നിസ്കാരം - നിയ്യത്ത്



   ഉപാധിയുള്ള സുന്നത്ത് നിസ്കാരങ്ങളിലെ (ളുഹാ, പെരുന്നാൾ, വിത്റ്... എന്നിവ പോലെ) നിയ്യത്തിൽ രണ്ടു കാര്യങ്ങളാണ് നിർബന്ധമായും കരുതേണ്ടത്...

1 ഞാൻ നിസ്കരിക്കുന്നു എന്ന കരുതൽ
2 നിസ്കാരത്തെ നിർണയിക്കുക

 ഉദാഹരണത്തിന് ഒരാൾ തഹജ്ജുദ് നിസ്കരിക്കുമ്പോൾ "ഞാൻ തഹജ്ജുദ് നിസ്കരിക്കുന്നു" എന്ന് മനസ്സിൽ കരുതൽ നിർബന്ധമാണ്...

 എന്നാൽ നിരുപാധികമായ (ഒരു ഉപാധിയുമില്ലാത്ത) സുന്നത്ത് നിസ്കാരങ്ങളിലെ നിയ്യത്തിൽ ഒരു കാര്യം മാത്രമാണ് നിർബന്ധം...

1 ഞാൻ നിസ്കരിക്കുന്നു എന്ന കരുതൽ

 അപ്പോൾ ഒരാൾ വെറുതെ രണ്ടു റക്അത്ത് നിസ്കരിക്കുമ്പോൾ "ഞാൻ നിസ്കരിക്കുന്നു" എന്ന് മാത്രം കരുതലെ നിർബന്ധമുള്ളൂ...

-------------------------------------------------------------------------------------------------

നിസ്കാരത്തിന്റെ നിയ്യത്തിൽ സുന്നത്തായ കാര്യങ്ങൾ താഴെ പറയുന്നു...

1) അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നു എന്ന് കരുതുക

2) അദാഅ് എന്നോ ഖളാഅ് എന്നോ വ്യക്തമാക്കുക

3) ഖിബ് ലക്ക് മുന്നിട്ട് നിസ്കരിക്കുന്നു എന്ന് കരുതുക

4) റക്അത്തുകളുടെ എണ്ണം വ്യക്തമാക്കുക

5) മനസ്സിൽ കരുതിയത് നാവ് കൊണ്ട് പറയുക


--------------------------------------------------------------------------------------------------


 ജമാഅത്തായി നിസ്കരിക്കുമ്പോൾ മഅ്മൂം നിയ്യത്തിൽ പ്രത്യേകം എന്തെങ്കിലും കരുതേണ്ടതുണ്ടോ..?

 ഉണ്ട്...
ഇമാമിനെ തുടർന്ന് നിസ്കരിക്കുമ്പോൾ മഅ്മൂം അവന്റെ നിയ്യത്തിൽ ഞാൻ മഅ്മൂമായി നിസ്കരിക്കുന്നു എന്നോ, ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു എന്നോ, ഞാൻ ഇമാമിന്റെ കൂടെ നിസ്കരിക്കുന്നു എന്നോ, ഞാൻ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നു എന്നോ കരുതൽ നിർബന്ധമാണ്...

   ഒരാൾ ഇമാമായി നിസ്കരിക്കുമ്പോൾ "ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു" എന്നോ "ഞാൻ ഇമാമായി നിസ്കരിക്കുന്നു" എന്നോ നിയ്യത്തിൽ പ്രത്യേകം കരുതൽ സുന്നത്താണ്.  ഇപ്രകാരം ഇമാം കരുതാതിരുന്നാൽ അവന് ജമാഅത്തിന്റെ കൂലി നഷ്ടപ്പെടും...

 നിസ്കാരം തുടങ്ങുമ്പോൾ ഒരാളു പോലും പിന്നിൽ ഇല്ല, പക്ഷേ പീന്നീട് താൻ ഇമാമാകും എന്നുറപ്പുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാമിൽ തന്നെ ഇമാമത്തിനെ കരുതാം.

------------------------------------------------------------------------------------------------

   ഇമാമിന് 'ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു' എന്നോ 'ഇമാമായി നിസ്കരിക്കുന്നു' എന്നോ കരുതൽ നിർബന്ധമുള്ള നിസ്കാരങ്ങൾ ഉണ്ടോ..?

 ഉണ്ട്.
നാലു നിസ്കാരങ്ങളിൽ അങ്ങനെ കരുതൽ ഇമാമിന് നിർബന്ധമാണ്...

*1)* ജുമുഅ നിസ്കാരം
*2)* കാരണമില്ലാതെ മടക്കി നിസ്കരിക്കുന്ന ഫർള് നിസ്കാരം
*3)* മഴ കാരണം മുന്തിച്ച് ജംഅ് ആക്കുന്ന ഫർള് നിസ്കാരം
*4)* ജമാഅത്ത് നേർച്ചയാക്കിയ നിസ്കാരം
(ജമാഅത്ത് നിസ്കാരം: സംശയനിവാരണം
കോടമ്പുഴ ബാവ മുസ്‌ലിയാർ)

Comments