കാത്തിരിപ്പിന്‍റെ മധുരം 10


       അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ താഴ്വരയില്‍ നിന്ന്‍ ഒരു അശരീരി കേട്ടു. അത് ജിബ്‌രീല്‍(عليه السلام) ആയിരുന്നു.

     മര്‍യം, വിഷമിക്കേണ്ട, നിന്‍റെ രക്ഷിതാവ് താഴെ നിനക്ക് ഒരു അരുവി ഒരുക്കിത്തന്നിരിക്കുന്നു. അതില്‍ നിന്ന്‍ നിനക്ക് വെള്ളം കുടിക്കാം, ഈന്തപ്പന കുലുക്കിയാല്‍ പഴം വീഴും. അതില്‍ പഴുത്തുപാകമായ പഴങ്ങളുണ്ട്. അത് നിനക്ക് വേണ്ടുവോളം കഴിക്കാം.

    അതുവരെ ഉണങ്ങി നിന്നിരുന്ന ഈന്തപ്പന മരമായിരുന്നു. അതുവരെ വരണ്ടു കിടക്കുകയായിരുന്ന അരുവിയായിരുന്നു. അവയാണിപ്പോള്‍ ഈ സ്ഥിതിയില്‍ സമൃദ്ധമായിരിക്കുന്നത്.

    പ്രസവസമയത്തെ സങ്കടത്തിനു പരിഹാരം കാണിച്ചു കൊടുത്ത അള്ളാഹു പ്രസവാനന്തരം അഭിമുഖീകരിക്കാന്‍ പോകുന്ന ആരോപണങ്ങള്‍ക്കുള്ള പരിഹാരവും പറഞ്ഞു കൊടുത്തു.

    ജനങ്ങള്‍ ആരെന്തു ചോദിച്ചാലും മറുപടി പറയരുത്. വ്രതമാണെന്നും ഇന്നു മനുഷ്യരോട് സംസാരിക്കുന്നില്ലെന്നും ആംഗ്യം കാണിച്ചാല്‍ മതി.

    നോമ്പ് നോല്‍ക്കുന്നവര്‍ സംസാരം ഉപേക്ഷിക്കുന്ന രീതി അക്കാലത്തുണ്ടായിരുന്നു. നോമ്പ് നോറ്റ ആളോട് ആരും സംസാരിക്കാന്‍ പോകില്ല.

    ഒടുവില്‍ പ്രസവിച്ചു. നല്ല കുട്ടി. ഇനി എങ്ങോട്ട് പോകും.

  ബന്ധുക്കളുടെ അടുത്തേക്ക് പോകുക തന്നെ, വേറെ നിവൃത്തിയില്ലല്ലോ.

    മര്‍യം(رضي الله عنها) കൈകുഞ്ഞുമായി ആളുകള്‍ക്കിടയിലൂടെ നടന്നു. അത് വലിയ കോലാഹലങ്ങള്‍ക്കിടയാക്കി.

    മര്‍യം പിഴച്ചു പോയിരിക്കുന്നുവെന്ന് ആളുകള്‍ പരസ്പരം പറയാന്‍ തുടങ്ങി. കളിയാക്കാനും ചിരിക്കാനും തുടങ്ങി. നിന്‍റെ മാതാവ് ഒരു ദുര്‍നടപ്പുകാരിയായിരുന്നില്ലല്ലോ, നിന്‍റെ സ്വഭാവവും പെരുമാറ്റവും ഹാറൂനെ പോലെയായിരുന്നുവല്ലോ എന്ന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പറഞ്ഞു.

    അക്കാലത്തെ ഒരു നല്ല മനുഷ്യനായിരുന്നു ഹാറൂന്‍.

  അറിവും ഇബാദത്തും മറ്റാരെക്കാളും ഉള്ള ആളായിരുന്നു ഹാറൂന്‍. മര്‍യം ബീവി(رضي الله عنها)യും അതുപോലെയായിരുന്നു. ജനങ്ങള്‍ ഹാറൂന്‍റെ പെങ്ങള്‍ എന്ന്‍ മര്‍യം ബീവി(رضي الله عنها)യെ വിളിച്ചിരുന്നു, ഹാറൂനെ പോലെ എന്ന അര്‍ത്ഥത്തില്‍.

    അള്ളാഹുവിന്‍റെ നിര്‍ദേശം പാലിച്ച് മര്‍യം ബീവി(رضي الله عنها) മൗനം തുടര്‍ന്നു. ആരോടും ഒന്നും പറയാന്‍ പോയില്ല.

    ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ മര്‍യം ബീവി(رضي الله عنها) കുഞ്ഞിനെ ചൂണ്ടിക്കാട്ടി അവനോട് ചോദിക്കാന്‍ ആംഗ്യം കാണിച്ചു.

    ഈ ചോരപ്പൈതലിനോട് ചോദിക്കാനോ? അതിന് ഞങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? നീ ഞങ്ങളെ കളിയാക്കുകയാണോ? ആളുകള്‍ പരസ്പരം പിറുപിറുത്തു.

    കുട്ടി തൊട്ടിലില്‍ കിടക്കുകയാണ്.

    ഐശ്വര്യമുള്ള മുഖം.

  പതുക്കെ തൊട്ടിലില്‍ നിന്ന്‍ കുട്ടി സംസാരിക്കാന്‍ തുടങ്ങി.

  “ഞാന്‍ അള്ളാഹുവിന്‍റെ അടിമയാണ്, എനിക്ക് അവന്‍ ഗ്രന്ഥം തന്നിരിക്കുന്നു. ജീവനുള്ള കാലത്തോളം നിസ്കാരവും സകാത്തും അനുഷ്ഠിക്കാനും മാതാവിന് നന്മ ചെയ്യാനും അവന്‍ എന്നോട് കല്‍പ്പിച്ചിട്ടുണ്ട്.”

    ആളുകള്‍ സ്തംഭിച്ചു പോയി.

  ഒരു ചോരപ്പൈതല്‍ സംസാരിക്കുന്നു. വിമര്‍ശകരുടെ വായ അടഞ്ഞു.

    ആളുകള്‍ മര്‍യം ബീവി(رضي الله عنها)യുടെ മഹത്വം മനസ്സിലാക്കി.

  പക്ഷേ, ആ മഹത്വം അംഗീകരിക്കാന്‍ പലര്‍ക്കും മനസ്സുണ്ടായിരുന്നില്ല.

    ഒരു പുതിയ പ്രവാചകനാണ്‌ ഈ സംസാരിക്കുന്നത്.

  ഈസാ (عليه السلام);

    ഈസാ (عليه السلام)മിന്‍റെ കാര്യമെല്ലാം അത്ഭുതമായിരുന്നു.

    യഹിയ നബി(عليه السلام) ജനിച്ച് ആറു മാസം കഴിഞ്ഞാണ് ഈസാ നബി(عليه السلام) ജനിക്കുന്നത്.....
*❂•••••• ...തുടരും ...•••••••❂*
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳

Comments