കാത്തിരിപ്പിന്‍റെ മധുരം 11


      യഅ്ഖൂബ് നബി(عليه السلام)മിന്‍റെ സന്താനപരമ്പരയാണ് ഇസ്റാഈലികള്‍.

    നിരവധി പ്രവാചകന്മാര്‍ അവരുടെ കൂട്ടത്തില്‍ നിന്നുണ്ടായിട്ടുണ്ട്. ഔലിയാക്കളും പണ്ഡിതന്‍മാരും സജ്ജനങ്ങളും ഉണ്ടായിട്ടുണ്ട്. അവരെല്ലാം നന്മയുടെ വഴികള്‍ കാണിച്ചു കൊടുത്തു. എന്നാല്‍ വലിയൊരു വിഭാഗം ഇസ്റാഈലികള്‍ സത്യവഴിയില്‍ ചേരാതിരിക്കുകയാണ് ചെയ്തത്.

    അവര്‍ സത്യവിശ്വാസത്തെ കളിയാക്കി. സത്യവിശ്വാസത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പരമാവധി പീഡിപ്പിച്ചു.

    സകരിയ്യ(عليه السلام)മും, യഹിയ(عليه السلام)മും, മര്‍യം ബീവി(رضي الله عنها)യും ഈസാ(عليه السلام)മും, അവരുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയവരാണ്.

    മര്‍യം ബീവി(رضي الله عنها)യുടെ പ്രസവവുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള നുണകളും മനസ്സിനെ പറിച്ചുകീറുന്ന ആരോപണങ്ങളും അവര്‍ ഉന്നയിച്ചു.

    മര്‍യം വഴിപിഴച്ചവളാണെന്നും ആശാരിപ്പണിക്കാരനായ യൂസുഫിന്‍റെ സന്താനമാണ് ഈസാ എന്നും അവര്‍ പറഞ്ഞു.

    അങ്ങനെ പറയരുത്, യൂസുഫ് ഒരു നല്ല മനുഷ്യനാണ് എന്ന്‍ സകരിയ്യ നബി(عليه السلام) അവര്‍ക്ക് മറുപടി കൊടുത്തു.

   അവര്‍ വിട്ടില്ല, പിന്നെയും അതില്‍ കടിച്ചു തൂങ്ങി. യൂസുഫിനെ നിങ്ങള്‍ വെള്ളപൂശുകയാണെന്ന് അവര്‍ പറഞ്ഞു.

  സകരിയ്യ നബി(عليه السلام) പിന്നെയും കാര്യങ്ങള്‍ വിശദീകരിച്ചു.

    മാതാവും പിതാവുമില്ലാതെയാണ് അള്ളാഹു ആദം നബി(عليه السلام)മിനെ സൃഷ്ടിച്ചത്. മണ്ണുകൊണ്ട് മനുഷ്യരൂപമുണ്ടാക്കി അതില്‍ ആത്മാവ് ഊതി.

    ആദമിന്‍റെ വാരിയെല്ലില്‍ നിന്ന്‍ ഹവ്വയെ സൃഷ്ടിച്ചു; മാതാവില്ലാതെ. ഇവിടെ, മര്‍യമില്‍ ഈസായെ ജനിപ്പിച്ചു. പിതാവില്ലാതെ ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ അള്ളാഹുവിന് വലിയ പ്രയാസമില്ല. ഈ കുഞ്ഞ് അള്ളാഹുവിന്‍റെ ദൃഷ്ടാന്തമാണ്. നല്ലതുപോലെ ചിന്തിക്കൂ.

     ദുഷ്ടന്മാരും തെമ്മാടികളുമായ അവരുടെ ഹൃദയത്തിലേക്ക് ഒന്നും കടക്കുന്നില്ല. സത്യത്തോടും നീതിയോടും അത്രമാത്രം മുഖം തിരിച്ചാണ് അവരുടെ നടപ്പ്.

    മര്‍യം ബീവി(رضي الله عنها)യുടെ മകനെ കൊല്ലുമെന്ന് അവര്‍ ഭീഷണി മുഴക്കി. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് അവര്‍.

