അബ്ദുല്ലാഹി ബ്നു ഉമർ (റ) 01

ഉമർ(റ) വിന്റെ മനസ് മാറ്റിയ വചനങ്ങൾ


_രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ്(റ) മഹാനവർകളുടെ ഓമാനപുത്രൻ ആ പുത്രന്റെ അമ്പരപ്പിക്കുന്ന ചരിത്രമാണ് പറയാൻ പോവുന്നത്_

ജാഹിലിയ്യ കാലഘട്ടത്തിലേക്കൊന്നു തിരിഞ്ഞുനോക്കാം മക്കയുടെ പൗരുഷ പ്രതീകമായ ഉമർ (റ) വീരശൂര പരാക്രമി  ധീരന്മാരുടെ ധീരൻ ശൂരന്മാരുടെ ശൂരൻ 

ഉമർ എന്ന പേര് കേട്ടാൽ മക്കായിലെ യുവാക്കൾ കോരിത്തരിക്കും  യുവാക്കളുടെ  സാഹസങ്ങളുടെ മുമ്പിൽ കാണാംഈ വീരനായകനെ 

ഒരു ദിവസം മക്കാ പട്ടണം സന്തോഷവാർത്ത കേട്ടു ഉമർ വിവാഹിതനാവാൻ പോവുന്നു ആരാണ് വധു? ആരാണ് ആ ഭാഗ്യവതി?

സൈനബ്
മള്ഊനിന്റെ മകൾ സൈനബ് പ്രസിദ്ധനായ ഉസ്മാനുബ്നു മള്ഊനിന്റെ സഹോദരി

കുലമഹിമക്കൊത്ത വിവാഹം തന്നെ എല്ലാവർക്കും സന്തോഷം പ്രമുഖരും സാധാരണക്കാരുമെല്ലാം പങ്കെടുത്ത വിവാഹാഘോഷം    ഇവർക്ക് ജനിച്ച മൂന്നു മക്കളെ കാലം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് ഹഫ്സ, അബ്ദുല്ല, അബ്ദുർറഹ്മാൻ

പിൽക്കാലത്ത് ഹഫ്സ (റ) നബി (സ) തങ്ങളുടെ ഭാര്യയായിത്തീർന്നു മുഅ്മിനീങ്ങളുടെ ഉമ്മ -ഉമ്മുൽ മുഅ്മിനീൻ -എന്ന പദവിനേടി

ഹഫ്സ(റ)യുടെ സഹോദരൻ അബ്ദുല്ല(റ) 

നബി (സ) തങ്ങൾക്ക് നുബുവ്വത്ത് കിട്ടിയിട്ട് രണ്ട് വർഷമായി അപ്പോൾ സൈനബ് ഗർഭിണിയാണ് ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന കാലം പെൺകുഞ്ഞ് പിറക്കുന്നത് തറവാടിന് മാനക്കേടാണെന്ന് കരുതന്ന കാലം 

സൈനബ് പ്രസവിച്ചു ആൺകുഞ്ഞ് 

കേട്ടവരുടെയെല്ലാം മനസിൽ ആഹ്ലാദം അലയടിച്ചുയർന്നു ദമ്പതികളെ അനുമോദിക്കാൻ എന്തുമാത്രം ആളുകളാണ് വീട്ടിലെത്തിയത് കുലീന വനിതകളുടെ വലിയ സംഘങ്ങൾ തന്നെ വന്നു ചേർന്നു വീട്ടിലാകെ സന്തോഷം കത്തിപ്പടർന്നു   കുഞ്ഞിന് പേരിട്ടു അബ്ദുല്ല 

ജാഹിലിയ്യാ കാലത്ത് അറേബ്യയിൽ നല്ല പ്രചാരത്തിലുള്ള പേരാണ് അബ്ദുല്ല അക്കാലത്ത് അബ്ദുറഹ്മാൻ എന്ന പേരും പ്രചാരത്തിലുണ്ട് ഈ പേരുകൾക്ക് ഇസ്ലാമിലും വളരെ പ്രാധാന്യമുണ്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) തന്നെ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം:

