പഞ്ചസാര ഇട്ട ചായ
നിനയ്ക്കാത്ത
നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന്
മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ
കേൾക്കാൻ വിളിച്ചു പറഞ്ഞു.
“എടീ... അഞ്ചാറ്
കപ്പ് ചായ എടുത്തോ”
പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ
കഥകളിമുദ്രകാട്ടി അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ
അടുക്കളയിൽ ചെന്നു.
“അതേ... !!
ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത്
തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര
പോലുമില്ല. “
“അത് സാരമില്ല. നീ
മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം.”
കുറച്ചു കഴിഞ്ഞപ്പോൾ
ഭാര്യ ചായ കൊണ്ടു വെച്ചു.
ചായക്കപ്പ് ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ്
ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു.
“ഇതിൽ ഏതോ ഒരു കപ്പ്
ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ
ഞായറാഴ്ച നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ ഇതൊക്കെയല്ലേ ഒരു സന്തോഷം“
സന്തോഷത്തോടെ ചായ കുടികഴിഞ്ഞ് പിരിയാൻ
നേരവും മധുരമില്ലാത്ത ചായ കിട്ടിയ കാര്യം ആരും പറഞ്ഞില്ല. ഞാനൊട്ട് ചോദിക്കാനും
പോയില്ല. എങ്കിലും ഇറങ്ങാൻ നേരത്ത് കമ്മത്ത് ചേട്ടൻ മാത്രം പറഞ്ഞു.
"ഡയബറ്റിസ്
കാരണം ഞാൻ പഞ്ചസാരയിടാത്ത ചായയാണ് കുടിക്കാറുള്ളത്. ഒരുപാട് നാളുകൂടിയണ് ഇന്ന്
പഞ്ചസാര ഇട്ട ചായകുടിച്ചത്."
Comments
Post a Comment