അലീമ
നാഫീ..
ഇന്ന് അലീമയുടെ കല്യാണം ആയിരുന്നു ട്ടോ..
അപ്പോ അവളുടെ കുഞ്ഞോ..?
"വീട്ടിലുണ്ട് "
ക്ലാസ്സിലേക്ക് പോവുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ് കുഞ്ഞിനെ
പതിവ് തെറ്റാതെയുള്ള ഉമ്മച്ചിയുടെ രാവിലെയുള്ള ഫോൺവിളി കാതിലെത്തിച്ചത് ശുഭകരമായ വാർത്തയാണെങ്കിലും സന്തോഷത്തേക്കാളേറെ സങ്കടമാണ് തോന്നിയത്..
പരീക്ഷയിൽ ഒന്ന് മാർക്ക് കുറഞ്ഞാലും വീട്ടിൽ ഉമ്മ പറയുന്ന ജോലി ചെയ്യാതെ മടിച്ചിരിക്കുംമ്പോഴും
"നീയാ സുബൈദാന്റെ മകൾ അലീമയെ കണ്ടു പഠിക്കെന്ന് പറയുന്ന ഉമ്മയുടെ സ്ഥിരം ഡയലോഗ് കേൾക്കുമ്പോൾ അവളാണോ ഞാനാണോ ഇങ്ങടെ മോളെന്ന് അമർഷത്തോടെ ചോദിക്കുമെങ്കിലും ഉമ്മക്കെന്ന പോലെ എനിക്കും അലീമ പ്രിയപ്പെട്ടവളായിരുന്നു..
തറവാടിന് തൊട്ടടുത്തുള്ള വീട്ടിലേക്ക് വാടകക്കാരിയായി സുബൈദത്തയും അലീമയും വരുമ്പോൾ അവൾക്ക് പത്തു വയസ്സായിരുന്നു പ്രായം.ഉമ്മിയുടെ ചെറുപ്പകാല കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്ന സുബൈദത്തയെ നേരിൽ കാണാതെ തന്നെ എനിക്ക് സുപരിചിതയായിരുന്നു..
നാട്ടിലെ പേരുകേട്ട പ്രമാണിയുടെ മകൾ..സ്കൂളിലേക്ക് ഗൾഫിന്റെ മണമുള്ള പാവാടയും ആർക്കുമില്ലാത്ത നിറയെ പൂക്കളുള്ള ബാഗും ഉയരം കൂടിയ ചെരുപ്പുമിട്ട് വരുന്ന സുബൈദയെ അസൂയയോടെ നോക്കി നിന്നിരുന്നവരിൽ ഒരാളായിരുന്നു എന്റെ ഉമ്മിയും.
പ്രായം പതിനഞ്ചാകും മുന്പേ പണക്കാരനായ അബ്ദുവുമായുള്ള വിവാഹം നാടും വീടും ആഘോഷത്തോടെ നടത്തിയെങ്കിലും ഒരു വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ദാമ്പത്യത്തിന്.
അബ്ദുവിന്റെ കച്ചവടത്തിൽ നഷ്ടം വന്നപ്പോൾ ഭാര്യയുടെ ആഭരങ്ങൾ വീട്ടുകാരറിയാതെ പണയം വെച്ചെന്ന് പറഞ്ഞ് ബാപ്പയും ആങ്ങളമാരും നിർബന്ധപൂർവം മൊഴി ചൊല്ലിച്ചപ്പോൾ അലീമ കൈകുഞ്ഞായിരുന്നു..
തന്റെ മകൾക്കും പേരക്കുട്ടിക്കും ആയുഷ്കാലം ജീവിക്കാൻ ഞാൻ സമ്പാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ബാപ്പ മകളെ കൂടെ കൂടിയെങ്കിലും ആ വീട്ടിലുള്ള ജീവിതവും ബാപ്പയുടെ മരണം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പെങ്ങളെ പിന്നീട് ആങ്ങളമാർക്ക് ഒരു ഭാരമായി തോന്നി തുടങ്ങിയപ്പോൾ.. ആങ്ങളമാരുടെ മക്കൾക്കിടയിൽ തന്റെ കുട്ടി ഒരധികപറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ സുബൈദത്ത സ്വയം പടിയിറങ്ങി..
