മഹാമനുഷ്യൻ


കോഴിക്കോട് ട്രെയിൻ ഇറങ്ങിയ ഞാൻ ബസ്‌സ്റ്റാന്റിലേക്ക് നടക്കുമ്പോഴാണ് ഒരു തെരുവ് ഗായകനെ ശ്രദ്ധയിൽ പെടുന്നത്. ശബ്‌ദഗാംഭീര്യം കൊണ്ടും, മരണത്തെ കുറിച്ചുള്ള അർത്ഥവത്തായ പാട്ടുകൾ കൊണ്ടും ഞാൻ അദ്ധേഹത്തിന്റെ പാട്ടിൽ ആകർഷിച്ചു.

എന്നെപ്പോലെ ഒരുപാട് പേർ അദ്ധേഹത്തിന്റെ ചുറ്റും കൂടി നിന്നു. അതിലൂടെ കടന്നു പോകുന്നവരെല്ലാം അദ്ധേഹത്തിന്റെ മുമ്പിൽ  വിരിച്ച തുണിക്കഷ്‌ണത്തിലേക്ക് പണം നിക്ഷേപിച്ചുകൊണ്ടിരുന്നു.

ഓരോ പാട്ട് കഴിയുമ്പോഴും കണ്ണിന് കാഴ്ച്ചയില്ലാത്ത അയാൾ തന്റെ വിരൽ സ്പർശം കൊണ്ട് തനിക്ക് കിട്ടിയ പണത്തെ എണ്ണിത്തിട്ടപ്പെടുത്തുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. അവസാനം പാട്ടെല്ലാം കഴിഞ്ഞ്  പോകാനിരുന്ന അയാൾ തന്റെ ഊന്നു വടി തപ്പിത്തിരയുന്നത് കണ്ടപ്പോൾ ഞാൻ അത് എടുത്ത് കൊടുത്തു. അന്നേരം എന്റെ തോളിൽ അദ്ദേഹത്തിന്റെ ഒരു കൈവെച്ചിട്ട് പറഞ്ഞു.

"ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ...
എവിടെയാ നിങ്ങളുടെ വീട്?"

"ഞാൻ മലപ്പുറം, അരീക്കോട്. അറിയാമോ?"

"പിന്നെ അറിയാതെ ഞാൻ അവിടെ ബസ്റ്റാന്റിൽ ഇടക്കിടക്ക് ഇതുപോലെ പാടാൻ വരാറുണ്ട്?"

"ഓഹോ,"

"സുഹൃത്തിന് പ്രയാസമാകില്ലെങ്കിൽ എന്നെ ഇവിടെ അടുത്തുള്ള SBT ബാങ്കിലൊന്ന് കൊണ്ട് വിടാമോ?"

തൊട്ടടുത്ത് തന്നെയായിരുന്നു ബാങ്ക് അവിടെ ചെന്ന് അദ്ദേഹം തന്ന പേപ്പറിലുള്ള അഡ്രസ്സിലുള്ള  അക്കൗണ്ടിലേക്ക് അദ്ദേഹത്തിന്റെ പണമടച്ചു.

അദ്ദേഹം പണമടച്ച അഡ്രസ്സ്  ഏതോ ഓർഫനേജിന്റെ അകൗണ്ട് പോലെ എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അത് ചോദിക്കുകയും ചെയ്തു.

"നിങ്ങൾ ഇപ്പോൾ ആര്ക്കാണ് പണമടച്ചത്?"

"അത് എന്നെപ്പോലെ കണ്ണ് കാണാൻ കഴിയാത്ത മനുഷ്യർ ജീവിക്കുന്ന ഒരു സ്ഥാപനത്തിലേക്കാണ്. എനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഞാൻ എന്നും മൂന്നിൽ ഒരു ഭാഗം അവർക്ക് വേണ്ടി മാറ്റിവെക്കും. "

അദ്ദേഹത്തെ എനിക്ക് എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയുമായിരുന്നില്ല. എനിക്ക് വാക്കുകൾ കിട്ടിയില്ല. ഇത്രയൊക്കെ സഭാഗ്യങ്ങൾ എനിക്ക് തന്നിട്ടും എനിക്കെന്തെ മറ്റുള്ളവരെ സഹായിക്കാൻ തോന്നുന്നില്ലെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. 

