സംശയങ്ങളും മറുപടികളും 6
*1️⃣❓ഗർഭനിരോധനത്തിന് ട്യൂബ് കെട്ടിവെക്കുന്നതിൽ വിലക്കുണ്ടോ..?*
*2️⃣❓നിസ്കരിക്കാത്ത ഭര്‍ത്താവിനെ നിസ്കരിക്കാന്‍ ഉപദേശിക്കണോ..?*
*3️⃣❓മഹർ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണല്ലോ എന്നിരിക്കെ ആ മഹർ ഉപയോഗിച്ച് ഭർത്താവ് ബിസിനസ് ചെയ്താൽ, അതിന്റെ ലാഭവിഹിതം ഭാര്യ ആവശ്യപ്പെട്ടാൽ കൊടുക്കൽ നിർബന്ധമാണോ..?*
*4️⃣❓അള്ളാഹു സ്വീകരിച്ചു എന്ന് ഉറപ്പിക്കാൻ പറ്റുന്ന അമലുകൾ ഏതൊക്കെയാണ്..?*
*5️⃣❓ജോലിക്കിടയിൽ ചിലപ്പോൾ അശ്രദ്ധ കാരണം പിഴവുകൾ വരുന്നു. ചിലപ്പോൾ മറവിയും, ഇതിൽ നിന്ന് രക്ഷ നേടാൻ ഒരു പ്രാർത്ഥന പഞ്ഞു തരാമോ..?*
*6️⃣❓പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ് എന്ന് കേട്ടിട്ടുണ്ട്. എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്. അതില് ബാലൻസ് ഉള്ള കാശിനു പലിശ വരുന്നുണ്ട്. അത് എടുത്ത് പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ചെലവ് ചെയ്യുന്നതിന്റെ വിധിയെന്താണ്..?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അള്ളാഹുവിന്റെ തിരുനാമത്തിൽ അള്ളാഹുവിനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ..._
*1️⃣❓ഗർഭനിരോധനത്തിന് ട്യൂബ് കെട്ടിവെക്കുന്നതിൽ വിലക്കുണ്ടോ..?*
*ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടും ഗര്‍ഭംധരിക്കുന്നത് ഡോക്ടര്‍ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഫാലോപിയന്‍ നാളികള്‍ കെട്ടിവെക്കുന്നതിന് ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ..?*
🅰️ ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഭയക്കുന്നതിനാല്‍ ഡോക്ടറുടെ കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫാലോപിയന്‍ നാളികള്‍ ബന്ധിച്ചുനിര്‍ത്തുന്നതിന് വിലക്കില്ല. അല്ലാത്ത പക്ഷം അത് ഹറാമാണ്...
കാരണം, അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള ഇടപെടലാണ്. അത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ളത് പൈശാചികപ്രേരണയാണ്. പിശാച് മനുഷ്യനെ പ്രകൃതിമാര്‍ഗങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളവനാണ്. അതുവഴി മനുഷ്യരാശിയെ അവന്‍ അപകടത്തിലാക്കുന്നു. അതിനാല്‍ ചികിത്സാര്‍ത്ഥമുള്ള പ്രക്രിയയ്ക്കുപുറത്തുള്ള അത്തരം നിരോധനമാര്‍ഗങ്ങള്‍ പാപമാണ്...
നാളികള്‍ കെട്ടിവെക്കുന്നത് ഹറാമല്ലാതാകുന്ന ഘട്ടമുണ്ട്. തൊട്ടുടനെയുള്ള ഗര്‍ഭം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുകയും ഏറ്റവും സുരക്ഷിതമായ മാര്‍ഗം നാളികള്‍ കെട്ടിവെക്കലാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ അത് അടിയന്തിരാവശ്യം പരിഗണിച്ച് അനുവദനീയമാകും...
അല്ലാഹു നമുക്ക് ആരോഗ്യവും സൗഖ്യവും പ്രദാനംചെയ്യുമാറാകട്ടെ- (ആമീന്‍)
*2️⃣❓നിസ്കരിക്കാത്ത ഭര്‍ത്താവിനെ നിസ്കരിക്കാന്‍ ഉപദേശിക്കണോ..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ നന്മ കൊണ്ട് കല്‍പിക്കലും തിന്മ വിരോധിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. മറ്റുള്ളവരെ നരഗശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന മഹത്തായ ഉത്തരവാദിത്വം കൂടിയാണത്. നമ്മോട് ഏറ്റവും ബന്ധപ്പെട്ടവര്‍ നമ്മോടൊപ്പം സ്വര്‍ഗത്തിലുണ്ടാവണമെന്ന് നാം ആഗ്രഹിക്കാതിരിക്കില്ല. അതിന് നാം പരസ്പരം സഹായിക്കേണ്ടതുമുണ്ട്. നന്മ കല്‍പിക്കപ്പെടാനും തിന്മ വിരോധിക്കപ്പെടാനും കൂടുതല്‍ ബന്ധപ്പെട്ടത് നമ്മോട് കൂടുതല്‍ അടുത്തവര്‍ തന്നെയാണ്...
