ശീസ് (അ), ഇദ് രീസ് (അ) 05

ബിംബങ്ങൾ വന്ന വഴി... (1)

   ഉപ്പയുടെ വിയോഗം. അത് മക്കളെ വ്യസനത്തിലാക്കി. സ്വർഗ്ഗത്തിൽ നിന്ന് വന്ന  ഉപ്പ. അങ്ങോട്ടു തന്നെ മടങ്ങിപ്പോയി. ധന്യമായ ജീവിതം. ഒട്ടനേകം കാര്യങ്ങൾ ഉപ്പയിൽ നിന്ന് കേട്ടു പഠിച്ചു...

ശീസ് (അ) നോട് വ്യക്തിപരമായിത്തന്നെ വളരെയധികം കാര്യങ്ങൾ പറഞ്ഞു കെടുത്തിട്ടുണ്ട്. നൂഹ് (അ) നെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. എന്റെ സന്താന പരമ്പരയിൽ  വരുന്ന പുത്രനാണത്. ജനങ്ങൾ വളരെയേറെ വഴി പിഴച്ചു പോവുന്ന കാലം. അക്കാലത്ത് ബിംബാരാധന വർദ്ധിക്കും...

പ്രധാന ബിംബങ്ങൾ ഏതൊക്കെയാണെന്നറിയാമോ...?
മോനേ... നിനക്കൊരു  പുത്രൻ ജനിക്കും. അവന്റെ കാലത്ത് അഞ്ച് മഹാപുരുഷന്മാർ ജീവിക്കും. അല്ലാഹുﷻവിനെ ആരാധിച്ചും ജനങ്ങൾക്കു സന്മാർഗം കാണിച്ചുകൊടുത്തും അവർ ജീവിക്കും. ജനങ്ങൾ  അവരെ വല്ലാതെ ബഹുമാനിക്കും. പുണ്യാത്മാക്കളായി തന്നെ വഫാത്താവുകയും ചെയ്യും. ഞാനവരുടെ പേരുകൾ  പറഞ്ഞു തരാം. വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ്. ഇവർ ഓരോരുത്തരായി കാലയവനിക്കുള്ളിൽ മറഞ്ഞു പോകും. ഓരോ മരണവും ജനങ്ങളെ ഏറെ ദുഖിപ്പിക്കും. എല്ലാവരും പോകും. കൺമുമ്പിലുണ്ടാവില്ല. ഖബറിലാണ്. എന്നാൽ ജനങ്ങളുടെ  മനസ്സിൽ  നിന്നവർ പോവില്ല. മഹാത്മാക്കളെ ജനങ്ങൾ ഓർക്കും. അവരെപ്പറ്റി പറയും. അവരുടെ ഉപദേശങ്ങൾ അനുസ്മരിക്കും...

പഴയ തലമുറ പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കും. മഹത്മാക്കളോടുള്ള ഈ ആദരവ് ചൂഷണം ചെയ്യാൻ ശത്രുവായ ഇബ്ലീസ് വരും. മനുഷ്യ രൂപത്തിൽ. അവൻ മഹത്മാക്കളെ പുകഴ്ത്തിപ്പറയും. അത് കേൾക്കാൻ ധാരാളമാളുകൾ ചുറ്റും കൂടും. നീണ്ട പ്രസംഗത്തിനൊടുവിൽ അവൻ പറയും: നിങ്ങൾക്ക് ആ മഹാന്മാരെ കണ്ട് കൊണ്ടിരിക്കാൻ ഒരു വഴിയുണ്ട്. ഞാൻ പറഞ്ഞു തരാം. അത് കേട്ടപ്പോൾ ആളുകൾക്ക് ആവേശമായി. എന്താണാ വഴി..? പലരും ചോദിച്ചു. പറഞ്ഞു തരാം. ശ്രദ്ധിച്ചു കേട്ടോളൂ..  "അഞ്ച് മഹാന്മാരുടെയും പ്രതിമകൾ ഉണ്ടാക്കുക. കണ്ടാൽ അവരെ പോലിരിക്കും. നമുക്കവരെ കാണാം. മാറ്റൊന്നിനുമല്ല. എന്താണഭിപ്രായം. വെറുതെ മഹാത്മാക്കളുടെ രൂപം ഉണ്ടാക്കുകയല്ലേ. അതിൽ തെറ്റൊന്നും കണ്ടില്ല. ഇബ്ലീസ് പ്രതിമകളുണ്ടാക്കും. ഒരു മുറിയിൽ സൂക്ഷിക്കും. രാവിലെയും വൈകുന്നേരവും അവയെ സന്ദർശിക്കാൻ പറയും. കുറെക്കാലം അങ്ങനെ കടന്നു പോകും. പഴമക്കാർ മരിക്കും. പുതിയ തലമുറ വരും...

പ്രതിമകളോട് ബഹുമാനം തോന്നുന്ന വിധത്തിൽ ഇബ്ലീസ് ചെറുപ്പക്കാരോട് സംസാരിക്കും. മെല്ലെ മെല്ലെ ജനങ്ങളെ ഇബ്ലീസ് അരുതാത്ത കാര്യങ്ങൾക്ക് പ്രേരിപ്പിക്കും. ഒടുവിൽ ജനങ്ങൾ ബിംബാരാധനയിൽ എത്തിച്ചേരും. ഏകനായ റബ്ബിനെ മറക്കുന്ന കാലം വരും. ബിംബാരാധന പെരുകും. ശിർക്കിന്റെ  ശക്തി വർദ്ധിക്കും. ജനങ്ങൾ പാപങ്ങളിൽ മുങ്ങിപ്പോകും. ധിക്കാരികൾ അധികാരം വഹിക്കും. അക്കാലത്താണ് നൂഹ് (അ) എന്ന പ്രവാചകനെ അല്ലാഹുﷻ നിയോഗിക്കുക...

നൂഹ് (അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കും. നിരന്തരം ക്ഷണിക്കും. ക്ഷണം സ്വീകരിക്കുന്നവർ വളരെ പരിമിതമായിരിക്കും. കുറഞ്ഞ കാലമൊന്നുമല്ല ക്ഷണിക്കുക. തൊള്ളായിരത്തി അമ്പത് കൊല്ലം. മഹാഭൂരിപക്ഷം നബിയുടെ ശത്രുക്കളായിത്തീരും. ഒരു പുത്രൻ വരെ. ആ ജനതക്കെതിരായി നൂഹ് (അ) പ്രാർത്ഥിക്കും. അപ്പോൾ കപ്പലുണ്ടാക്കാൻ കല്പിക്കും. വിശ്വാസികളെല്ലാം അതിൽ കയറും എല്ലാ ജീവികളിൽ നിന്നും ഇണകളെ കയറ്റും. പിന്നെയാണ് പ്രളയം. കപ്പൽ വെള്ളത്തിൽ പൊങ്ങി നിൽക്കും. ബാക്കിയെല്ലാം നശിക്കും...


ശീസ് (അ), ഇദ് രീസ് (അ) 06

Comments