    സകരിയ്യ നബി(عليه السلام) കുഞ്ഞിന്‍റെ കാര്യം ആലോചിച്ച് ആകെ സങ്കടത്തിലായി. എന്തെങ്കിലും ഒന്ന്‍ ചെയ്യണം.

    നാട് വിടുക, മര്‍യമിനോട് കുട്ടിയെയും കൂട്ടി ഈജിപ്തിലേക്ക് നാടുവിടാന്‍ പറഞ്ഞു. അവിടെ രഹസ്യമായി അവര്‍ക്ക് കഴിയാം. അതിനുള്ള ഏര്‍പ്പാടാക്കി. കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുമ്പില്‍ വേറെ ഒരു മാര്‍ഗവുമില്ല.

    ശത്രുക്കള്‍ യോഗം ചേര്‍ന്നു, കുട്ടിയുടെ ജീവനെടുക്കാനുള്ള പല മാര്‍ഗങ്ങള്‍ ആരായുകയാണ്.

    അപ്പോഴേക്കും മര്‍യം ബീവി(رضي الله عنها) തന്‍റെ കുഞ്ഞിനെയും കൂട്ടി ഈജിപ്തിലേക്ക് കടന്നിരുന്നു. അവിടെ അവര്‍ എത്തി. മര്‍യം എന്ന അത്ഭുത സ്ത്രീയെ ലഭിച്ചത് ആ നാട്ടുകാര്‍ വലിയ അനുഗ്രഹമായി കരുതി. ഈജിപ്തിന്‍റെ മണ്ണില്‍ ഈസാ നബി(عليه السلام)മിന്‍റെ ബാല്യം തളിരിട്ടു.

    സകരിയ്യ നബി(عليه السلام) തന്‍റെ പ്രബോധന ദൗത്യം തുടര്‍ന്നു.

  പള്ളിയില്‍ പോകും. ഏറെ നേരം അവിടെ ദിക്റിലും ദുആയിലുമായി കഴിഞ്ഞു കൂടും.

    തൗഹീദിനെയും സത്യദീനിനെയും കുറിച്ച് അവരോട് പറഞ്ഞു. ദുന്‍യാവിലെ ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച്, സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച്, അള്ളാഹുവിന്‍റെ പരീക്ഷണങ്ങളെക്കുറിച്ച്, കാരുണ്യത്തെക്കുറിച്ച്.... അങ്ങനെ പല നല്ല കാര്യങ്ങളും പറഞ്ഞുകൊടുത്തു.

    പിതാവിന്‍റെ ഉപദേശങ്ങള്‍ക്ക് യഹിയ(عليه السلام)മും ചെവി കൊടുക്കും. പിതാവ് പ്രവാചകനാണ്‌. മകനും പ്രവാചകനാണ്‌. രണ്ടു പേരും സമൂഹത്തെ നേര്‍വഴിക്കു നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍. യഹിയ(عليه السلام) മും ജനതയെ നയിക്കുകയാണ്.

    എപ്പോഴും തന്‍റെ ജനതക്കു വേണ്ടി യഹിയ നബി(عليه السلام) പ്രാര്‍ത്ഥിച്ചു. ദയയും ഭക്തിയും അറിവും കൊണ്ട് അനുയായികള്‍ക്ക് പ്രിയപ്പെട്ടവനായി. പാപത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കാനും പാപമോചനത്തിന്‍റെ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും യഹിയ നബി(عليه السلام) ജനതയോട് നിര്‍ദേശിച്ചു.

    ജീവികളോടും പ്രകൃതിയിലെ ഇതര വസ്തുക്കളോടും അദ്ദേഹത്തിന് വലിയ കാരുണ്യവും ദയയുമായിരുന്നു. ഒരു ജീവിയും അദ്ദേഹത്തെ ആക്രമിച്ചിരുന്നില്ല. പ്രബോധനവുമായി സഞ്ചരിച്ച് എവിടെയാണോ എത്തുന്നത് അവിടെയാണ് കിടത്തം. പലപ്പോഴും പ്രകൃതിയില്‍ നിന്നുള്ള ഇലകളായിരുന്നു ഒരു നേരത്തെ അന്നം..........
*❂•••••• ...തുടരും ...•••••••❂*
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳

Comments