ശീസ് (അ), ഇദ് രീസ് (അ) 02

മാതാവിന്റെ കണ്ണുനീർത്തുള്ളികൾ (2)

   എവിടെ നോക്കിയാലും തിങ്ങി വളർന്ന കാട്. ആട്ടിൻപറ്റത്തെയും തെളിച്ചുകൊണ്ട് ഹാബീൽ കാട്ടിലേക്കു പോവും. വൈകിയാണ് തിരിച്ചെത്തുക. ഒരു ദിവസം കാട്ടിലേക്കുപോയ ഹാബീൽ തിരിച്ചു വന്നില്ല. കാത്തു കാത്തിരുന്നു. പെറ്റതള്ളയുടെ വേദന. മോന് ആഹാരവുമായി കാത്തിരുന്നു ഉമ്മ. മോൻ വന്നില്ല. ഭീതിയോടെ കാത്തിരുന്നു...

ഏറെക്കഴിഞ്ഞ് ഞെട്ടിക്കുന്ന വാർത്തയെത്തി. ഹാബീൽ മോൻ ഇനിയൊരിക്കലും തിരിച്ചു വരില്ല. പെന്നുമോൻ കൊല്ലപ്പെട്ടിരിക്കുന്നു. ഭർത്താവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. ദുഃഖം തളം കെട്ടി നിന്നു...

ഹാബീൽ മോന്റെ വർത്തമാനം. അതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഓർമ്മകൾ മനസ്സിനെ ഞെരിക്കുന്നു. മോൻ അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിച്ചു. ഓരോ വാക്കും സൂക്ഷിച്ചു. ഒരോ ചലനവും സൂക്ഷിച്ചു. സൂക്ഷ്മതയോടെ ജീവിച്ചു. തഖ് വ നിറഞ്ഞ ജീവിതം. അതായിരുന്നു ഹാബീൽ മോൻ. ഭൂമിയിൽ ഇങ്ങനെയും ഒരു ദുഃഖമുണ്ടെന്ന് ഇപ്പോൾ അറിഞ്ഞു. മക്കൾ കാരണം സന്തോഷം. അവർ കാരണം ദുഃഖം. എന്തൊരവസ്ഥ ...!

ഇതൊരു സാധാരണ മരണമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. അതല്ലല്ലോ നടന്നത്. കൊല്ലപ്പെടുകയല്ലേ ഉണ്ടായത്. ആരാണ് ഘാതകൻ..? അതോർക്കുമ്പോൾ ദുഃഖം ഇരട്ടിക്കുന്നു. സ്വന്തം ഇക്കാക്ക. ഖാബീൽ. ഇതെങ്ങനെ ഒരു ഉമ്മ സഹിക്കും. ഹബീലിന്ന് ഇക്കാക്കയോട് എന്തൊരു സ്നേഹമായിരിന്നു. എന്നിട്ടും ഖാബീൽ ഇത് ചെയ്തല്ലോ...

ലബൂദയേക്കാൾ സുന്ദരിയായിരുന്നു ഇഖ് ലീമ. ഇബ്ലീസ് നോട്ടമിട്ടു നടക്കുകയായിരുന്നു. സുന്ദരിയായ  ഇഖ് ലീമയെ വിവാഹം ചെയ്യേണ്ടത് ഹബീലായിരുന്നു. ഇഖ് ലീമയെ വിട്ടുകൊടുക്കരുത്. അവൾ സുന്ദരിയാണ്. ഇബ്ലീസ് ഖാബീലിന് ഉപദേശം നൽകി. ഖാബീൽ വഴി തെറ്റിത്തുടങ്ങി. ഇബ്ലീസ് അടവുകൾ പലത് പയറ്റിക്കൊണ്ടിരുന്നു. ഖാബീലിന്റെ മനസ്സിൽ അസൂയ വളർത്തിയെടുത്തു. അത് പകയായി വളർന്നു ...

ഉപ്പ മകനെ നന്നായി ഉപദേശിച്ചു.
"മോനേ... ഇബ്ലീസ് നമ്മുടെ ഉഗ്രശത്രുവാണ്. അവൻ പറയുന്നത് കേൾക്കരുത്. അവൻ ചതിക്കുഴിയിൽ ചാടിക്കും. വളരെ  സൂക്ഷിക്കണം. എന്റെ ഉപദേശം കേട്ടു നടന്നാൽ മതി. അത് രക്ഷയുടെ മാർഗ്ഗമാണ്..."

ഉപ്പ ഉപദേശം തുടർന്നപ്പോൾ ഇബ്ലീസ് കൂടുതൽ  പിടിമുറുക്കി. സ്ത്രീയുടെ സൗന്ദര്യമുപയോഗിച്ചാണ് ഇബ്ലീസ് വല വീശുന്നത്. ആ വലയിൽ ഒരു വിധമാളുകളൊക്കെ വീണു പോകും. കുടുംബത്തിൻ ദുഃഖം പെയ്തിറങ്ങി. ശൈത്വാൻ പൊട്ടിച്ചിരിച്ചു ...

വർഷങ്ങൾ അഞ്ച് കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു. ചിരിക്കാൻ മറന്നു പോയ അഞ്ച് വർഷങ്ങൾ. ഒടുവിൽ അല്ലാഹുﷻവിന്റെ ആശ്വാസവചനമെത്തി. യോഗ്യനായ പുത്രൻ ജനിക്കാൻ പോവുന്നു ആദം (അ)ന്ന്. ഇരുനൂറ്റി മുപ്പത് വയസ്സ് പ്രായം. ഹവ്വ (റ) ഗർഭിണിയായി. ആശ്വാസത്തിന്റെ കാലം വരികയായി. മാസങ്ങൾ കടന്നു പോയി. ഹവ്വ (റ) പ്രസവിച്ചു. ആൺകുഞ്ഞ്...

ഈ പ്രസവത്തിൽ മാത്രം ഒരു കുഞ്ഞ് എന്നാണ് റിപ്പോർട്ട്. മറ്റെല്ലാ പ്രസവത്തിലും ഇരട്ടക്കുട്ടികൾ. കുഞ്ഞിന് പേരിട്ടു...

" ശീസ് "...

ശീസ് എന്ന വാക്കിന് 'പകരം' എന്നർത്ഥം. ഹാബീലിന്ന് പകരം കിട്ടിയ കുട്ടി. ഉപ്പയോട് രൂപസാദൃശ്യമുള്ള കുഞ്ഞ്. കത്തിയെരിഞ്ഞു നിന്ന ഖൽബുകളിൽ ആശ്വാസത്തിന്റെ തെളിനീർ വീണത് പോലെയായി. ദുഖത്തിന്റെ തീജ്വാലകൾ അണഞ്ഞു. അഞ്ചു വർഷത്തിനു ശേഷം വന്ന ആശ്വാസം ...

ശീസ് (അ), ഇദ് രീസ് (അ) 03

Comments