വീട്ടുജോലി ചെയ്തും ഞങ്ങൾ പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്ക് ഉച്ചകഞ്ഞി വെച്ചും വിളമ്പിയുമാണ് പിന്നീട് സുബൈദത്ത അലീമയെ വളർത്തിയത്..
ഒരേസ്കൂളിൽ ആയിരുന്നെങ്കിൽ കൂടെ പരസ്പരം കാണുമ്പോൾ ഒന്ന് ചിരിക്കമാത്രം ചെയ്തിരുന്ന അവൾ വീടിനടുത്തേക്ക് താമസം മാറിയതോടെ പതിയെ എന്റെ നല്ല കൂട്ടുകാരിയായി
മെലിഞ്ഞു വെളുത്തിരുന്ന അവളുടെ കണ്ണുകൾക്ക് പ്രതേക ഭംഗിയായിരുന്നു. പഠിക്കാനും മിടുക്കി.. സ്കൂളിലെ പല അസംബ്ലികളും അവൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു.. അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആണേലും പ്രായത്തിൽ കവിഞ്ഞ അവളുടെ പക്വത കണ്ട പലപ്പോഴും ഞാൻ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ കഴിയില്ല.. അവളെ പോലെ അവൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ..
വർഷം കുറേ കഴിഞ്ഞെങ്കിലും അവളെ കണ്ട പഠിക്കെന്ന വാക്ക് ഉമ്മച്ചി ഓരോ കുരുത്തക്കേട് കാണിക്കുമ്പോഴും ആവർത്തിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ടെങ്കിലും അവളെന്നെ കൂട്ടുകാരി എനിക്ക് അഹങ്കാരമായിരുന്നു.
പഠിച്ചു ജോലിയായില്ലെങ്കിലും ദുബായിക്കാരനെ കല്യാണം കഴിക്കണമെന്നും വിദേശത്ത് പോകണമെന്നും കുറേ യാത്രകൾ ചെയ്യണമെന്നൊക്കെയുള്ള എന്റെ സ്വപ്‌നങ്ങൾ അവൾ കേട്ടിരിക്കുമ്പോൾ
"പഠിക്കണം
"ജോലി നേടണം
"എന്റെ ഉമ്മിയെ നോക്കണം എന്നൊരു സ്വപനമല്ലാതെ അവൾ പറയുന്നത് ഞാൻ കേട്ടിട്ടില്ല... ഒരിഷ്ടവും അവളെന്നോട് പറഞ്ഞിട്ടില്ല.. ചെയ്യുന്നതെന്തോ കിട്ടുന്നതെന്തോ അതിലെല്ലാം സന്തോഷം കണ്ടെത്തും.. പരാതിയില്ല.. പരിഭവങ്ങളുമില്ല.
സ്കൂൾ ജീവിതം കഴിഞ്ഞ് രണ്ടുപേർക്കും ഒരേ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയപ്പോൾ
"നിനക്കെന്നെ വിടാൻ ഉദ്ദേശമില്ലല്ലേ "ന്ന് കളിയാക്കി ചോദിച്ചെങ്കിലും അന്ന് അവളെക്കാളേറെ ഞാൻ സന്തോഷിച്ചിരുന്നു..
പതിവ് പോലെ അവിടെയും അവൾക്ക് തിളങ്ങാൻ അധികം താമസം വേണ്ടി വന്നില്ല.
ഇല്ലാത്ത പനിയുടേയും സമരത്തിന്റെയും പേര് പറഞ്ഞ് ഞാൻ മൂടിപുതച്ചുറങ്ങുമ്പോൾ കാരണങ്ങൾ ഉണ്ടാക്കി ക്ലാസ്സിൽ പോയിരുന്ന അവളെ നോക്കി പതിവ് പല്ലവിയായ "നിനക്കവളെ കണ്ടു പഠിച്ചൂടെ പൊന്നു നാഫിയാന്ന് ഉമ്മച്ചി പാടികൊണ്ടേയിരുന്നു...
മിക്കയിടങ്ങളിലും ഒരുമിച്ചായിരുന്നു യാത്ര.. വീട്ടിലും കോളേജിലും എല്ലായിടത്തും ഒരുമിച്ചായപ്പോൾ പ്രായം പതിനെട്ടു തികഞ്ഞതോടെ വിവാഹാലോചനകളും ഒരുമിച്ചു വരാൻ തുടങ്ങി.