അദ്ദേഹത്തെയും കൊണ്ട് ബാങ്കിൽ നിന്നിറങ്ങി ഞാൻ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോഴാണ്. പെട്ടെന്ന് അദ്ദേഹം എന്നെ പിന്നോട്ട് വലിച്ചത്. അദ്ദേഹം പിന്നോട്ട് വലിച്ചില്ലായിരുന്നെങ്കിൽ ചീറിപ്പാഞ്ഞ്  വന്ന വാഹനം എന്നെ ഇടിച്ച് തെറിപ്പിക്കുമായിരുന്നു. എന്റെ കണ്ണുകൾ കൊണ്ട് പെട്ടെന്ന് എനിക്കത് കാണാൻ കഴിഞ്ഞില്ല. പക്ഷെ  വാഹനത്തിന്റെ സൗണ്ട് കേട്ട് വാഹനം തൊട്ടടുത്ത് എത്തി എന്ന് കാതുകളിലുടെ അദ്ദേഹത്തിന് മനസ്സിൽ കാണാമായിരുന്നു. റോഡ് ക്രോസ് ചെയ്ത ശേഷം അദ്ദേഹം എന്നോട് ചോദിച്ചു.

"ഇവിടെ തൊട്ടടുത്ത് ഏതെങ്കിലും പാവപ്പെട്ടവനെ നിങ്ങൾ കാണുന്നുണ്ടോ?"

"അതെന്തിനാ... "

"ഇന്നെനിക്ക് കിട്ടിയ പണം കുറച്ച് അധികമുണ്ട്? അധികം പണം വന്നാൽ ഞാൻ പിന്നീട് അഹങ്കാരിയായിപ്പോകും, അതുകൊണ്ട് എനിക്ക് അത്രയും പണം വേണ്ട."

തനിക്ക് കിട്ടിയ 365 രൂപയിൽ നിന്ന് 100 രൂപ അദ്ദേഹം ബാങ്കിൽ മറ്റുള്ളവർക്ക് വേണ്ടി നിക്ഷേപിച്ചു. 200രൂപ അദ്ദേഹത്തിന്റെ ചിലവിന് വേണ്ടി അദ്ദേഹം മാറ്റി വെച്ചു. ബാക്കി വന്ന 65 രൂപ അദ്ദേഹം ഒരു യാചകന്റെ കയ്യിൽ ഏല്പിച്ചു. എത്ര പണം കിട്ടിയാലും ഇനിയും വേണമെന്ന് ചിന്തിക്കുന്ന ഞാൻ അതെല്ലാം കൗതുകത്തോടെ നോക്കി നിന്നു.

"നിങ്ങൾക്ക് ഞാനൊരു പ്രയാസമായോ? " അദ്ദേഹം എന്നോടായി ചിരിച്ചുകൊണ്ട് ചോദിച്ചു.

"ഇല്ല, നിങ്ങൾക്കിനി എവിടെപ്പോകണം? "

" ട്രാഫിക് ബ്ലോക്ക് വരെ എന്നെ ഒന്ന് സഹായിക്കണം. അവിടുന്ന് പിന്നെ ഞാൻ ഇടവഴികളിലൂടെ തനിയെ പോയ്കോളാം."

പോകുന്ന വഴിയിൽ അദ്ദേഹം തന്റെ ഊന്നു വടി കൊണ്ട് തപ്പി അവിടെയുള്ള കുണ്ടും കുഴികളും ഉയരങ്ങളും എല്ലാം അദ്ദേഹം മനസ്സിലാകുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ കടയിൽ നിന്നും അദ്ദേഹം ഒരു ചെറിയ ബിസ്കറ്റ് പാക്കറ്റ് വാങ്ങി. അങ്ങനെ ഞങ്ങൾ ഇടവഴി എത്തിയപ്പോഴേക്കും ഒരു തെരുവ് നായ വാലാട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു. നായയുടെ കുരച്ചിൽ കേട്ടതും അവൻ തന്റെ കയ്യിലുള്ള ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ച് നായക്ക് കൊടുത്തിട്ട് എന്നോടായി പറഞ്ഞു.

"ഇനി നിങ്ങൾ പോരണമെന്നില്ല. ഇനിയങ്ങോട്ട് ഇവൻ എനിക്ക് വഴി കാണിച്ചു തരും. നിങ്ങൾ ഇത്രയും നേരം സഹായിച്ചതിന് ഒരുപാട് നന്ദി.'

അദ്ദേഹത്തിന്റെ നന്ദി വാക്കുകൾ സ്വീകരിച്ച ഞാൻ അവിടെ തന്നെ നിന്ന് കൗതുകക്കാഴ്ച്ച നോക്കി നിന്നു.

അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ച  ഊന്നു വടിയുടെ മറ്റേ അറ്റം കടിച്ച് പിടിച്ചികൊണ്ട് അദ്ദേത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ അദ്ധേഹത്തിന് വഴി കാണിച്ച് കൊടുക്കുന്ന മിണ്ടാപ്രാണിയായ നായയെയും സഹജീവികളോട് ഇത്രയും കരുണ കാണിക്കുന്ന മഹാമനുഷ്യനെയും  ഞാൻ കൺമുമ്പിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

Comments