കുടുംബം ഭൂമിയിലെ സ്വര്‍ഗമാവണം

58

മത ബോധമുള്ള കുടുംബത്തെ ഭൂമിയിലെ സ്വര്‍ഗമെന്നാണ് തിരുനബി (സ്വ) വിശേഷിപ്പിച്ചത്. ഭൂമിയിലെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സൗഭാഗ്യമില്ലാത്തവന് പരലോകത്തെ സ്വര്‍ഗം ലഭ്യമല്ല.
വിവാഹം വിശുദ്ധമായ കര്‍മമാണ്; അതിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. ആദമും ഹവ്വയും വഴിയാണ് ലോകത്ത് മനുഷ്യന്‍ വ്യാപിച്ചിരിക്കുന്നത്. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വൈവാഹിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിശുദ്ധ ഇസ്‌ലാം അവിഹിത ബന്ധങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുന്നു.
വിവാഹത്തിന് സാഹചര്യമൊരുങ്ങാത്തവര്‍ വ്രതമനുഷ്ടിക്കാനും ചാരിത്ര്യ ശുദ്ധി കാത്തുസൂക്ഷിക്കാനുമാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം.

📝ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘വിവാഹ ചെലവുകള്‍ വഹിക്കാന്‍ കഴിയുന്നവര്‍ വിവാഹിതരാവട്ടെ, അത് കണ്ണിനും ഗുഹ്യസ്ഥാനത്തിനും സുരക്ഷയും സംരംക്ഷണവുമാണ്. സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ, നോമ്പ് വികാരത്തെ ശമിപ്പിക്കുന്നതാണ്.’
അല്ലാഹുവിന്റെ നാമമുച്ചരിച്ചാണ് ഇസ്‌ലാമില്‍ വിവാഹവും ദാമ്പത്യവും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ, അതില്‍ ബറകത്തുണ്ടാകും. അത് ദീര്‍ഘ കാലം നീണ്ടുനില്‍ക്കും. അവിഹിത ബന്ധമാവട്ടെ അതിന് അല്‍പായുസ്സേ ഉണ്ടാവുകയുള്ളൂ.
കുടുംബ ജീവിതം വിജയകരമാവുന്നതില്‍ പ്രാര്‍ത്ഥന പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കാനിരിക്കുന്നവരും അല്ലാത്തവരും പതിവാക്കേണ്ട ഒരു പ്രാര്‍ത്ഥനയാണ് സൂറത്തുല്‍ ഫുര്‍ഖാന്‍ 74-ാം സൂക്തത്തില്‍ അല്ലാഹു പ്രതിപാദിക്കുന്നത്.
”നാഥാ, ഞങ്ങളുടെ ഭാര്യാസന്താനങ്ങളില്‍ ഞങ്ങള്‍ക്ക് നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണേമേ എന്നും അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍”. വൈവാഹിക ജീവിതത്തിലെ നല്ല നാളെകള്‍ക്കുവേണ്ടി ഇത് പതിവാക്കല്‍ നല്ലതാണ്.