നല്ലയാലോചന വന്നാൽ നിക്കാഹ് നടത്താമെന്ന് തീരുമാനം അന്ന് ഉപ്പച്ചി എടുത്തപ്പോൾ അലീമ പഠിക്കട്ടെ എന്ന തീരുമാനമാണ് സുബൈദത്ത എടുത്തത്.
പക്ഷെ നടന്നത് മറ്റൊന്നും..
" പേര് കേട്ട തറവാട്ടുകാരാണെന്നും ഇട്ടു മൂടാനുള്ള സ്വർണവും സ്വത്തും ഉണ്ടെന്നും അവർക്ക് നിങ്ങളുടെ അലീമയെ മാത്രം മതിയെന്ന് പറഞ്ഞ് ദല്ലാൾ കൊണ്ട് വന്ന ആലോചന സുബൈദത്ത ഉറപ്പിക്കാൻ തീരുമാനിച്ചപ്പോൾ എനിക്കറിയാമായിരുന്നു ഉമ്മിയെ ധിക്കരിക്കാൻ അറിയാത്തത് കൊണ്ട് മാത്രമാണ് അവൾ മൗനം പാലിച്ചതെന്ന്..
അവൾക്ക് പഠിക്കാനല്ലേ ആഗ്രഹമെന്നുള്ള ഉമ്മച്ചിയുടെ ചോദ്യത്തിനുത്തരമെന്നോണം
"ഞങ്ങൾ ആരുമില്ലാത്തവരാണെന്നും ഇതിലും നല്ലയാലോചന അവൾക്കിനി വരാൻ ഇല്ലെന്നും സുബൈദത്ത മറുപടി പറയുമ്പോൾ എനിക്കും മൗനം പാലിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
വലിയ ആഘോഷങ്ങളില്ലാതെ വിവാഹം കഴിഞ്ഞവൾ പോയതോടെ ഞാൻ ഒറ്റക്കായി.. വിശേഷങ്ങൾ പറയാനും അറിയാനും ദിവസവുമുള്ള അവളുടെ ഫോൺ കാളുകൾക്കും മാസത്തിൽ ഒന്നോ രണ്ടോ ദിവസമുള്ള അവളുടെ വരവിനും വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു..പുതിയ ജീവിതം അവളെ മാറ്റി തുടങ്ങിയപ്പോൾ ഏറെ സന്തോഷിച്ചു.അവളെ തേടി സങ്കടങ്ങൾ വരാതിരിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിച്ചു.
ഇനി വാടകവീട്ടിൽ താമസിക്കേണ്ടെന്ന് പറഞ്ഞ് അവൾ ഏറെ വൈകാതെ സുബൈദത്തയെ വീട് മാറ്റി താമസിപ്പിച്ചത് മുതൽ ഞങ്ങൾ തമ്മിലുള്ള കൂടികാഴ്ചകൾ ഇല്ലാതായി..
ഉമ്മയപോഴും പറയുന്നുണ്ടായിരുന്നു
"അലീമയെ പോലെ എന്റെ കുഞ്ഞിനും നല്ല ബന്ധം ഉണ്ടാകട്ടേന്ന്..
അധികം വൈകാതെ എന്റെ വിവാഹവും കഴിഞ്ഞതോടെ തമ്മിലുള്ള ഫോൺ വിളികളുടെയും എണ്ണം കുറഞ്ഞു.
വിശേഷങ്ങളെല്ലാം സ്റ്റാറ്റസുകളിൽ മാത്രമായി ഒതുങ്ങിയപ്പോൾ എപ്പോഴൊക്കെയോ ഞങ്ങൾ പരസ്പരം മറന്നു തുടങ്ങി..
ഒരു വർഷത്തിനിടയിലായിരുന്നു അവൾക്കും എനിക്കും ദൈവം ഒരുപോലെ പെൺകുഞ്ഞുങ്ങളെ സമ്മാനിച്ചതും തമ്മിൽ ഒരു തവണ കണ്ടതും..
ഒന്നറിയിക്ക പോലും ചെയ്യാതെ ഫോൺ നമ്പർ മാറ്റിയപ്പോൾ അമർഷം തോന്നിയെങ്കിലും അവളെ മറവിക്ക് വിട്ട് കൊടുക്കാൻ മനസ്സ് സമ്മതിക്കാത്ത്‌ത് കൊണ്ടായിരുന്നു അന്ന് മോളുടെ പിറന്നാളിന് അവളെ ക്ഷണിക്കാൻ ഉമ്മച്ചിയുടെ കൂടെ സുബൈദത്തയുടെ വീട് ലക്ഷ്യമാക്കി നീങ്ങിയത്..