നബി (സ) തങ്ങൾ പറഞ്ഞു: 'നിങ്ങളുടെ നാമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ല, അബ്ദുർറഹ്മാൻ എന്നിവയാകുന്നു'

അബ്ദുല്ലാഹിബ്നു ഉമർ (റ) തനിക്കു ലഭിച്ച പേരിൽ അഭിമാനം കൊണ്ടു അല്ലാഹുവിന് ഇഷ്ടപ്പെട്ട പേര് തനിക്കും ഇഷ്ടപ്പെട്ടതുതന്നെ പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട് 

ഒരേ കാലത്ത് ജീവിച്ച നാല് അബ്ദുല്ലമാരെ ഇസ്ലാമിക ചരിത്രം അഭിമാനപൂർവം അനുസ്മരിക്കുന്നുണ്ട് 

1. അബ്ദുല്ലാഹിബ്നു ഉമർ (റ)
2. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)
3. അബ്ദുല്ലാഹിബ്നു സുബൈർ (റ)
4. അബ്ദുല്ലാഹിബ്നു അംറിബ്നുൽ ആസ്വ്(റ)

അബ്ദുല്ലാഹിബ്നു ഉമർ (റ) അവർകളുടെ പരമ്പര വളരെ ശ്രേഷ്ഠമാണ് നബി (സ) തങ്ങളുടെ ഉപ്പാപ്പയായ കഅ്ബ് എന്നവരിൽ ഈ പരമ്പര വന്നുചേരുന്നു 

അബ്ദുല്ലയുടെ ഉപ്പ ഉമർ (റ) അവരുടെ ഉപ്പ നുഫൈൽ അദ്ദേഹത്തിന്റെ ഉപ്പ അദിയ്യ് അദ്ദേഹത്തിന്റെ ഉപ്പ കഅ്ബ്

പ്രതാപം നിറഞ്ഞ വീട് എപ്പോഴും പ്രമുഖരുടെ സാന്നിധ്യം അവിടെ എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ആസ്വദിച്ചു വളരുകയാണ്  അബ്ദുല്ല എന്ന കുഞ്ഞ് എല്ലാവരെയും അതിശയിപ്പിക്കുന്ന ബുദ്ധിശക്തി ഓർമവെച്ച നാൾ മുതൽ കേൾക്കുന്നത് ഇസ്ലാമിനെക്കുറിച്ചാണ് പലരിൽനിന്നും ഇസ്ലാമിനെക്കുറിച്ചു കേട്ടു ആ വിവരണങ്ങൾ കൊച്ചു മനസ്സിനെ തൊട്ടുണർത്തി കൂടുതൽ കാര്യങ്ങൾ കേൾക്കാനാഗ്രഹിച്ചു 

തന്റെ പ്രിയപ്പെട്ട ഉപ്പ ഇസ്ലാമിലെത്തിയതെങ്ങനെ? മക്കയെ കോരിത്തരിപ്പിച്ച സംഭവം ആ സംഭവം അബ്ദുല്ല എന്ന ബാലാൻ കേൾക്കുകയാണ്

ഖുറൈശി പ്രമുഖരുടെ ഒരു യോഗം നടക്കുന്നു ഇസ്ലാം മതത്തെയും പ്രവാചകനെയും ഇല്ലായ്മ ചെയ്യണം അതിനെന്ത് വഴി? അതാണ് ചർച്ച

മുഹമ്മദിനെ വധിക്കുക അതാണ് പരിഹാരം മറ്റൊരു പരിഹാരവുമില്ല ചർച്ച അവിടെയെത്തി അക്കാര്യം എല്ലാവരും സമ്മതിച്ചു പക്ഷെ ഒരു പ്രശ്നം 

മുഹമ്മദിനെ ആര് വധിക്കും? ആളുകൾ പരസ്പരം നോക്കി ധൈര്യം പോരാ ധീരനായ ഉമർ മാത്രം എഴുന്നേറ്റു ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു മുഹമ്മദിനെ ഞാൻ വധിക്കും എല്ലാവരും ആവേശഭരിതരായി ഉമർ വാളുമായി കുതിച്ചു 