*👨‍👩‍👧‍👦കുടുംബ ജീവിതത്തിന്റെ ലക്ഷ്യം*

കുടുംബ ജീവിതത്തിന് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുള്ളത്.
🔅ഒന്ന്: മാനുഷിക വികാരങ്ങളെ നിഷിദ്ധമായവയില്‍ നിന്ന് സംരക്ഷിച്ച് അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ സൗകര്യപ്പെടുത്തുക.
🔅രണ്ട്: സന്താന സൗഭാഗ്യത്തിലൂടെ മനുഷ്യവംശം നിലനിര്‍ത്തുക.
സന്താനങ്ങള്‍ ജനിക്കാന്‍ ഒരുപാടു കാലം കാത്തിരുന്ന പ്രവാചകന്മാരെ നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അവരില്‍ പ്രമുഖനായിരുന്നു സകരിയ്യ (അ). സൂറത്ത് ആലു ഇറാനിലെ 35 മുതല്‍ 41 കൂടിയുള്ള സൂക്തങ്ങള്‍ ആ ചരിത്രം വിവരിക്കുന്നുണ്ട്. ബൈത്തുല്‍ മുഖദ്ദസിന്റെ സേവനത്തിനായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കുന്ന പതിവ് അന്ന് ഇസ്‌റാഈല്യരിലുണ്ടായിരുന്നു. തന്റെ ഗര്‍ഭസ്ഥശിഷു ആണായിരിക്കുമെന്ന ധാരണയില്‍ ഹന്നത്ത് ബീവിയും അങ്ങനെ നേര്‍ച്ചയാക്കി. പ്രസവിച്ചപ്പോള്‍ കുഞ്ഞ് പെണ്ണായിരുന്നു. പതിവിനെതിരായി പെണ്‍കുട്ടിയെ പള്ളിയില്‍ സ്വീകരിച്ചു. കുട്ടിയുടെ മാതൃസഹോദരീഭര്‍ത്താവായ സക്കരിയ്യാ നബിയായിരുന്നു രക്ഷിതാവ്. ശേഷം, അവിടെവെച്ചുണ്ടായ സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:
”അവരുടെ സമീപം മിഹ്‌റാബില്‍ കടന്നുചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു. ഓ, മര്‍യം നിനക്കിത് എവിടന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നവര്‍ പ്രത്യുത്തരം നല്‍കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കും”.

✳തദവസരത്തിലാണ് സകരിയ്യാ നബി സന്താന സൗഭാഗ്യത്തിനുവേണ്ടി ദുആ ചെയ്യുന്നത്. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയും മലക്കുകള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. തത്സമയം സകരിയ്യാ നബി ചോദിച്ചു:
”ഞാന്‍ വയോവൃദ്ധനും എന്റെ സഹധര്‍മ്മിണി വന്ധ്യയും ആയിരിക്കെ എനിക്കെങ്ങനെ ഒരു മകനുണ്ടാകും.” അള്ളാഹു മറുപടി നല്‍കുകയും വ്യക്തമായ ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കുകയും ചെയ്തു (ആലു ഇംറാന്‍: 40-44 സൂക്തങ്ങള്‍ നോക്കുക).
മുകളില്‍ പറഞ്ഞ ആയത്തില്‍ ഭാര്യയെ സൂചിപ്പിക്കാന്‍ ശ്ലഷ്ടച്ഛല്ലസ്ല എന്നാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സന്താനം ജനിച്ചതിനു ശേഷം ഖുര്‍ആന്‍ ഭാര്യയെ സൂചിപ്പിക്കുന്നത് ഹ്മകുസ്റ്റ എന്ന പദപ്രയോഗം കൊണ്ടാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:
”തത്സമയം അവര്‍ക്ക് നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യയെ കനിഞ്ഞേകുകയും അതിനു സഹധര്‍മ്മിണിയെ യോഗ്യയാക്കുകയുമുണ്ടായി” (അല്‍ അമ്പിയാഅ്: 90).