നിസ്കരിക്കാതിരിക്കുകയെന്നത് വലിയ കുറ്റം തന്നെയാണ്. അത്തരം ആളുകളെ കല്‍പിച്ചിട്ടും നിസ്കരിക്കാതെ വന്നാല്‍ ഇസ്‍ലാമിക ഭരണം നിലനില്‍കുന്നിടത്ത് കൊന്നു കളയണമെന്നാണ് നിയമം. അത്രയും ഗൗരവമുള്ള കുറ്റമാണ് നിസ്കാരമുപേക്ഷിക്കുകയെന്നത്. അത് ചെയ്യാത്തവരെ ചെയ്യാന്‍ കല്‍പിക്കല്‍ നിര്‍ബന്ധമാണ്...
പക്ഷെ അത്തരം കല്‍പന മൂലം പിണക്കം പോലെ എന്തെങ്കിലും ബുദ്ധിമുട്ട് വന്ന് ചേരുമെന്ന് ഭയന്നാല്‍ ആ കടമ നിര്‍വഹിക്കേണ്ടതില്ല. നിസ്‍കരിക്കാത്ത ഭര്‍ത്താവിനെ ഭാര്യക്കും ഉപദേശിക്കാം. അത് മൂലം പിണക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമെന്ന് ഭയന്നാല്‍ അത് ചെയ്യേണ്ടതില്ല. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ... (ആമീൻ)
*3️⃣❓മഹർ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണല്ലോ എന്നിരിക്കെ ആ മഹർ ഉപയോഗിച്ച് ഭർത്താവ് ബിസിനസ് ചെയ്താൽ, അതിന്റെ ലാഭവിഹിതം ഭാര്യ ആവശ്യപ്പെട്ടാൽ കൊടുക്കൽ നിർബന്ധമാണോ..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ മഹര്‍ ഭാര്യയുടെ സമ്പത്താണ്. അതവള്‍ക്ക് ഭര്‍ത്താവിനോ മറ്റുള്ളവര്‍ക്കോ ദാനം ചെയ്യുകയോ വില്‍കുകയോ അതുപയോഗിച്ച് ബിസിനസ്സില്‍ ഷയര്‍ ചേരുകയോ ആവാം. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ ഭാര്യ ഏത് നിലക്കാണ് മഹര്‍ ഭര്‍ത്താവിനു നല്‍കിയതെന്ന് നോക്കേണ്ടതുണ്ട്. ദാനമായോ കടമായോ നല്‍കിയതാണെങ്കില്‍ അവള്‍ക്ക് ലാഭവിഹിതത്തില്‍ അവകാശമുണ്ടാവുകയില്ല. ബിസിനസില്‍ പങ്കു ചേരുകയെന്ന നിലയിലാണെങ്കില്‍ മറ്റു ഷയര്‍ ഹോള്‍ഡേഴ്സിനെപ്പോലെ ഭാര്യക്കും ലാഭവിഹിതമുണ്ടാവും. ഭാര്യയുടെ സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വ്വം മഹര്‍ എടുത്തതാണെങ്കില്‍ അത് പിടിച്ച് പറിയാണ്. لَوْ اتَّجَرَ الْغَاصِبُ فِي الْمَالِ الْمَغْصُوبِ فَالرِّبْحُ لَهُ فِي الْأَظْهَرِ പിടിച്ച് പറിച്ച ആള്‍ ആ സമ്പത്തില്‍ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കിയാല്‍ ലാഭവിഹിതം പിടിച്ച് പറിച്ച ആള്‍ക്കാണെന്നാണ് നിയമം. (نهاية 5/184( ഈ നിയമമനുസരിച്ചും ഭാര്യക്ക് ലാഭവിഹിതമുണ്ടാവുകയില്ല...
*4️⃣❓അള്ളാഹു സ്വീകരിച്ചു എന്ന് ഉറപ്പിക്കാൻ പറ്റുന്ന അമലുകൾ ഏതൊക്കെയാണ്..?*
✍️🏼 _മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ താൻ ചെയ്ത അമൽ അല്ലാഹു സ്വീകരിച്ചു അല്ലെങ്കിൽ അല്ലാഹു ഇഷ്ടപ്പെട്ടു എന്ന് മനസ്സിലാകുന്ന ധാരാളം അടയാളങ്ങൾ പറയപ്പെട്ടിട്ടുണ്ട്. അവയിൽ നിന്ന് മൂന്നെണ്ണം ഇവിടെ കൊടുക്കുന്നു...