വഴിക്കുവെച്ച് ഒരു കൂട്ടുകാരനെ കണ്ടു പേര് നുഐം ഉമറിന്റ പോക്ക് അത്ര പന്തിയല്ലെന്ന് കൂട്ടുകാരന് തോന്നി ഏതോ സാഹസം കാണിക്കാൻ ഇറങ്ങിയതാണ് എങ്ങനെയും പിന്തിരിപ്പിക്കണം

ഉമർ...... കൂട്ടുകാരൻ വിളിച്ചു 

ഉമർ നിന്നു നുഐം ചോദിച്ചു: എങ്ങോട്ടാണ് വാളുമായി പോവുന്നത്?

മുഹമ്മദിനെ വധിക്കാൻ താങ്കൾക്കെങ്ങനെ കഴിയും? അബ്ദുമനാഫിന്റെ കുടുംബം താങ്കളെ അതിന്നനുവദിക്കുമോ? മുഹമ്മദിനെ വധിച്ചാൽ നിങ്ങൾക്കിവിടെ ജീവിക്കാൻ കഴിയുമോ? 

എന്നെ പേടിപ്പിക്കാൻ നോക്കണ്ട ഞാൻ പേടിച്ചു പിന്മാറില്ല ഇന്ന് ഞാനവന്റെ തലയെടുക്കും 

കൂട്ടുകാരന്റെ മനസ് നന്നായി പ്രവർത്തിച്ചു ഉമറിനെ പിന്തിരിപ്പിക്കാനെന്ത് വഴി? സഹോദരിയോട് ഉമറിന് വലിയ സ്നേഹമാണ് ഉമറിന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചുവിടാം അപ്പോൾ കോപം തണുക്കും

ഉമർ താങ്കൾ സ്വന്തം കുടുംബത്തെ ആദ്യം നേരെയാക്കൂ എന്നിട്ടുമതി മുഹമ്മദിനെ വധിക്കൽ

ആ വാക്കുകൾ ഫലിച്ചു ഉമർ ഞെട്ടി ചിന്ത സ്വന്തം കുടുംബത്തിലേക്കു നീണ്ടു ഉമർ ചോദിച്ചു:

എന്തുപറ്റി എന്റെ കുടുംബത്തിന്?

താങ്കളുടെ സഹോദരി ഫാത്വിമ ഇസ്ലാം മതം സ്വീകരിച്ചു അവരുടെ ഭർത്താവ് സഈദും ഇസ്ലാം മതം സ്വീകരിച്ചു 

ഈ കേട്ടത് ശരിയാണോ? ശരിയാണെങ്കിൽ .... ഉമർ ഓടുകയാണ് സഹോദരിയുടെ വീട്ടിലേക്ക് 

വീട്ടിലെത്തി മുൻവാതിൽ അടഞ്ഞുകിടക്കുന്നു ശ്രദ്ധിച്ചു അകത്ത് ശബ്ദം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദം വല്ലാത്ത ആകർഷണമുള്ള ശൈലി 

ഫാത്വിമാ..... വാതിൽ തുറക്കൂ....

ഉമറിന്റെ ശബ്ദം അകത്തുള്ളവർ അത് തിരിച്ചറിഞ്ഞു തങ്ങൾ ഇസ്ലാം മതം സ്വീകരിച്ചത് ഉമർ അറിഞ്ഞു കഴിഞ്ഞു ഇനിയെന്തും സംഭവിക്കാം ഖബ്ബാബ് (റ) ഖുർആൻ  ഓതിപ്പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ വീട്ടിനകത്തേക്ക് മാറ്റിനിർത്തി ഫാത്വിമ (റ) വാതിൽ തുറന്നു 

പറയൂ.... ഞാനെന്താണിപ്പോൾ കേട്ടത്? നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചോ?