🤱സന്താന സൗഭാഗ്യം ലഭിക്കാത്തവര്‍ ദുആ പതിവാക്കണമെന്ന് ഈ ചരിത്ര സംഭവം ഉണര്‍ത്തുന്നു.
ഖുര്‍ആന്‍ അമ്പിയാക്കളെ പരിചയപ്പെടുത്തുമ്പോള്‍ കുടുംബത്തെയും പ്രതിപാദിച്ചു. ആദം നബി(അ)യുടെ കൂടെ ഭാര്യ ഹവ്വാ ബിവിയെയും ദാവൂദ് നബി(അ)യുടെ കൂടെ മകന്‍ സുലൈമാന്‍ നബി(അ)യെയും പറഞ്ഞു. ഇബ്‌റാഹീം നബിയുടെ ചരിത്രം ഭാര്യമാരായ സാറാബീവിയും ഹാജറാ ബീവിയും മക്കളായ ഇസ്ഹാഖ്, ഇസ്മാഈല്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ്. പിതാവ് ഇംറാന്‍, ഉമ്മ, സഹോദരി മര്‍യം എന്നിവര്‍ അടങ്ങുന്നതാണ് ഖുര്‍ആനിലെ മൂസാനബിയുടെ ചരിത്രം. യൂസുഫ് നബിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ 11 സഹോദരങ്ങള്‍, പിതാവ്, മാതാവ് എന്നിവരെ പ്രതിപാദിച്ചതായി കാണാം. യൂസുഫ് നബിയുടെ വിഖ്യാതമായ സ്വപ്നവും വ്യാഖ്യാനവും മാതാപിതാക്കളുടെ മഹത്വം നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പറയുന്നു:
”യൂസുഫ് നബി തന്റെ പിതാവ് യഅ്ഖൂബ് നബിയോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രെ, എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാന്‍ കിനാവ് കാണുകയുണ്ടായി” (യൂസുഫ്: 4).
ഇവിടെ സൂര്യന്‍ പിതാവിനെ പ്രതിനിധീകരിക്കുമ്പോള്‍ ചന്ദ്രന്‍ മാതാവിനെ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങള്‍ അര്‍ത്ഥമാക്കുന്നത് 11 സഹോദരങ്ങളെയാണ്. സൂര്യനു തുല്യനായ പിതാവും ചന്ദ്രനു തുല്യയായ മാതാവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നവരാണെന്ന പാഠമാണ് ഈ സ്വപ്നവ്യഖ്യാനം നമുക്കു പകര്‍ന്നു തരുന്നത്.
കുടുംബ ബന്ധങ്ങളും സ്‌നേഹബന്ധങ്ങളും നിലനിറുത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു നബി(സ്വ). അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മയുടെ ഖബ്‌റ് സിയാറത്ത് ചെയ്യാന്‍ പോയ നബി(സ്വ) കരയുകയും കൂടെയുള്ളവരെ കരയിക്കുകയും ചെയ്തിരുന്നു. മാതാവുമായുള്ള ബന്ധം നിലനിറുത്തുകയായിരുന്നു നബി(സ്വ). സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്ന നബി(സ്വ) ദിവസേന തങ്ങളുടെ മകള്‍ ഫാത്വിമ(റ)യുടെ വീടിനു സമീപത്തുകൂടിയായിരുന്നു കടന്നുപോയിരുന്നത്. മകളുമായുള്ള സ്‌നേഹബന്ധമാണിവിടെ ഊട്ടിയുറപ്പിക്കുന്നത്. ഭാര്യമാര്‍, മക്കള്‍, പേരമക്കള്‍ തുടങ്ങിയവരുമായുള്ള സഹവര്‍തിത്വത്തിന്റെയും സ്‌നേഹപ്രകടനങ്ങളുടെയും സാക്ഷ്യങ്ങള്‍ ഇന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ മായാതെ കിടപ്പുണ്ട്. മരുമകനായ അലി(റ)യുടെ ഉമ്മ ഫാത്തിമ ബിന്‍ത് അസദ്(റ)യെ അത്യധികം ബഹുമാനിച്ചിരുന്നു നബിതങ്ങള്‍. രോഗശയ്യയില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിക്കുകയും മരണശേഷം ഖബറടക്കുമ്പോള്‍ ഖബ്‌റിലേക്കിറങ്ങുകയും സ്വന്തം പുതപ്പില്‍ പൊതിഞ്ഞ് അവരെ മറവ് ചെയ്യുകയും ചെയ്തു. കരളിന്റെ കഷ്ണമായ മകള്‍ ഫാത്വിമയുടെ ഭര്‍ത്താവിന്റെ ഉമ്മയായതിനാലായിരുന്നു നബി(സ്വ) ഇതെല്ലാം ചെയ്തത്.
കുടുബബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ കാത്തിരിക്കുന്നത് സ്വര്‍ഗീയസുഖങ്ങളാണ്. മിഅ്‌റാജിന്റെ രാവില്‍ സ്വര്‍ഗം കാണിക്കപ്പെട്ട നബി(സ്വ) ചില ശബ്ദങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാചകന്‍ ചോദിച്ചു: ആരാണിത്? മറുപടി വന്നു: അത് ഹാരിസത്തുബ്‌നു നുഅ്മാന്‍ ആണ്. അദ്ദേഹം മാതാവിന് ഗുണം ചെയ്യുന്നവരായിരുന്നു. നബി(സ്വ) പറഞ്ഞു: ഇതു തന്നെയാണ് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നവരുടെ പ്രതിഫലം. മറ്റൊരു സന്ദര്‍ഭം നബി(സ്വ) വിവരിക്കുന്നു: ”ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു (മിഅ്‌റാജ് രാവില്‍). ഉമ്മു സുലൈമിനെ ഞാനവിടെ കണ്ടു. ഞാന്‍ ചോദിച്ചു: എന്നെക്കാള്‍ മുമ്പേ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവോ? തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തിയവളായതിനാലാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതെന്ന് എന്നോട് പറയപ്പെട്ടു.”
ഈ രണ്ടു സംഭവങ്ങളും കുടുബബന്ധങ്ങള്‍ സുക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