ഒന്നാമതായി എന്റെ അമല് അല്ലാഹു സ്വീകരിക്കില്ലേ എന്നുള്ള ഭയം നിലനിൽക്കുക. അല്ലാഹുവിന്റെ റസൂൽ *ﷺ* അരുൾ ചെയ്തു: നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യുന്നവർ തങ്ങൾ ചെയ്യുന്നതൊന്നും സ്വീകരിക്കാതെ പോകുമോ എന്ന ഭയപ്പാടിലാകുമ്പോൾ കൂടുതൽ നന്മകൾ ചെയ്യാൻ അവർ ധൃതി കാണിക്കുകയും അക്കാര്യത്തിൽ അവർ മുൻപന്തിയിലാകുകയും ചെയ്യും...
(തിർമ്മിദി, ഇബ്നു മാജ)
രണ്ടാമതായി ചെയ്യുന്ന അമലുകൾ കൂടുതൽ ഉത്സാഹത്തോടെയും ആത്മാർത്ഥതയോടെയും നിലനിർത്താൻ സാധിക്കും. നബി *ﷺ* അരുൾ ചെയ്തു:. എത്ര കുറച്ചാണെങ്കിലും പതിവായി ചെയ്യുന്ന അമലുകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ...
(ബുഖാരി, മുസ്ലിം)
മൂന്നാമതായി നന്മകളെ സ്നേഹിക്കാനും തിന്മയെ വെറുക്കാനുമുള്ള മനസ്സ് അല്ലാഹു നൽകും. അല്ലാഹു തആലാ പറയുന്നു: എന്നാൽ അല്ലാഹു നിങ്ങൾക്ക് ഇമാനിനെ പ്രിയമുള്ളതാക്കുകയും അതിനെ നിങ്ങളുടെ ഹൃദയത്തിന് ആകർഷകമാക്കുകയും സത്യ നിഷേധത്തേയും അധാർമ്മികതയേയും ധിക്കാരത്തേയും നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തു...
(സൂറത്തുൽ ഹുജ്റാത്ത്)
*5️⃣❓ജോലിക്കിടയിൽ ചിലപ്പോൾ അശ്രദ്ധ കാരണം പിഴവുകൾ വരുന്നു. ചിലപ്പോൾ മറവിയും, ഇതിൽ നിന്ന് രക്ഷ നേടാൻ ഒരു പ്രാർത്ഥന പഞ്ഞു തരാമോ..?*
✍️🏼 _മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ പിഴവും (മനപ്പൂർവ്വമല്ലാതെ സംഭവിക്കുന്ന തെറ്റുകൾ) മറവിയും മനുഷ്യ സഹജമാണ്. അത് രണ്ടും ബോധപൂർവ്വമല്ലാതെ സംഭവിക്കുന്നതിനാൽ അതിന് രണ്ടിനും ശിക്ഷയില്ലെന്ന് നബി *ﷺ* അരുൾ ചെയ്തിട്ടുണ്ട്...
(ഇബ്നു മാജ്ജഃ, ബൈഹഖീ)
എന്നാൽ ചില കാര്യങ്ങൾ പതിവാക്കുന്നത് കൊണ്ട് അതിന്റെ അളവ് ഗണ്യമായി കുറക്കുവാൻ കഴിയും...
ഒന്നാമതായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും ബോധവാനാകുകയെന്നതാണ്. അഥവാ ഓരോ കാര്യം ചെയ്യുമ്പോഴും അള്ളാഹുവിനെ മുന്നിൽ കണ്ട് ചെയ്യുക. അപ്പോൾ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്താൻ കഴിയുക വഴി ഹൃദയത്തിന് ഊർജ്ജവും തെളിമയും കൈവരുന്നു. അത്തരം ആളുകളുടെ കാര്യങ്ങളിൽ കൃത്യത വരുത്താൻ അല്ലാഹു തിരിച്ചും പ്രത്യേക താൽപര്യമെടുക്കും ... (തിർമ്മിദി)
രണ്ടാമതായി ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് നന്നായി ആലോചിക്കുക, ചെയ്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും ഇടക്കിടെ അയവിറക്കുക, ഇത് അബദ്ധങ്ങളും മറവിയും സംഭവിക്കാതിരിക്കാൻ സഹായിക്കുമെന്ന് പല മഹാന്മാരും അവരുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്...
