അല്ലാഹുവിനെ നിരന്തരമായി സ്തുതിക്കുക, അവന്റെ മാര്‍ഗത്തില്‍ കര്‍മനിരതനാകുക..
അല്ലാഹു പറയുന്നു: ‘നിങ്ങളെന്നെ അനുസരിച്ചു (കൊണ്ട്) നിങ്ങളെന്നെ ഓര്‍ക്കണം. എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കും എനിക്കു നിങ്ങള്‍ നന്ദി പ്രകടിപ്പിക്കൂ, എന്നോടു നിങ്ങള്‍ നന്ദികേടു പ്രവര്‍ത്തിക്കരുത് ‘ (സൂറത്തുല്‍ ബഖറ). അല്ലാഹുവിന്റെ അനുഗ്രഹമാണ് നമ്മുടെജീവിതം. അനുഗ്രഹങ്ങളെല്ലാം സംവിധാനിച്ച നാഥനു നന്ദി ചെയ്യല്‍ സൃഷ്ടികളുടെ ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു.
തിരുനബി (സ) യുടെ ജീവിതം അതു വരച്ചുകാണിക്കുന്നു. രാത്രി നീണ്ടനേരം തഹജ്ജുദ് നിസ്‌കരിക്കുമായിരുന്നു തിരുനബി (സ).
കാലില്‍ നീരുവീര്‍ക്കുമായിരുന്നു. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളില്‍നിന്നു സുരക്ഷിതത്വമുണ്ടായിട്ടും രാത്രി ഇത്ര പ്രയാസപ്പെട്ട് ആരാധന ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കല്‍ സഹധര്‍മിണി ആഇശാ ബീവി (റ) നബി (സ)യോടു സംശയം ചോദിച്ചു. ‘ഞാന്‍ പടച്ചവനു നന്ദി രേഖപ്പെടുത്തുന്ന ഒരടിമയായി തീരേണ്ടേ’ എന്നായിരുന്നു നബി (സ) യുടെ മറുപടി. അടിമയ്ക്ക് ഉടമയോടുള്ള ബാധ്യതയെ ഇതു ബോധ്യപ്പെടുത്തുകയാണ്.
വസിക്കുന്ന ഭൂമി, ആഹാരം, സൗകര്യങ്ങള്‍ എല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്.
അതു സംവിധാനിച്ചവനെ തിരിച്ചറിയുമ്പോള്‍ മാത്രമേ ജീവിതം അര്‍ഥപൂര്‍ണമാകൂ. സുഖ സന്തോഷങ്ങളില്‍ മതിമറക്കുന്ന മനുഷ്യന്‍ എല്ലാം സംവിധാനിച്ച സ്രഷ്ടാവിനു നന്ദി ചെയ്യാതിരിക്കുന്നതു വിഡ്ഡിത്തമാണ്.
ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും തരണംചെയ്യുന്നതിന് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് പരിഹാരം. പരീക്ഷണങ്ങളില്‍ പതറാതെ, ക്ഷമയോടെ നിലകൊള്ളുകയും പരിഹാരത്തിനായി നാഥനിലേക്കു താഴ്മയോടെ തേടുകയും വേണം. എല്ലാം അല്ലാഹുവില്‍നിന്നാകുന്നെന്ന ബോധ്യം അവനെ യഥാര്‍ഥ നന്ദിയിലേക്കു നയിക്കുന്നു.
നബി (സ) പറഞ്ഞു: ‘മക്കയിലെ ചരല്‍ പ്രദേശം സ്വര്‍ണമാക്കി മാറ്റിത്തരാനായി അല്ലാഹു എന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞാന്‍ ബോധിപ്പിച്ചു; നാഥാ, അതുവേണ്ട.ഞാന്‍ ഒരു ദിവസം വിശപ്പടക്കുകയും ഒരു ദിവസം വിശന്നിരിക്കുകയും ചെയ്യാം. വിശക്കുമ്പോള്‍ ഞാന്‍ നിന്നിലേക്കു കൈ ഉയര്‍ത്തുകയും നിന്നെ അനുസ്മരിക്കുകയും ചെയ്യും. വിശപ്പടങ്ങിയാല്‍ നിനക്കു സ്തുതിയര്‍പ്പിക്കുയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും’.
ഭൗതികമായ സുഖ സംവിധാനങ്ങളെക്കുറച്ച് ആലോചിക്കാതെ ആരാധനകള്‍ക്കായി ഉഴിഞ്ഞുവച്ച മഹാരഥന്‍മാര്‍ ഈ മാര്‍ഗമാണ് തെരഞ്ഞെടുത്തത്. പാരത്രികമായ സൗഖ്യത്തെ മുന്നില്‍കണ്ടുള്ള ആത്മാര്‍ഥമായ സമര്‍പ്പണമാണത്.നാവുകൊണ്ടും അവയവങ്ങള്‍കൊണ്ടും ഹൃദയംകൊണ്ടും നന്ദി ചെയ്യണം. അല്ലാഹുവിനെ നിരന്തരമായി സ്തുതിക്കുക, അവന്റെ മാര്‍ഗത്തില്‍ കര്‍മനിരതനാകുക, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അല്ലാഹുവിനു സ്തുതികളുയരണം.
🌺🌿🌺🌿🌺🌿🌺🌿🌺
Comments
Post a Comment