👉കുടുംബത്തെ നന്മയിലേക്ക് ക്ഷണിക്കല്‍ കുടുംബനാഥന്റെ ഉത്തരവാദിത്തമാണ്. അതിലൂടെയാണ് കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും കൈവരുന്നത്.

👉കുടുംബമായി നിര്‍വ്വഹിക്കപ്പെടുന്ന ആരാധനാകര്‍മ്മങ്ങള്‍ക്ക് അളവറ്റ പ്രതിഫലമാണ് ഇസ്‌ലാമില്‍ നല്‍കപ്പെടുന്നത്. പ്രവാചകന്‍ പറയുന്നു: ‘ആരെങ്കിലും രാത്രി ഉണരുകയും ഭാര്യയെ ഉണര്‍ത്തുകയും ഒരുമിച്ച് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ അവര്‍ ഗണിക്കപ്പെടുന്നതാണ്.’ സഹജീവനത്തിന്റെ മഹത്വം കൂടിയാണ് ഈ ഹദീസിലൂടെ വ്യക്തമാവുന്നത്.

*💖സ്‌നേഹബന്ധം നിലനില്‍ക്കാന്‍ അഞ്ചു കാര്യങ്ങള്‍*

സ്‌നേഹബന്ധങ്ങള്‍ നിലനില്‍ക്കാന്‍ പ്രധാനമായും അഞ്ചു കാര്യങ്ങള്‍ കുടുംബത്തെ സഹായിക്കുന്നു.

❇1. ഒന്നിച്ച് നിസ്‌കരിക്കുക.

ഒരേ സമയേം രണ്ടു മനസ്സുകളും അല്ലാഹുവിലേക്ക് തിരിയുന്ന സുന്ദരമായ നിമിഷം സംജാതമാവുന്നു ഇതിലൂടെ. അലി(റ), ഫാത്വിമ(റ) ദമ്പതികളുടെ വൈവാഹിക ജീവിതത്തില്‍ നമുക്കിതു കാണാന്‍ സാധിക്കുന്നതാണ്. അവരുടെ വിവാഹ ദിവസം ‘നിങ്ങള്‍ ഇരുവരും ഒരുമിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ച്’ ദാമ്പത്യം തുടങ്ങുക എന്നതായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം.
ഇങ്ങനെ സംശുദ്ധമായി പ്രാരംഭം കുറിച്ച ഈ ദാമ്പത്യജീവിതത്തിലൂടെയാണ് നബി(സ്വ)യുടെ സന്താനപരമ്പര നിലനിന്നുപോരുന്നത്.
വീട്ടില്‍ വെച്ചുള്ള നിസ്‌കാരം അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ കാരണമാവുന്നു.
”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ വെച്ച് നിസ്‌കരിക്കുകയാണെങ്കില്‍ അതിലൊരു ഭാഗം വീട്ടില്‍ വെച്ചും നിസ്‌കരിച്ചു കൊള്ളട്ടെ, കാരണം, അല്ലാഹു അവന്റെ നിസ്‌കാരം കാരണം വീട്ടില്‍ അനുഗ്രഹം ചൊരിയുന്നതാണ്’ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

