കാത്തിരിപ്പിന്‍റെ മധുരം 09
ഹന്നയും ഇശാഉം പ്രസവിച്ചു. രണ്ടുപേരുടെയും പ്രസവം വാര്‍ദ്ധക്യത്തിലായിരുന്നുവല്ലോ. അതൊരു അത്ഭുതവുമായിരുന്നു. അള്ളാഹുവിന്‍റെ കഴിവുകളെ സൃഷ്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത സംഭവം. പക്ഷേ, രണ്ടു പേര്‍ക്കും ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവൊന്നുമില്ലാതെ, ഒരു പുരുഷനുമായി ബന്ധപ്പെടാതെയുള്ള പ്രസവം!
അതാണ് മര്‍യം ബീവി(رضي الله عنها)യിലൂടെ ലോകം കണ്ടത്...
പതിവുപോലെ മര്‍യം (رضي الله عنها) ബൈത്തുല്‍ മുഖദ്ദസിലെ തന്‍റെ മുറിയില്‍ പ്രാര്‍ത്ഥനകളുമായി ഏകയായി കഴിഞ്ഞുകൂടുകയാണ്. അപ്പോഴാണ് അവിടെ ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്.
മര്‍യം ഞെട്ടിവിറച്ചു,,,
ചാരിത്രം കളങ്കപ്പെടുത്താന്‍ ആരോ വന്നതാവാം. മാനഭംഗപ്പെടുത്തലാവാം ആഗത ലക്ഷ്യം.
മര്‍യം കന്യകയാണ്, ഒറ്റയ്ക്കാണ്. സകല ധൈര്യവും സംഭരിച്ച് വന്നവനോട് അവര്‍ ചോദിച്ചു: “എന്താണ് നിങ്ങളുടെ ആവശ്യം. എന്നെ നശിപ്പിക്കാന്‍ വന്നതാണോ? വേഗം പുറത്ത് പോകണം.”
അങ്ങനെ പറയുമ്പോഴും മര്‍യമിന് പേടിയുണ്ട്.
വന്നയാള്‍ പറഞ്ഞു; “ഞാന്‍ ദൈവദൂതനാണ്, മനുഷ്യനല്ല. നിങ്ങള്‍ക്കൊരു സന്താനം ജനിക്കും. തൊട്ടിലില്‍ വെച്ച് അവന്‍ സംസാരിക്കും. ഈസാ മസീഹ് എന്നായിരിക്കും അവന്‍റെ പേര്. ഈ വിവരം അറിയിക്കാന്‍ വന്ന മാലാഖയാണ് ഞാന്‍.”
മര്‍യം(رضي الله عنها) അത്ഭുതപ്പെട്ടു. “അവിവാഹിതയായ ഞാന്‍ എങ്ങനെ പ്രസവിക്കും. ഞാനൊരു പുരുഷനെ സ്പര്‍ശിച്ചിട്ടു പോലുമില്ല.”
അതിന്‍റെ ആവശ്യമില്ലെന്നും എല്ലാം അള്ളാഹുവിന്‍റെ തീരുമാനമാണെന്നും വന്നയാള്‍ പറഞ്ഞു. അത് ഒരു മലക് ആയിരുന്നു. അള്ളാഹുവിന്‍റെ സന്ദേശം മര്‍യം(رضي الله عنها)യെ അറിയിക്കാന്‍ വന്ന മലക് ജിബ്‌രീല്‍(عليه السلام).
മര്‍യം(رضي الله عنها) ഗര്‍ഭിണിയായി.
ആളുകള്‍ എന്തു വിചാരിക്കും എന്നായി മര്‍യമിന്‍റെ ആലോചന. ഒരു അവിവാഹിത ഗര്‍ഭിണിയായാല്‍ ആളുകള്‍ക്ക് പലതും വിചാരിക്കാമല്ലോ. അവര്‍ തന്നെ വ്യഭിചാരിണിയായി മുദ്രകുത്തുമോ? മലക് വന്ന്‍ അള്ളാഹുവിന്‍റെ സന്ദേശം കൈമാറിയ കാര്യം ആളുകളോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്?!
പള്ളിയിലേക്കുള്ള വരവ് നിന്നു. ആളുകളുടെ മുഖത്ത് നോക്കാന്‍ മടിയായി.
യഹൂദികള്‍ പലതും പറഞ്ഞു നടക്കാന്‍ തുടങ്ങി. അവര്‍ മര്‍യമിനെ കുറിച്ച് മോശമായി സംസാരിച്ചു. സകരിയ്യ നബി(عليه السلام)മിന് കാര്യം മനസ്സിലാകും. ഹന്നക്കും ഇശാഇനും മനസ്സിലാകും. അവര്‍ കൂടെയുണ്ടാകും. പക്ഷേ, മറ്റുള്ള കുടുംബാംഗങ്ങള്‍ അങ്ങനെയല്ല. അവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമല്ല ഇത്; നാട്ടുകാര്‍ക്കും.
പ്രസവം അടുക്കാറായപ്പോള്‍ പള്ളി വിട്ട് അകന്നു നില്‍ക്കാന്‍ മര്‍യം(رضي الله عنها) നിര്‍ബന്ധിതയായി. ദൂരേ ഒരിടത്ത് ഏകയായി കഴിഞ്ഞു. മനസ്സിന് സംതൃപ്തി തോന്നിയത് അപ്പോള്‍ അങ്ങനെ കഴിയുന്നതിലാണ്.
പ്രസവ വേദന വന്നതോടെ മര്‍യം(رضي الله عنها) ഒരു ഈന്തപ്പന മരത്തിന്‍റെ ചുവട്ടിലേക്ക് പോയി. അതില്‍ ചാരിയിരുന്നു. കടിഞ്ഞൂല്‍ പ്രസവമാണ്. കൂട്ടിന് ആരുമില്ല. കിടക്കയില്ല, പുതപ്പില്ല. ഇനി പ്രസവിച്ചു കഴിഞ്ഞാല്‍ തന്നെയുള്ള സ്ഥിതി എന്താവും. ആളുകള്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കും. ആലോചിക്കുമ്പോള്‍ വല്ലാത്ത സങ്കടവും വേദനയും. ഈ അനുഭവം വരുന്നതിനു മുമ്പ് മരിച്ച് വിസ്മൃതിയില്‍ ലയിച്ചിരുന്നുവെങ്കില്‍ എന്ന്‍ മര്‍യം(رضي الله عنها) ആഗ്രഹിച്ചു പോയി.....
*❂•••••• ...തുടരും ...•••••••❂*
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment