ഒരു റിയാലിന്റെ മൂല്യം!
സഊദി
അറേബ്യയുമായി ബന്ധമുള്ളവർ അൽ റാജിഹീ കുടുംബത്തെ അറിയാതിരിക്കില്ല. വ്യവസായ -
വാണിജ്യ രംഗത്ത് രാജ്യത്തെ അത്രയേറെ ഖ്യാതിയും പ്രശസ്തിയും നേടിയ കുടുംബമാണ്. അൽ
റാജിഹീ ബാങ്ക് മുതൽ വിവിധ നിക്ഷേപ - വാണിജ്യ സംരംഭങ്ങളിലായി വർഷം പ്രതി ബില്യൻ
കണക്കിന് റിയാൽ വിറ്റുവരവുള്ള, ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന
സ്ഥാപനങ്ങളുടെ ഉടമയാണീ കുടുംബം.
ആ
കുടുംബത്തിലെ കാരണവരായ സുലൈമാൻ അബ്ദുൽ അസീസ് അൽ റാജിഹീയുമായി ബന്ധപ്പെട്ടു
വിവരിക്കപ്പെടുന്ന ഒരു സംഭവം ഏറെ
ഹൃദയസ്പൃക്കും കൗതുകകരവും അനുകരണീയവുമാണ്.
അദ്ദേഹം
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ
ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരു ദിവസം ക്ലാസിലെ കുട്ടികളെല്ലാം കൂടി ഒരു
വിനോദയാത്ര പോകാൻ തീരുമാനിച്ചു. അതിനു ഓരോ കുട്ടിയും ഓരോ റിയാൽ ചെലവിനായി നൽകണം.
സുലൈമാന്റെ
കയ്യിൽ കാശില്ലായിരുന്നു. വീട്ടിൽ വന്ന് പറഞ്ഞപ്പോൾ അവരും കുട്ടിയെ ഒരു റിയാൽ നൽകി
സഹായിക്കാൻ പറ്റിയ നിലയില്ല.
പിറ്റേ ദിവസം
കുട്ടി ക്ലാസിൽ വന്നപ്പോൾ എല്ലാ കുട്ടികളും ഓരോ റിയാൽ അധ്യാപകനെ ഏൽപ്പിച്ചെങ്കിലും
സുലൈമാന് അതിന് കഴിഞ്ഞില്ല. ആ കുഞ്ഞു മനസ് വല്ലാതെ വേദനിച്ചു. അവരെല്ലാം യാത്ര
പോകും. പക്ഷെ, തനിക്ക് പോകാൻ പറ്റില്ല!
കുട്ടിയുടെ
സങ്കടം കണ്ട അധ്യാപകൻ ഒരു സൂത്രം പ്രയോഗിച്ചു.കുട്ടിയോട് ലളിതമായ ഒരു ചോദ്യം
ചോദിച്ചു. അതിന് ഉത്തരം പറഞ്ഞപ്പോൾ സമ്മാനമായി ഒരു റിയാൽ നൽകി. അങ്ങനെ കുട്ടികളുടെ
കൂടെ യാത്ര പോകാനുള്ള സുലൈമാന്റെ സ്വപ്നം പൂവണിഞ്ഞു.
കാലം
മുന്നോട്ടു പോയി. ജീവിതയാത്രയിൽ ആ കുട്ടി പിന്നീട് വലിയ സമ്പത്തിന്റെയും
സൗഭാഗ്യങ്ങളുടെയും ഉടമയായി. അതിനിടയിൽ തന്റെ കുട്ടിക്കാലത്ത് നടന്ന ആ സംഭവം
അദ്ദേഹത്തിന്റെ മനസിൽ കടന്നു വന്നു.
അന്ന് ആ
അധ്യാപകൻ തനിക്ക് തന്ന ഒരു റിയാൽ കടമായിരിക്കുമോ? അതോ ദാനമോ? എന്താണെങ്കിലും
തനിക്ക് ആ ഒരു റിയാൽ അന്ന് നൽകിയ സന്തോഷം വിലമതിക്കാനാവാത്തതാണ്. അതിന് അധ്യാപകനെ
കണ്ടു കടം തീർക്കണം.