❇2. ഒന്നിച്ചിരുന്ന് ഖുര്‍ആന്‍ ഓതുക.

വീട്ടില്‍ വെച്ചുള്ള ഖുര്‍ആന്‍ പാരായണം വീട് നന്മകള്‍ നിറഞ്ഞതാവാന്‍ കാരണമാവും.

❇3. ഒന്നിച്ച് അല്ലാഹുവിനെ സ്മരിക്കുക, ദിക്‌റ് ചൊല്ലുക.
❇4. ഒന്നിച്ചിരുന്ന് ദുആ ചെയ്യുക.
അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ എപ്പോഴും ജീവസ്സുറ്റതായിരിക്കും. നന്മകള്‍ വിളയാടും.
‘അള്ളാഹു സ്മരിക്കപ്പെടുന്ന വീടും, സ്മരിക്കപ്പെടാത്ത വീടും ജീവനുള്ളവന്റെയും ജീവനില്ലാത്തവന്റെയും ഉദാഹരണം പോലെയാണ്.”
❇5. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക.

മനസ്സുകള്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കാനും ബറക്കത്തിറങ്ങാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാരണമാവുന്നു.
സ്വഹാബാക്കള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ ഭക്ഷണംകഴിക്കുന്നു. എന്നാല്‍ വയര്‍ നിറയുന്നില്ല. നബി(സ) ചോദിച്ചു: നിങ്ങള്‍ വേര്‍പിരിഞ്ഞിരുന്നാണോ ഭക്ഷണം കഴിക്കാറ്? നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിങ്ങള്‍ക്കതില്‍ ബറക്കത്ത് ചൊരിയപ്പെടും.”
കുടുംബത്തില്‍ ഇസ്‌ലാമിക ചൈതന്യം നിലനിന്നാല്‍ സ്‌നേഹ ബന്ധങ്ങള്‍ നിലനില്‍ക്കുകയും കുടുംബ ശൈഥില്യങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് നമുക്ക് ഉറപ്പിക്കാം.

🕋ഹജ്ജ് ഒരു കുടുംബത്തിന്റെ കഥ പറയുന്നു
ഇസ്‌ലാം ഗൗരവത്തോടെയാണ് കുടുംബജീവിതത്തെ കാണുന്നത്. വൈവാഹിക ബന്ധത്തിലൂടെ ഒന്നായിത്തീരുന്ന ഈ ബന്ധത്തെ ഈടുറ്റ ഒരു കരാറായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
ഒരു കുടുംബത്തെ ബന്ധപ്പെടുത്തി ഒരു ആരാധന തന്നെയുണ്ട് ഇസ്‌ലാമില്‍. ഹജ്ജും ഉംറയും. ത്വവാഫിന്റെ സമയം കഅ്ബ കാണുമ്പോള്‍ ഒരു പിതാവിനെയും മകനെയും ഓര്‍മ്മ വരുന്നു വിശ്വാസിക്ക്.
സഅ്‌യ് ചെയ്യുമ്പോള്‍ വിശന്നു കരയുന്ന തന്റെ കുഞ്ഞ് ഇസ്മാഈലിനു വേണ്ടി സഫാമര്‍വകള്‍ക്കിടയില്‍ ഓടിനടന്ന ഉമ്മ ഹാജര്‍ ബീവിയെ ഓര്‍മ വരുന്നു.
സംസം വെള്ളം കുടിക്കുമ്പോള്‍ വിശന്നവശനായി കാലിട്ടടിച്ച കുഞ്ഞ് ഇസ്മാഈല്‍ (അ) ഓര്‍മയില്‍ തെളിയുന്നു. യഥാര്‍ത്ഥത്തില്‍ ഒരു പിതാവ് മകനു വേണ്ടി ചെയ്ത പ്രാര്‍ത്ഥനയുടെ ഉത്തരമായിരുന്നു സംസം. പിതാവ് ഇബ്‌റാഹീം (അ) പ്രാര്‍ത്ഥിച്ചു:
” ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഗേഹ (കഅ്ബ) ത്തിനു സമീപം- അവര്‍ കൃത്യമായി നിസ്‌കാരം നിലനിറുത്താനായി ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനഹൃദയങ്ങള്‍ അവരോട് ചായവുള്ളതാക്കുകയും, അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ, അവര്‍ കൃതജ്ഞരായേക്കാം.” (ഇബ്‌റാഹീം: 37).