മൂന്നാമതായി തെറ്റുകൾ പരമാവധി ചെയ്യാതിരിക്കുക, തെറ്റു ചെയ്താൽ അല്ലാഹുവിന്റെ പ്രകാശം മനസ്സിലേക്ക് പ്രവഹിക്കില്ല. അപ്പോൾ ഓർമ്മക്കുറവും അബദ്ധങ്ങളും സ്വാഭാവികമായും സംഭവിക്കും ... (ഇമാം ശാഫിഈ)
നാലാമതായി എന്നും രാത്രി സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ (آمن الرسول) മനസ്സിലാക്കി ഓതുക, അങ്ങനെ ചെയ്താൽ അത് അവന് മതിയാകും ... (ബുഖാരി, മുസ്ലിം)
അഞ്ചാമതായി സൂറത്തു ബഖറയിലെ അവസാനത്തെ ആയത്തിലെ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا എന്ന ഭാഗം ഇടക്കിടെ ആവർത്തിക്കുക. കാരണം അത് ഓതുമ്പോൾ ഞാൻ അതുപോലെ ചെയ്തിരിക്കുന്നുവെന്ന് അല്ലാഹു പറയുമെന്ന് നബി *ﷺ* പറഞ്ഞിട്ടുണ്ട് ...
(സ്വഹീഹ് മുസ്ലിം).
ആറാമതായി എപ്പോഴും പൂർണ്ണമായ വുളൂഇൽ കഴിയുക. സുന്നത്തുകളും അദബുകളും അടക്കം പാലിച്ചു കൊണ്ട് പുർണ്ണമായ വുളൂഅ് എടുത്താൽ അബദ്ധങ്ങൾ കുറയുമെന്ന് നബി *ﷺ* അരുൾ ചെയ്തിട്ടുണ്ട് ... (മുസ്നദ് അഹ്മദ്)
*6️⃣❓പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ് എന്ന് കേട്ടിട്ടുണ്ട്. എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്. അതില് ബാലൻസ് ഉള്ള കാശിനു പലിശ വരുന്നുണ്ട്. അത് എടുത്ത് പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ചെലവ് ചെയ്യുന്നതിന്റെ വിധിയെന്താണ്..?*
✍️🏼 _മറുപടി നൽകിയത് : ഫൈസൽ നിയാസ് ഹുദവി, മുഹമ്മദലി ഖാസിമി_
🅰️ പലിശ ഹറാമാണെന്നതിൽ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാൽ ഇന്ന് ദൗര്‍ഭാഗ്യവശാൽ ബാങ്കുമായുള്ള ഇടപാടുകൾ സാർവ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു...
മറ്റുമാർഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തിൽ മാത്രമേ ബാങ്കുമായി ഇടപെടാവൂ. നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോൾ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ അക്കൌണ്ടിൽ ബാലൻസ് വെക്കാതെ എത്രയും വേഗം അത് പിൻവലിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവർ മറ്റുള്ളവർക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല് അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളിൽ കാണാവുന്നതാണ്...
ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വർഷത്തിൽ ഒരു ചെറിയ സംഖ്യ പലിശയായിചിലപ്പോൾ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തിൽ പലിശ ഇനത്തില് അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും, അത് മറ്റുള്ളവരിൽ നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല് ).ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം...
ഹറാമായ സ്വത്ത് കൈയ്യില് പെട്ടുപോയാൽ എന്ത് ചെയ്യണമെന്ന് പണ്ഡിതർ ചർച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്, ബാങ്ക് ആരിൽ നിന്ന് പലിശ ഇനത്തില് പിടിച്ചെടുത്തതാണെന്ന് അറിയാൻ സാധിക്കുമെങ്കിൽ അത് മനസ്സിലാക്കി അവർക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര് മരണപ്പെട്ട് പോയിട്ടുണ്ടെങ്കില്, അവരുടെ അനന്തരാവകാശികൾക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കിൽ അതേ ബാങ്കിൽനിന്ന് ഗത്യന്തരമില്ലാതെ ലോണ് എടുത്ത് പലിശയിൽ കുടുങ്ങിയ ആർക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിർബന്ധത്തോടെ നല്കാവുന്നതാണ്. അതും സാധ്യമല്ലെങ്കില് ആ ബാങ്കിലേക്ക് പലിശയിനത്തില് അടച്ച ആളുകൾ ഉപയോഗിക്കാൻ സാധ്യതയുള്ള വിധം വഴി, പാലം, പൊതുവായ കിണർ തുടങ്ങിയ പൊതുവായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്...
ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം...
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
Comments
Post a Comment