'അതെ' സഈദിന്റെ മറുപടി കോപം വർദ്ധിച്ചു സഈദ്(റ) വിനെ ആക്രമിച്ചു ഭർത്താവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് സഹിക്കാനായില്ല ഫാത്വിമ (റ) ഇടക്കു ചാടിവീണു അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഞങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു ഏകനായ അല്ലാഹുവിൽ വിശ്വസിച്ചു അവന്റെ റസൂലിലും വിശ്വസിച്ചു നിങ്ങൾക്കെന്ത് വേണമെങ്കിലും ചെയ്യാം ഞങ്ങൾ മടങ്ങില്ല കൊന്നാലും മടങ്ങില്ല

ഉമർ സഹോദരിയെ ആക്രമിച്ചു അവരുടെ നെറ്റിയിൽ ചോര കണ്ടു എവിടെയോ തട്ടി മുറിഞ്ഞു ചോര കണ്ടപ്പോൾ ഉമർ ശാന്തനാവാൻ തുടങ്ങി ശബ്ദം താഴ്ത്തി ചോദിച്ചു:

നിങ്ങൾ എന്താണ് പാരായണം ചെയ്തിരുന്നത്? എന്നെ കേൾപ്പിക്കൂ

കുളിച്ചു ശുദ്ധിയായി വരൂ 

കുളിക്കാൻ പോയി തലയിൽ തണുത്ത വെള്ളം ഒഴിച്ചു കോപം ഒഴുകിപ്പോയി   കുളി കഴിഞ്ഞപ്പോൾ പുതിയൊരാളായി മാറി

ഖബ്ബാബ് (റ) വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ഓതിക്കേൾപ്പിച്ചു ആ വചനങ്ങൾക്ക് എന്തൊരു മാസ്മരിക ശക്തി

നബി (സ) തങ്ങൾ എവിടെയാണ്? എനിക്ക് കാണണം സത്യസാക്ഷ്യം വഹിക്കണം 

അവർ പോയി അർഖം(റ)വിന്റെ വീട്ടിലേക്ക് ഉമർ (റ) ഇസ്ലാം മതം സ്വീകരിച്ചു 

അബ്ദുല്ല എന്ന മിടുക്കനായ കുട്ടി ആ ഖുർആൻ വചനങ്ങൾ കേട്ടു ഉപ്പായുടെ മനസ് മാറ്റിയ മഹത്തായ വചനങ്ങൾ സൂറത്ത് ത്വാഹ അതിലെ വചനങ്ങൾ 

ത്വാഹാ....മാ.... അൻസൽനാ.....അലൈക്കൽ ഖുർആന ലി തശ്ഖാ....

ത്വാഹാ....താങ്കൾക്ക് നാം ഖുർആൻ ഇറക്കിയത് ബുദ്ധിമുട്ടാൻ വേണ്ടിയല്ല

ഇല്ലാ തദ്കിറത്തൻ ലിമൻ യഖ്ശാ.... 

ഭയപ്പെടുന്നവർക്ക് ഉൽബോധനമായിട്ടാണ് 

ഉപ്പായുടെ മനസ്സിൽ തട്ടിയ വചനം തന്റെയും മനസ്സിൽ തട്ടി ആ വചനങ്ങൾ മനസ്സിൽ പതിഞ്ഞുപോയി കല്ലിൽ കൊത്തിയ ചിത്രം പോലെ

വിശുദ്ധ ഖുർആൻ വചനങ്ങൾ കേൾക്കുന്നതാണ് ഏറ്റവും നല്ല ആനന്ദം കവിത കേൾക്കുന്നതിനേക്കാൾ മധുരം റബ്ബുൽ ആലമിന്റെ തിരുമൊഴികൾ കേട്ടാലും കേട്ടാലും മതിവരില്ല 

വിശുദ്ധ ഖുർആൻ പാരായണത്തിന്റെ മധുര ശബ്ദം ഉയരുന്ന അന്തരീക്ഷത്തിലാണ് അബ്ദുല്ല വളർന്നു വരുന്നത്....
✍🏻അലി അഷ്ക്കർ
📱9526765555
📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

Comments