അല്ലാഹുവിന്റെ വിധിപ്രകാരം 3000ലധികം കിലോമീറ്ററുകള്‍ക്കപ്പുറം ഫലസ്ഥീനില്‍ നിന്നും കൊണ്ടുവന്നായിരുന്നു ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യ ഹാജര്‍ ബീവിയെയും മകന്‍ ഇസ്മാഈലിനെയും വിജനമായ മക്കയില്‍ താമസിപ്പിച്ചത്. ഒരു പിതാവിന്റെ പ്രാര്‍ത്ഥനയുടെ മഹത്വം കൂടി സംസം വിളിച്ചോതുന്നു.
മിനയില്‍ വെച്ചായിരുന്നു ഇബ്‌റാഹീം നബി മകന്‍ ഇസ്മാഈലിനെ അറുക്കാന്‍ കൊണ്ടു പോകുമ്പോള്‍ വഴിപിഴപ്പിക്കാന്‍ വന്ന പിശാചിനെ കല്ലെറിഞ്ഞു ഓടിച്ചത്.
ഒരു പിതാവ് മകനുമായി കൂടിയാലോചിച്ച ഒരു കര്‍മം കൂടിയാണ് ഉള്ഹിയത്ത്. ഖൂര്‍ആന്‍ പറയുന്നു:
”അദ്ദേഹം പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ അറുക്കണമെന്ന് എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ നിലാപാടെന്താണ്? കുട്ടി പ്രതികരിച്ചു: ബാപ്പാ അനുശാസിക്കപ്പെടുന്നത് എന്താണോ അത് താങ്കള്‍ നിര്‍വഹിച്ചു കൊള്ളുക. ക്ഷമാശീലനായി ഇന്‍ഷാ അല്ലാഹ് താങ്കളെന്നെ കാണും.” (സ്വാഫാത്ത്: 102).

വര്‍ഷങ്ങള്‍ക്കുശേഷം ഫലസ്ഥീനില്‍ നിന്നു തിരിച്ചുവന്നാണ് ഇബ്‌റാഹീം നബി മകനെ അറുക്കാന്‍ കൊണ്ടുപോകുന്നത്. ഇവിടെ ശ്രദ്ധേയമായൊരു കാര്യം, കാലങ്ങള്‍ക്കു ശേഷം പിതാവിനെ കണ്ടുമുട്ടിയ ഇസ്മാഈല്‍ നബി ഒരിക്കലും ചോദിച്ചില്ല, ആരാണീ വന്നിരിക്കുന്നതെന്ന്. കാരണം ഉമ്മ ഹാജര്‍ ബീവി സദാസമയവും പിതാവിനെക്കുറിച്ച് മകന് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. വിദേശത്ത് കഴിയുന്ന ഭര്‍ത്താക്കന്മാരുള്ള കുടുംബിനികള്‍ക്ക് ഹാജര്‍ ബീവിയില്‍ മാതൃകയുണ്ട്


Comments