കാത്തിരിപ്പിന്‍റെ മധുരം 7


      അള്ളാഹുവിന്‍റെ നിര്‍ദേശം സകരിയ്യ നബി(عليه السلام)മിന് കിട്ടി.

    “സകരിയ്യാ, ഒരു ആണ്‍കുട്ടിയെക്കുറിച്ച് താങ്കള്‍ക്ക് നാം സന്തോഷവാര്‍ത്ത അറിയിക്കുന്നു.”

    പേരും അള്ളാഹു തന്നെ നിശ്ചയിച്ചു കൊടുത്തു.

  “യഹ് യ.”

      ജനിക്കുന്നതിനു മുമ്പ് തന്നെ പേര്! അതിന് മുമ്പ് ലോകത്ത് ഈ പേരില്‍ ഒരാളും ഉണ്ടായിട്ടില്ല. സകരിയ്യ നബി(عليه السلام)മിന്‍റെ ലക്ഷ്യത്തിനു ചേര്‍ന്ന പേര് തന്നെ.

    ജീവിക്കട്ടെ എന്നാണ് യഹ്യാ എന്ന പേരിന്‍റെ അര്‍ത്ഥം.

     സത്യമതം തന്‍റെ മകനിലൂടെ ജീവിക്കണമെന്നാണല്ലോ സകരിയ്യ നബി(عليه السلام)മിന്‍റെ ഉദ്ദേശ്യം.

    ജനിക്കാന്‍ പോകുന്ന ഈ കുട്ടി സത്യമാര്‍ഗത്തിന്‍റെ പര്യായവും സാത്വികനും വിശുദ്ധനും പ്രവാചനും ആയിരിക്കുമെന്നുകൂടി അള്ളാഹു അറിയിച്ചു.

    ഒരു അത്ഭുതത്തോടു കൂടിയാണ് സകരിയ്യ നബി(عليه السلام) ഈ വാര്‍ത്ത സ്വീകരിച്ചത്.

      കാരണമുണ്ട്;

      തനിക്ക് 120 വയസ്സായിരിക്കുന്നു(കുട്ടിയുണ്ടാകുന്ന സമയത്ത് സകരിയ്യ നബി(عليه السلام)മിന് 125 വയസ്സായിരുന്നു എന്നും അഭിപ്രായമുണ്ട്). ഭാര്യയ്ക്ക് 98 വയസ്സും. താനൊരു യുവാവും ഭാര്യയൊരു യുവതിയുമായ സമയത്ത് കുട്ടിയുണ്ടായില്ല. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടോ മറ്റു വല്ല ക്രമത്തിലുമായിരിക്കുമോ പ്രസവിക്കുക! ഇതറിയാന്‍ ഹൃദയം വെമ്പല്‍ കൊണ്ടു. സ്വാഭാവികമാണല്ലോ. സംശയം അള്ളാഹുവിനോട് തന്നെ ചോദിച്ചു.

    “പടച്ചോനേ, എന്‍റെ ഭാര്യ വന്ധ്യയും ഞാന്‍ പടുകിഴവനുമാണ്. ആ സ്ഥിതിയില്‍ എങ്ങനെ കുട്ടിയുണ്ടാകും?”

    “വന്ധ്യയായ ഒരു സ്ത്രീയില്‍ അതി വൃദ്ധനായ ഒരു പുരുഷന് ഒരു കുട്ടി ജനിക്കുക എന്നത് അത്ഭുതമാണെങ്കില്‍ താങ്കള്‍ സകരിയ്യ എന്ന ഒരാള്‍ തന്നെ മുമ്പ് ഈ ലോകത്ത് ഉണ്ടായിരുന്നില്ലല്ലോ. ആ സ്ഥിതിയിലാണ് അള്ളാഹു താങ്കളെ സൃഷ്ടിച്ചത്. അതല്ലേ താങ്കള്‍ ചോദിച്ചതിലും അത്ഭുതം.”

    സംഭവിക്കാന്‍ പോകുന്നതിനു മുമ്പായി എന്തെങ്കിലും ഒരു അടയാളമോ സൂചനയോ നല്‍കാന്‍ സകരിയ്യ നബി(عليه السلام) അള്ളാഹുവിനോട് അപേക്ഷിച്ചു.

   നാവിനോ മറ്റോ യാതൊരു രോഗമോ മറ്റു കാരണങ്ങളോ ഇല്ലാതെ തന്നെ താങ്കള്‍ക്ക് തുടര്‍ച്ചയായി മൂന്നു ദിവസം ജനങ്ങളോട് സംസാരിക്കാന്‍ കഴിയാതിരിക്കലാണ് അതിന്‍റെ അടയാളമെന്ന് അള്ളാഹു അറിയിച്ചു.

    മറുപടിയില്‍ സകരിയ്യ നബി(عليه السلام) സംതൃപ്തനായി. അള്ളാഹുവിനോട് നന്ദി പറഞ്ഞു.

    സംസാരിക്കാന്‍ കഴിയാത്ത മൂന്നു നാളുകള്‍ അദ്ദേഹത്തിന് വരാനിരിക്കുന്നു. ആംഗ്യഭാഷയിലായിരിക്കും ആ ദിനങ്ങളില്‍ അദ്ദേഹം ആളുകളോട് സംസാരിക്കുക. അതോടെ ഭാര്യ ഗര്‍ഭിണിയായി എന്നുറപ്പിക്കാം.

    ഒരു ദിവസം അനുയായികളോട് സംസാരിക്കാന്‍ പുറപ്പെട്ട സകരിയ്യ നബി(عليه السلام)മിന്‍റെ നാവ് തീരെ അനങ്ങുന്നില്ല. ഒന്നും സംസാരിക്കാനാകുന്നില്ല.

    ഉറപ്പിച്ചു, ദിവ്യാത്ഭുതം വന്നെത്തിയിരിക്കുന്നു!

    തന്‍റെ ജനതയുടെ അടുക്കല്‍ ചെന്ന്‍, രാവിലെയും വൈകുന്നേരവും നിങ്ങളുടെ റബ്ബിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുക എന്ന്‍ സകരിയ്യ നബി(عليه السلام) അവരോട് ആംഗ്യം കാണിച്ചു.

    ശേഷം ദൈവികസ്മരണകളുമായി സകരിയ്യ നബി(عليه السلام) കഴിഞ്ഞുകൂടി. ഒരു മകന്‍ പിറക്കാന്‍ പോകുന്നു എന്നതില്‍ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. വീട്ടില്‍ സഹധര്‍മിണിയായ ഇശാഉം അതിയായ സന്തോഷത്തിലാണ്. സഹോദരി ഹന്നയെ പോലെ താനും ഈ വയസ്സു കാലത്ത് ഗര്‍ഭിണിയായിരിക്കുന്നു. ഉമ്മയാകാന്‍ പോകുന്നതിന്‍റെ ആഹ്ലാദം.

    നിസ്സഹായതയും നിഷ്കളങ്കതയും പ്രകടിപ്പിക്കുന്ന ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനക്കാണ് അള്ളാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യത ലഭിക്കുകയെന്ന പാഠം സകരിയ്യ നബി(عليه السلام)മിന്‍റെ ഈ സംഭവത്തിലൂടെ മാനവ സമൂഹത്തിന് ലഭിക്കുന്നു. ഇത് ഒരു മാതൃകയാണ്....
*❂•••••• ...തുടരും ...•••••••❂*
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳

Comments