പിന്നെ
അന്വേഷണമായി. പഴയ സ്കൂളിലും വിദ്യാഭ്യാസ വകുപ്പിലുമെല്ലാം അന്വേഷിച്ചു അധ്യപകന്റെ
വിലാസം കണ്ടു പിടിച്ചു.
വീട്ടിലെത്തിയപ്പോൾ
അയാൾ ജോലി നഷ്ടപ്പെട്ടു സ്വദേശമായ ഫലസ്ഥീനിലേക്ക് തിരിച്ചു പോകാനുളള
ഒരുക്കത്തിലാണ്. കുശലാന്വേഷണത്തിന് ശേഷം അദ്ദേഹം അധ്യാപകനോട് പറഞ്ഞു. 'നമ്മൾ
തമ്മിൽ ഒരു ഇടപാട് തീർക്കാനുണ്ട്. അതിനാണ് ഞാൻ വന്നത്.
'ഇടപാടോ? അയ്യോ,
എനിക്ക് ആരും ഒരു ഇടപാടും നൽകാനില്ലല്ലോ.' അന്നേരം അൽ റാജിഹീ പഴയ സംഭവം
ഓർമിപ്പിച്ചു. അത് കേട്ട അധ്യാപകൻ ചിരിച്ചു.
വരൂ, നമുക്ക്
പുറപ്പെടാം. അദ്ദേഹം അധ്യാപകനേയും കൂട്ടി കാറിൽ സഞ്ചരിച്ചു. വണ്ടി മനോഹരമായ ഒരു
വില്ലയുടെ മുന്നിൽ നിന്നു. വില്ലയുടെ മുറ്റത്ത് ഒരു കാറും നിൽപ്പുണ്ട്.
അധ്യാപകനെ
വില്ലയുടെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഇരുത്തിയ ശേഷം താക്കോൽ അധ്യാപകന്
നൽകിക്കൊണ്ട് പറഞ്ഞു - ഈ വില്ല നിങ്ങൾക്കുള്ളതാണ്. പുറത്തുള്ള കാറും ഇനി മുതൽ
നിങ്ങളുടേതാണ്. കൂടാതെ നിങ്ങളുടെ ജീവിതകാലം നിശ്ചിത സംഖ്യ മാസം പ്രതി വേതനമായി
നിങ്ങളുടെ അക്കൗണ്ടിലെത്തും. നിങ്ങളുടെ ഒരു മകന് എന്റെ കമ്പനിയിൽ ജോലിയും ഞാൻ
ഏർപ്പാട് ചെയ്തിട്ടുണ്ട്.'
എല്ലാം
കേട്ടു അന്താളിച്ചു കണ്ണു തള്ളിപ്പോയ അധ്യാപകൻ വിശ്വാസം വരാതെ ചോദിച്ചു - ആ ഒരു
റിയാലിന് പകരമാണോ ഇതെല്ലാം?
'അതെ. അന്ന് ആ ഒരു
റിയാൽ എനിക്ക് നൽകിയ ആഹ്ലാദം ഇതിലും എത്രയോ പതിന്മടങ്ങാണ്.' അൽറാജിഹീ
പ്രതികരിച്ചു.
കടന്നു വന്ന
വഴിയിലെ കൊച്ചു സംഭവം പോലും ഓർത്തെടുത്തു ഇത്ര മധുരമായി പ്രത്യൂപകാരം ചെയ്യാൻ
വെമ്പുന്ന ആ മനസിന്റെ വെൺമയും വിശുദ്ധിയും ഓർത്തു വിസ്മയിച്ചു നിൽക്കാനേ നമുക്ക്
കഴിയൂ.
- സിദ്ദീഖ് നദ് വി
ചേരൂർ
Comments
Post a Comment