പാറാവുകാരൻ

ഒരു കഥ പറയാം.

കഠിന തണുപ്പുള്ള ഒരു രാത്രി രാജാവ് കൊട്ടാരത്തിലേക്ക് എത്തിയത് താമസിച്ചായിരുന്നു.  കൊട്ടാര വാതിലിൽ സാധുവായ ഒരു കാവൽക്കാരനെ കാണാനിടയായി. അയാളുടെ വസ്ത്രങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാത്ത നിലയിലുള്ളതും നുരുമ്പിയതുമായിരുന്നു. തണുപ്പേറ്റ് അയാളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഈ രംഗം കണ്ട രാജാവ് അത്ഭുതപ്പെട്ടു. പാറാവുവുകാരന്റെ അടുത്തേക്ക് വന്നു ചോദിച്ചു എന്താണ് ഈ വസ്ത്രത്തിൽ ഈ കൊടും തണുപ്പുള്ള രാത്രിയിൽ? നിനക്ക് ഈ വസ്ത്രവുമായി എങ്ങനെ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നു? അയാൾ പറഞ്ഞു അല്ലയോ പ്രഭോ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല. അതിനായി ഞാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ   ഞാൻ ഉടുതുണിക്ക് മറുതുണിയില്ലാത്ത ദരിദ്രനായ ഒരു പാറാവുകാരൻ. എനിക്ക് നല്ല വസ്ത്രങ്ങളില്ല. ഉള്ളതോ നുരുമ്പിയതുമാണ്. ഇത് കേട്ട മാത്രയിൽ രാജാവ് പറഞ്ഞു ഞാൻ കൊട്ടാരത്തിൽ എത്തിയാൽ നിനക്ക് ആവശ്യമായ വസ്ത്രം സേവകരുടെ കൈവശം കൊടുത്തയക്കാം. അയാൾക്ക് സന്തോഷമായി.

രാജാവ് കൊട്ടാരത്തിലേക്ക് പോയി. പാറാവുകാരൻ ആ കൊടും തണുപ്പത്ത് രാജാവ് കൊടുത്തയാക്കുന്ന വസ്ത്രവും സ്വപ്നം കണ്ടു കാത്തിരിക്കുകയാണ്. സമയം ഏറെ വൈകി എന്നിട്ടും വസ്ത്രം കാണുന്നില്ല. രാജാവാകട്ടെ കൊട്ടാരത്തിലെത്തിയതും മറ്റു ജോലികളിൽ വ്യാപൃതനായി വസ്ത്രം കൊടുത്തയക്കുന്ന കാര്യം മറന്നുപോയി. നേരം വെളുത്തപ്പോൾ കൊട്ടാരത്തിലെ പാറാവുകാർ തണുത്തു മരവിച്ചു കിടക്കുന്ന പാറാവുകാരന്റെ മൃതദേഹമാണ് കണ്ടത്.  അയാളുടെ മൃതദേഹത്തിനരികിലായി   ഒരു കുറിപ്പ്  അവർ കണ്ടെത്തി. അത് ഇങ്ങനെ അവർ വായിച്ചു.                     " അല്ലയോ രാജാവേ എല്ലാ ദിവസവും ഞാൻ ഈ തണുപ്പ് സഹിച്ചുകൊണ്ടാണ് ഇവിടെ കഴിഞ്ഞിരുന്നത്. അത് എനിക്കൊരു പ്രയാസമായിരുന്നില്ല. എന്നാൽ നിങ്ങൾ എന്നോട് പറഞ്ഞ വാഗ്ദാനം കാരണം എന്റെ പ്രതിരോധ ശക്തി ചോർന്നു പോകുകയും ഞാൻ മരണത്തിനു കീഴ്‌പ്പെടുകയും ചെയ്തു".

ഇതിൽ നിന്നും പഠിക്കാനുള്ളത് മറ്റൊരാളുടെ വാക്കിൽ ജീവിതത്തെ അവലംബമായി കാണരുത്‌ എന്നും  ഒരാളോട് പറയുന്ന വാക്ക് പാലിക്കാതെയുമിരിക്കരുത് എന്നും  കൊടുക്കുന്ന വാക്കു നിസ്സാരമായി തള്ളരുത്. ചിലപ്പോൾ അവരുടെ മരണത്തിനു വരെ അത് കാരണമായേക്കാം.

(അറബി കഥയുടെ മൊഴിമാറ്റം- നാസർ മദനി)

Comments