മുൻപ് ഒരുതവണ മാത്രം പോയിട്ടുള്ള ഓർമയിൽ പിഴക്കാതെ ഞങ്ങളാ വീട്ടിൽ കയറുമ്പോൾ അലീമ തന്നെയായിരുന്നു ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നതും..
കണ്ടമാത്രയിൽ സന്തോഷം കൊണ്ടെ കണ്ണ് നിറഞ്ഞ് അവൾ ഞങ്ങളെ സ്വീകരിക്കുമ്പോൾ അവൾക്ക് വന്ന മാറ്റമെന്നെ അതിശയിപ്പിച്ചിരുന്നു. തോന്നിയ പോലെ വസ്ത്രമിട്ട നടക്കുന്നതിന് സ്ഥിരമായി വഴക്ക് പറഞ്ഞിരുന്നവൾ മുഷിഞ്ഞ നീളൻകുപ്പായവുമിട്ട മെലിഞ്ഞുണങ്ങി, കണ്ണുകൾക്ക് തിളക്കം നഷ്ടപെട്ട വാതിൽക്കൽ നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറയാതെ എനിക്കവളെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല.
പരിഭവിച്ചും വിശേഷം പറഞ്ഞും വൈകുന്നേരം വരെ ഇരുന്നിട്ടും മിനുട്ടിൽ പത്തു തവണയെങ്കിലും ഇക്കയെ കുറിച്ച് സംസാരിച്ചിരുന്ന അവൾ ഒരു വാക്ക് പോലും പറയാതിരുന്നാപ്പോഴാണ് ഇറങ്ങാൻ നേരം ഇക്കാക്ക സുഖമാണോ എന്ന് ഞാൻ ചോദിച്ചത്..
മുഖത്തൊരു ഭാവമാറ്റവും വരുത്താതെ
"ഞങ്ങൾ പിരിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെന്നു അവൾ പറയുമ്പോൾ ഒന്നും മനസ്സിലാവാതെ ഉമ്മച്ചി സുബൈദതത്തയുടെ നേർക്ക് നോക്കിയപ്പോൾ അവര് പറയുന്നുണ്ടായിരുന്നു.
"അവന്റെ സ്നേഹപ്രകടനങ്ങൾ ഒരു കുഞ്ഞാവുന്നത് വരെ മാത്രമുള്ളതായിരുന്നു. അനിയൻ കൈനിറയെ സ്ത്രീധനവുമായി പണക്കാരി പെണ്ണിനെ വിവാഹം ചെയ്തതോടെ ഭാര്യ അവനൊരു കുറച്ചിലായി.. പിന്നീട് കാരണങ്ങൾ ഉണ്ടാക്കി വഴക്കുണ്ടാക്കിയപ്പോൾ തന്തയില്ലാത്തവളെന്നും ഉമ്മ പിഴച്ചവളാണെന്നും പരിഹസിക്കയും പോരാതെ അടുക്കളക്കാരിയാക്കുക കൂടി ചെയ്യുമ്പോൾ സ്വന്തം കുഞ്ഞിന് ജന്മം നല്കിയവളെന്ന പരിഗണന പോലും അവൾക്ക് നൽകിയില്ല..
ജീവിതം നഷ്ടപ്പെട്ടാലും ജീവൻ ബാക്കിയുണ്ടാകുമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുമ്പോൾ പിന്നീട് അവൻ വന്നത് മൊഴിചൊല്ലാനായിരുന്നു...
നഷ്ടപരിഹാര കണക്ക് പറഞ്ഞു വരരുതെന്ന് പറഞ്ഞ് ഈ വീട് അവൻ എഴുതി തരുമ്പോൾ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ..
സുബൈദത്തയെ പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കാതെ യാത്ര പോലും പറയാൻ നിൽക്കാതെ അവിടുന്ന് ഇറങ്ങുമ്പോൾ ആ കുഞ്ഞിന്റെ മുഖമായിരുന്നു മനസ്സ് നിറയെ..
