത്താണ് താമസം. അവിടെ അവന്‍ കുടുംബവും ചുറ്റുപാടുമായി നല്ല നിലയില്‍ കഴിയുകയാണ്. യഅ്ഖൂബിനെ അങ്ങോട്ടു പറഞ്ഞയക്കാം. അവിടെ ചെന്നു ലാബാനിന്‍റെ മകളെ വിവാഹം ചെയ്തു സ്വസ്ഥമായി കഴിയട്ടെ. ഈസ്വോയുടെ കലിയടങ്ങിയ ശേഷം തിരിച്ചു വരാം.

    പിതാവിനോടും കാര്യം ഉണര്‍ത്തി. അദ്ദേഹത്തിനും എതിര്‍പ്പില്ലായിരുന്നു.

   അങ്ങനെ യഅ്ഖൂബ്(عليه السلام) നാടു വിട്ടു. ദീര്‍ഘമായ യാത്ര. തനിച്ചുള്ള യാത്ര. വഴിക്ക് നേരം ഇരുട്ടിയപ്പോള്‍ യാത്ര ദുഷ്കരമായി. എവിടെയെങ്കിലും വിശ്രമിക്കണമെന്നായി. അങ്ങനെ വഴിയിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കല്ലെടുത്ത് തലയിണയാക്കി കിടന്നുറങ്ങി.

    ഉറക്കത്തില്‍ കണ്ട സ്വപ്നത്തില്‍ ലയിച്ചു മുന്നേറവേ ഞെട്ടിയുണര്‍ന്നു. തന്‍റെ തൊട്ടടുത്ത് നിന്ന്‍ ആകാശത്തേക്ക് ഒരു കോണിപ്പടി സ്ഥാപിച്ചിരിക്കുന്നു! അതിലൂടെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനിടയില്‍ അള്ളാഹു തന്നെ അഭിസംബോധന ചെയ്തു കൊണ്ടു പറയുന്നു:

    “നിനക്കും നിന്‍റെ മിക്ക സന്തതികള്‍ക്കും എന്‍റെ ആശീര്‍വാദമുണ്ടാകും. ഈ ഭൂമി നിനക്കും നിന്‍റെ പിന്‍ഗാമികള്‍ക്കും ഞാന്‍ നിശ്ചയിച്ചു തന്നിരിക്കുന്നു.”

    ഉണര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി. വലിയ വാഗ്ദാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഭാവി സംബന്ധിച്ച പ്രതീക്ഷാനിര്‍ഭരമായ ഉണര്‍ത്തലുകള്‍. ഇതില്‍ ആവേശഭരിതനായി അദ്ദേഹം ഉറപ്പിച്ചു. “ഞാന്‍ ഈ വഴിക്ക് തിരിച്ചു വരാനിടയായാല്‍ ഇവിടെ അള്ളാഹുവിന് ഒരു ആരാധനാ ഗേഹം നിര്‍മിക്കും. തനിക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ പത്തിലൊന്ന് ദൈവത്തിന് മാറ്റി വെക്കും.”

    തുടര്‍ന്ന്‍ താന്‍ തലയിണയാക്കിയ കല്ലില്‍ അടയാളപ്പെടുത്തിവെച്ചാണ് ആ സ്ഥലം വിട്ടത്. ഈ സ്ഥലമാണ് പിന്നീട് ബൈത് ഈല്‍ (ദൈവത്തിന്‍റെ ഭവനം) എന്നറിയപ്പെട്ടത്. ഇന്ന് ബൈത്തുല്‍ മുഖദ്ദസ് നില കൊള്ളുന്ന സ്ഥലമാണിത്. യഅ്ഖൂബ് നബിയുടെ (عليه السلام) നേതൃത്വത്തിലാണതിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്.....
                     (തുടരും ...)