കാത്തിരിപ്പിന്‍റെ മധുരം 08


       ഫലസ്തീന്‍ എന്ന പുണ്യഭൂമി,,,,

    അനുഗ്രഹിക്കപ്പെട്ട നിരവധി പേരുടെ പാദസ്പര്‍ശമേറ്റ മണ്ണ്‍. അവിടെ വസന്തത്തിന്‍റെ വരവറിയിച്ച് ഇളം കാറ്റ് വീശി. ചെടികളില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു. മരങ്ങളില്‍ ഇലകള്‍ തളിര്‍ത്തു. മണ്ണില്‍ ചെറിയ സസ്യങ്ങള്‍ പച്ച വിരിച്ചു. കിളികള്‍ ആനന്ദത്തിന്‍റെ ചിറകുകള്‍ വീശി ആകാശത്ത് വട്ടം വരച്ചു.

    അള്ളാഹു വാഗ്ദാനം നിറവേറ്റി.

  ജനിക്കുന്നതിനു മുമ്പേ പേരു കിട്ടിയ കുട്ടി ജനിച്ചു,,,

    അങ്ങനെ സകരിയ്യ നബി(عليه السلام)മിന്‍റെയും ഇശാഇന്‍റെയും മകനായി യഹ് യ ഭൂമിയില്‍ നനവ് തൊട്ടു.

    ആദ്യമേ അള്ളാഹുവിന്‍റെ അനുഗ്രഹം കിട്ടിയ കുട്ടി. ജനനനാളിലും മരണനാളിലും ഉയര്‍ത്തെഴുന്നേല്‍പ്പ് നാളിലും അള്ളാഹുവിന്‍റെ കാവല്‍ നേരത്തെ തന്നെ ഉറപ്പു വരുത്തിയ ഭാഗ്യവാന്‍.

    പിറന്നതു മുതല്‍ അത്ഭുതമാണ് യഹ്യ.

   സാധാരണ കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. വികൃതിയോ ശാട്യമോ ദേഷ്യമോ ഇല്ല. സൗമ്യനും ശാന്തനും ക്ഷമാ ശീലനുമായിരുന്നു.

    യാതൊരു വിട്ടുവീഴ്ചയും കൂടാതെ തൗറാത്തിന്‍റെ ശാസന അനുസരിച്ച് ജീവിക്കുവാന്‍ അള്ളാഹു യഹിയ(عليه السلام)മിന് നിര്‍ദേശം നല്‍കി.

    അന്നത്തെ വേദഗ്രന്ഥമായിരുന്നു തൗറാത്ത്.

    അപ്പോള്‍ യഹിയ(عليه السلام)മിന് പ്രായം രണ്ട്.

  “യഹിയാ, ഗ്രന്ഥം മുറുകെ പിടിക്കുക. ശൈശവദശയില്‍ തന്നെ നാം അദ്ദേഹത്തിന് വേദവിജ്ഞാനം നല്‍കി.”

    അസാധാരണമാം വിധം ജ്ഞാനശക്തി അള്ളാഹു നല്‍കി.

  മുന്‍ പ്രവാചകന്മാരിലൂടെ ലഭ്യമായ നിയമസംഹിതകളും നീതിസാരങ്ങളും മുറുകെ പിടിക്കാനായിരുന്നു അള്ളാഹുവിന്‍റെ കല്‍പ്പന. സ്വയം പരിശീലിക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി പരിശീലിപ്പിക്കാനും അത് ജനങ്ങള്‍ക്കിടയില്‍ നടപ്പില്‍ വരുത്താനുമാണ് നിര്‍ദേശം.

    അതിന് ചെറുപ്പത്തിലേ പ്രവാചകത്വവും നല്‍കി.

  മൂന്നാം വയസ്സിലോ ഏഴാം വയസ്സിലോ ആണ് യഹിയാ(عليه السلام)മിന് അള്ളാഹു പ്രവാചകത്വം നല്‍കുന്നത്. അങ്ങനെ യഹിയ പ്രവാചകനായി.

    വലുതാകുന്തോറും യഹിയ നബി(عليه السلام)മില്‍ ജ്ഞാനവും വിനയവും കരുണയും കൂടിക്കൂടി വന്നു. മാതാപിതാക്കളോടും കുടുംബക്കാരോടും നാട്ടുകാരോടുമെല്ലാം അലിവോടെയുള്ള പെരുമാറ്റം. അനുസരണയുള്ള സമീപനം. പക്ഷിമൃഗാദികളോടും വൃക്ഷങ്ങളോടുമെല്ലാം നല്ല പെരുമാറ്റം. യഹിയ നബി(عليه السلام)മിന്‍റെ സൗമ്യതയും ദയയും പ്രപഞ്ചമാകെ പടര്‍ന്നു...
*❂•••••• ...തുടരും ...•••••••❂*
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳

Comments