വീടെത്തി കൂട്ടിയും കുറച്ചും ആലോചിച്ചു കൊണ്ട് അവൾ തന്ന പുതിയ നമ്പറിലേക്ക് വിളിച്ചപ്പോൾ "ടീ പെണ്ണേ നിനക്കിനിയും പഠിച്ചൂടെ... എന്നൊരു ചോദ്യം മാത്രം ഞാൻ ചോദിക്കുമ്പോൾ മറുതലക്കൽ ഒരു ഏങ്ങലടി ശബ്ദം മാത്രമായിരുന്നു മറുപടി..
അദ്ധ്യാപകരുടെ സഹായത്തോടെ അവൾക്ക് റിജോയിൻ ചെയ്യാനുള്ള കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കുംമ്പോൾ ഒരുതരം വാശിയായിരുന്നു.. അവൾക്ക് നഷ്ടപെട്ടത് നേടികൊടുക്കണമെന്നുള്ള വാശി..
എല്ലാ കാര്യങ്ങളും ശരിയായതിന് ശേഷം അവളെ അറിയിക്കാമെന്ന് കരുതിയിരുന്ന എന്റെ കാതിലേക്ക് രാവിലെ അവളുടെ വിവാഹകാര്യം ഉമ്മിച്ചി വിളിച്ചു പറയുമ്പോൾ അതിനി മറ്റൊരു പരീക്ഷണം ആകരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന.
പിറ്റേ ദിവസം ക്ലാസ്സിലേക്കാണെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ എനിക്ക് മുന്പേ ഉമ്മച്ചി അവിടെ സ്ഥാനം പിടിച്ചിരുന്നു..
"അവളെയും മോളെയും നോക്കിക്കോളാമെന്നും മുടങ്ങി പോയ പഠനവും പൂർത്തിയാക്കാമെന്നുള്ള സമ്മതവും ഉണ്ടെന്നു പറഞ്ഞ് തന്റെ സഹോദരൻ കൊണ്ട് വന്ന ആലോചന ഉറപ്പിക്കുംമ്പോൾ ഞാനെന്റെ മോളുടെ ഭാവി മാത്രമേ ആലോചിച്ചുള്ളു എന്നും എന്റെ വിധി അവൾക്ക് വരരുതെന്ന് കരുതി കൂടിയാണെന്ന് പറയുമ്പോൾ സുബൈദത്ത കരയാതിരിക്കാൻ പാട്പെടുന്നുണ്ടായിരുന്നു..
ആ കുഞ്ഞു മോളുടെ കവിളിൽ അമർത്തി ചുംബിച്ചു ഞാനവിടെ നിന്നിറങ്ങുമ്പോൾ ഹൃദയത്തിന് വല്ലാത്ത ഭാരം അനുഭവപെട്ടു. ഒരാൺതുണയില്ലാതെ ജീവിച്ച തന്റെ ബുദ്ധിമുട്ട് മകളറിയരുതെന്ന ആഗ്രഹിച്ചു കൊണ്ട് അലീമയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചപ്പോൾ നാളിതുവരെ ആയിട്ടും ഒരു ദിവസം പോലും തന്റെ മകളെ പിരിയാതിരുന്ന അലീമയുടെ മനസ്സ് പിടഞ്ഞു കാണില്ലേ..
ഇതൊന്നുമറിയാതെ ഇപ്പോഴും ഉമ്മയുടെ വരവും കാത്ത് ഉമ്മറത്തിറക്കുന്ന ആ മൂന്നു വയസ്സുകാരിയുടെ ജീവിതം മാത്രമാണ് വിധി ചോദ്യചിഹ്നനമാക്കിയത്.
അന്ന് അലീമക്ക് ഉപ്പയുടെ സ്നേഹം നഷ്ടപ്പെടുമ്പോൾ സുബൈദത്ത തണലും തുണയുമായയപ്പോൾ നാളെ പിറ്റേന്ന് ആർക്കും വേണ്ടാതെ ഉപേക്ഷിക്കപെട്ടവളെന്ന ചിന്ത ആ കുഞ്ഞിൽ ജനിക്കാതിരിക്കട്ടെയെന്ന് പ്രാർഥിച്ചു കൊണ്ട് സലാം ചൊല്ലി അവിടുന്നു ഇറങ്ങുമ്പോൾ ഇന്നാദ്യമായിട്ട് ഉമ്മച്ചി പറഞ്ഞു..
"അലീമയെ പോലെയുള്ള വിധി ആർക്കും ഉണ്ടാകാതിരിക്കട്ടെന്ന്...
രചന : Nafiya Nafi
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment